തിരുവനന്തപുരം. പ്രളയസമയത്ത് കേരളത്തിന് വിദേശ സഹായത്തിന് അനുമതി നൽകാതിരുന്ന കേന്ദ്രസർക്കാർ, മഹാരാഷ്ട്രയ്ക്ക് വിദേശഫണ്ട് സ്വീകരിക്കാൻ അനുമതി നൽകിയതിൽ വിവാദം. കേന്ദ്രസർക്കാരിന് രാഷ്ട്രീയ വേർതിരിവെന്ന് കുറ്റപ്പെടുത്തി സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തി. സംസ്ഥാനങ്ങൾക്ക് കേന്ദ്രഫണ്ട് വിഹിതം വിഭജിക്കുമ്പോഴും ഈ വിവേചനം ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി പ്രതികരിച്ചു.കേന്ദ്രത്തിന്റെ തീരുമാനം സംസ്കാര ശൂന്യമെന്ന് എംഎ ബേബി പറഞ്ഞു.
കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം തുടരുന്നെന്ന സംസ്ഥാന സർക്കാർ വിമർശനത്തിന് പിന്നാലയാണ് പുതിയ തീരുമാനം വിവാദമാകുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദേശ സഹായ സ്വീകരിക്കാനാണ് മഹാരാഷ്ട്രയ്ക്ക് കേന്ദ്ര അനുമതി. ആദ്യമായാണ് എഫ്സിആർഐ ആക്ട് പ്രകാരം ഒരു സംസ്ഥാനത്തിന് അനുമതി ലഭിക്കുന്നത്. പ്രതിസന്ധി കാലങ്ങളിൽ കേരളം പലകുറി വിദേശ സഹായം സ്വീകരിക്കാൻ അനുമതി തേടിയെങ്കിലും കേന്ദ്രം തള്ളി. രണ്ട് സംസ്ഥാനങ്ങൾക്ക് രണ്ട് നീതിയെന്ന കേന്ദ്ര നിലപാടിൽ രൂക്ഷവിമർശനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ.
പ്രളയാനന്തര പുനർനിർമ്മാണത്തിന് യുഎഇ സർക്കാർ 700 കോടി രൂപയായിരുന്നു കേരളത്തിന് വാഗ്ദാനം ചെയ്തത്. കേന്ദ്രം അനുമതി നിഷേധിച്ചതോടെ പണം സ്വീകരിക്കാനായില്ല. കേരളത്തോടുള്ള അവഗണന സജീവ ചർച്ചയാക്കുകയാണ് സിപിഐഎം.