കാറ്ററിങ്ങ് സ്ഥാപനത്തിന്റെ മറവിലായിരുന്നു ലഹരി വില്‍പന..യുവതിയും യുവാവും പിടിയില്‍

Advertisement

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട. പാലക്കാട് കോങ്ങാട് ഒന്നര കിലോയോളം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍. മങ്കര സ്വദേശികളായ കെഎച്ച് സുനില്‍, കെഎസ് സരിത എന്നിവരാണ് പിടിയിലായത്. കാറ്ററിങ്ങ് സ്ഥാപനത്തിന്റെ മറവിലായിരുന്നു ലഹരി വില്‍പനയെന്ന് പൊലീസ് പറയുന്നു.
പാലക്കാടും തൃശൂരും ചില്ലറ വില്‍പനക്കായി ബംഗളൂരുവില്‍ നിന്ന് എത്തിച്ച എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയതെന്നാണ് വിവരം. കോങ്ങാട് ടൗണില്‍ നാല് വര്‍ഷമായി കാറ്ററിങ് സ്ഥാപനം നടത്തിയരുന്ന ഇരുവരും ബിസിനസിന്റെ മറവില്‍ ലഹരിക്കച്ചവടം നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന.
സഹപാഠികളാണ് സരിതയും സുനിലും. ഈ സൗഹൃദമാണ് ഇരുവരെയും പങ്കുകച്ചവടത്തില്‍ എത്തിച്ചത്. ബംഗളൂരുവില്‍ പോയി രാസലഹരി മൊത്തമായെടുക്കുന്ന രീതിയായിരുന്നു ഇവര്‍ തുടര്‍ന്നിരുന്നത് എന്നാണ് വിവരം. കഴിഞ്ഞ ദിവസം ഇരുവരും ബംഗളൂരുവിലേക്ക് തിരിച്ചിരുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഇന്ന് വൈകീട്ട് ഇരുവരും വാഹനത്തില്‍ തിരിച്ചെത്തിയതിന് പിന്നാലെ ആയിരുന്നു പൊലീസ് നടപടി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും കോടതിയില്‍ ഹാജരാക്കും.

Advertisement