കേരളത്തില്‍ മഴ കനക്കുന്നു; നാല് ജില്ലകളില്‍ പ്രളയ സാദ്ധ്യതാ മുന്നറിയിപ്പ്, ജാഗ്രത നിര്‍ദേശം

195
Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ നദികള്‍ കരകവിഞ്ഞൊഴുകാൻ ഇടയുള്ളതിനാല്‍ പ്രളയ സാദ്ധ്യതാ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

പ്രളയ സാദ്ധ്യത കണക്കിലെടുത്ത് വിവിധ നദികള്‍ക്ക് ഓറഞ്ച് അലർട്ടുകള്‍ നല്‍കിയിട്ടുണ്ട്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാദ്ധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കണമെന്നാണ് നിർദേശം. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും നിർദേശമുണ്ട്.

പത്തനംതിട്ടയിലെ മണിമല നദിയില്‍ ഓറഞ്ചും, കോട്ടയം മീനച്ചില്‍, കോഴിക്കോട് കോരപ്പുഴ, പത്തനംതിട്ട അച്ചൻകോവില്‍, വയനാട് കബനി എന്നീ നദികളില്‍ മഞ്ഞ അലർട്ടും നിലനില്‍ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്.

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ പത്തനംതിട്ടയിലെ മണിമല നദിയിലെ തോണ്ടറ (വള്ളംകുളം) സ്റ്റേഷനില്‍ ഓറഞ്ച് അലർട്ടും കോട്ടയം ജില്ലയിലെ മീനച്ചില്‍ നദിയിലെ പേരൂർ സ്റ്റേഷൻ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം, കൊള്ളിക്കല്‍ എന്നീ സ്റ്റേഷനുകളിലും, പത്തനംതിട്ടയിലെ അച്ചൻകോവില്‍ നദിയിലെ കല്ലേലി, കോന്നി GD എന്നീ സ്റ്റേഷനുകളിലും, വയനാട് കബനി നദിയിലെ കാക്കവയല്‍ സ്റ്റേഷൻ എന്നിവിടങ്ങളില്‍ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement