തിരുവനന്തപുരം.വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും . സംസ്ഥാന തല പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.
പുതിയ അധ്യായന വർഷം ആരംഭിക്കുമ്പോൾ വലിയ മാറ്റങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. പ്രവർത്തിസമയം വർധിപ്പിക്കുക , സിലബസിന് പുറമേയുള്ള വിഷയങ്ങൾ പഠിപ്പിക്കുക, സ്കൂളുകളിൽ പരാതിപ്പെട്ടി തുടങ്ങി നിരവധി മാറ്റങ്ങളോടെയായിരിക്കും തുടക്കം.മുൻ വർഷങ്ങളിൽ പരാതി ഉയർന്ന സാഹചര്യത്തിൽ പ്ലസ് വൺ സീറ്റ് അധികമാക്കും.മലപ്പുറത്തും അധിക സീറ്റുകൾ ഉണ്ടാകും
കാലവർഷക്കാലത്ത് അപകടങ്ങൾ മുന്നിൽകണ്ട് കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് നിർബന്ധമാക്കും. സ്കൂൾ ബസ്സുകൾക്കും ഫിറ്റ്നസ് നിർബന്ധം. സ്കൂൾ ബസ് ഡ്രൈവർമാരുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, മെഡിക്കൽ വെരിഫിക്കേഷൻ എന്നിവയും നിർബന്ധം.
നാളെ സ്കൂൾ തുറക്കുമ്പോൾ പ്രവർത്തിസമയവും കൂടും. അരമണിക്കൂർ വർധിച്ച് 9:45 മുതൽ 4:15 വരെയാണ് പ്രവർത്തി സമയം.44 ലക്ഷത്തിലധികം വിദ്യാർത്ഥികളെയാണ് പുതുതായി ഇത്തവണ സ്കൂളുകളിലേക്ക് പ്രതീക്ഷിക്കുന്നത്. ഒരു ലക്ഷത്തിലധികം അധ്യാപകരും ഉണ്ടാകും. പാഠപുസ്തകങ്ങൾക്കപ്പുറത്ത് സാമൂഹിക വിഷയങ്ങളും, വ്യക്തിത്വ വികസനത്തിനുള്ള ക്ലാസുകളുമായിരിക്കും വിദ്യാർത്ഥികൾക്ക് ആദ്യം നൽകുക.