കൊച്ചി.മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. പയ്യന്നൂർ സ്വദേശി അഭിജിത്ത് സമർപ്പിച്ച പുനപരിശോധന ഹർജിയാണ് തള്ളിയത്. മുഖ്യമന്ത്രിയെ കൊല്ലുമെന്ന ഭീഷണി സന്ദേശം ഗുരുതരമാണെന്ന് കോടതി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന 2021 മെയ് 2 ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് “ഞാൻ പിണറായി വിജയനെ കൊല്ലും” എന്ന് സന്ദേശം ലഭിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിവസംതന്നെ ഇങ്ങനെയൊരു സന്ദേശം അയച്ചത് ജനാധിപത്യത്തിനും ജനങ്ങൾക്കും എതിരായ നടപടിയെന്ന് കോടതി നീരീക്ഷിച്ചു. ഇങ്ങനെ സന്ദേശം അയക്കുന്നവർ പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണം. ഇത്തരം പ്രവൃത്തികളെ നിയമത്തിന്റെ “ഇരുമ്പ് കൈകളാൽ” നേരിടണമെന്നും കോടതി ഓർമിപ്പിച്ചു.