ലഹരിയ്‌ക്കെതിരായ അവബോധം; നെയിം സ്ലിപ്പ് പുറത്തിറക്കുന്നതായി ആരോഗ്യ വകുപ്പ്

1866
Advertisement

ലഹരിയ്‌ക്കെതിരായ അവബോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നെയിം സ്ലിപ്പ് പുറത്തിറക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലഹരിയുടെ ദൂഷ്യ വശങ്ങളെപ്പറ്റി കുട്ടിക്കാലം മുതലേ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നെയിം സ്ലിപ്പ് തെരഞ്ഞെടുത്തത്. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് നെയിം സ്ലിപ്പ് വിതരണം ചെയ്യുന്നത്.
പ്രിയങ്കരരായ സിനിമാ താരങ്ങളുടേയും സ്‌പോര്‍ട്‌സ് താരങ്ങളുടേയും കാരിക്കേച്ചറില്‍ കുട്ടികള്‍ക്ക് മനസിലാകുന്ന തരത്തിലുള്ള ക്യാപ്ഷനുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദിവസം പലപ്രാവശ്യം ബുക്കുകള്‍ നോക്കുന്നതിലൂടെ ഇതിലെ സന്ദേശം പല പ്രാവശ്യം കുട്ടികളിലെത്തിക്കാനും സാധിക്കും. അതിലൂടെ പുതുതലമുറയില്‍ ലഹരിയ്‌ക്കെതിരായ അവബോധം വളര്‍ത്തിയെടുക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാര്‍ത്ഥികളിലൂടെ വീടുകളിലേക്ക് എഎംആര്‍ സാക്ഷരത എത്തിക്കുന്നതിന്റെ ഭാഗമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ആലപ്പുഴ ജില്ലയില്‍ എഎംആര്‍ അവബോധ നെയിം സ്ലിപ്പ് പുറത്തിറക്കിയിരുന്നു. കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരമായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ ഉള്‍പ്പെടെ ഉള്‍ക്കൊള്ളിച്ചാണ് നെയിം സ്ലിപ്പ് തയ്യാറാക്കിയത്. ഇതിന്റെ വിജയത്തെ തുടര്‍ന്നാണ് ലഹരിക്കെതിരായി അവബോധത്തിനായും നെയിം സ്ലിപ്പ് തെരഞ്ഞെടുത്തത്.
ലഹരിയ്‌ക്കെതിരെയും മരുന്നുകളുടെ അനാവശ്യ ഉപയോഗത്തിനെതിരേയും ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് ശക്തമായ നടപടികളാണ് സ്വീകരിച്ച് വരുന്നത്. അനബോളിക് സ്റ്റിറോയ്ഡുകള്‍ ഉള്‍പ്പെടെയുള്ള അനധികൃതമായ മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനും മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ മന്ത്രിയോട് കത്തിലൂടെയും നേരിട്ടും അഭ്യര്‍ത്ഥിച്ചിരുന്നു. ഓണ്‍ലൈന്‍ വഴിയുള്ള മരുന്നുകളുടെ വില്‍പനയ്ക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് അറിയിച്ചിട്ടുണ്ട്.

Advertisement