ബസ് കാത്തു നില്‍ക്കുമ്പോള്‍ ഇഷ്ടിക തലയില്‍ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

51
Advertisement

ബസ് കാത്തു നില്‍ക്കുമ്പോള്‍ ഇഷ്ടിക തലയില്‍ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. എറണാകുളം വടക്കേക്കര സ്വദേശിനി ആര്യാ ശ്യാംമോനാണ് (34)മരിച്ചത്. മുനമ്പത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് സമീപം നില്‍ക്കുമ്പോഴായിരുന്നു അപകടം.

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു മുനമ്പം മാണി ബസാറില്‍ മകള്‍ ശിവാത്മിക (6) യോടൊപ്പം ബസ് കാത്തുനില്‍ക്കുമ്പോള്‍ സമീപത്ത് നിര്‍മാണം നടക്കുന്ന മൂന്നു നില കെട്ടിടത്തിന്റെ മുകളില്‍നിന്നും സിമന്റ് ഇഷ്ടിക ആര്യയുടെ തലയില്‍ വീണത്. കെട്ടിടത്തില്‍ നിര്‍മാണം നടന്ന ഭാഗം മൂടാന്‍ ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റ് പറന്നു പോകാതിരിക്കാന്‍ ഉപയോഗിച്ചിരുന്ന സിമന്റ് ഇഷ്ടികയാണ് താഴേക്ക് വീണത് എന്നാണ് കരുതുന്നത്.

കാറ്റിലും മഴയിലും കെട്ടിടത്തിന്റെ മുകളില്‍ ഉണ്ടായിരുന്ന സിമന്റ് ഇഷ്ടിക തലയില്‍ വന്ന് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിക്കുകയായിരുന്നു. നിസാര പരുക്കേറ്റ ശിവാത്മികയെ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.

Advertisement