മഴക്കാലത്ത് വീട് സുരക്ഷിതമായിരിക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ

9330
Advertisement

മഴക്കാലം എത്തിയാൽ പിന്നെ വീടും പരിസരവും വൃത്തിയാക്കാൻ മാത്രമേ സമയം ഉണ്ടാവുകയുള്ളു. മഴ ചൂടിന് ആശ്വാസം തരുമെങ്കിലും ഇത് പലതരം പ്രശ്നങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ മഴക്കാലത്ത് വീടിന് സംരക്ഷണം ഒരുക്കേണ്ടത് വളരെ പ്രധാനമാണ്. മഴക്കാലത്ത് വീടിനുള്ളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

വാട്ടർപ്രൂഫിങ് ഉണ്ടായിരിക്കണം

മഴ പെയ്യുമ്പോൾ വീടിനുള്ളിൽ ചോർച്ചയുണ്ടെങ്കിൽ ഇത് വീടിനകത്ത് വെള്ളം കയറാൻ കാരണമാകുന്നു. അതിനാൽ തന്നെ എന്തെങ്കിലും തരത്തിലുള്ള വിള്ളലുകളോ പൊട്ടലോ വീടിന് ഉണ്ടെങ്കിൽ മഴയെത്തും മുന്നേ പരിഹരിക്കണം. വാട്ടർപ്രൂഫിങ്ങിന് പെയിന്റ് അല്ലെങ്കിൽ സീലന്റ് ഉപയോഗിക്കാം. ഇത് വെള്ളം മൂലമുണ്ടാകുന്ന കേടുപാടുകളെ തടയുന്നു.

അടുക്കും ചിട്ടയും

മഴ സമയം ആകുമ്പോൾ വീടിനുള്ളിൽ ഈർപ്പം ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ശരിയായ രീതിയിലുള്ള വായു സഞ്ചാരം വീടിനുള്ളിൽ ഉണ്ടായിരിക്കണം. വസ്ത്രങ്ങളും സാധനങ്ങളും വീടിനുള്ളിൽ വാരിവലിച്ചിടാതെ അടുക്കും ചിട്ടയോടും സൂക്ഷിക്കാം. ഇത് വീട് എപ്പോഴും ഒതുക്കത്തോടെ ഇരിക്കാൻ സഹായിക്കുന്നു.

മാറ്റ് അല്ലെങ്കിൽ റഗ്ഗുകൾ

നല്ല ഗുണമേന്മയുള്ള മാറ്റുകൾ വാങ്ങി വാതിലിന്റെ മുൻഭാഗത്തായി ഇടാം. ഇത് പുറത്ത് നിന്നും അകത്തേക്ക് ചെളി ചവിട്ടി കയറ്റുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു. അല്ലെങ്കിൽ എളുപ്പത്തിൽ ഉണങ്ങുകയും വൃത്തിയാക്കാനും കഴിയുന്ന റഗ്ഗുകൾ ഉപയോഗിക്കാവുന്നതാണ്.

ചെടികൾ വളർത്താം

വീടിനകം കൂടുതൽ മനോഹരമാക്കാൻ ഭംഗിയുള്ള ഇൻഡോർ ചെടികൾ വളർത്താവുന്നതാണ്. വീടിനുള്ളിൽ പ്രകൃതി ഭംഗി നൽകുന്നതിനൊപ്പം വായുവിനെ ശുദ്ധീകരിക്കാനും ചെടികൾക്ക് സാധിക്കും. സ്‌നേക് പ്ലാന്റ്, സ്പൈഡർ പ്ലാന്റ്, പീസ് ലില്ലി തുടങ്ങിയ ചെടികൾ വീട്ടിൽ വളർത്തുന്നത് നല്ലതായിരിക്കും.

കീടങ്ങളെ നിയന്ത്രിക്കാം

മഴക്കാലമെത്തിയാൽ പിന്നെ കൊതുക്, പ്രാണികൾ, ഉറുമ്പ് തുടങ്ങിയ ജീവികളുടെ ശല്യം ഉണ്ടാകും. ഇവയെ അകറ്റാൻ വീട് എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. വീടിനുള്ളിൽ വിള്ളലുകൾ ഉണ്ടെങ്കിൽ അത് ശരിയാക്കാനും മറക്കരുത്. ആവശ്യമെങ്കിൽ വേപ്പെണ്ണ, ഇഞ്ചിപ്പുല്ല് എന്നിവ ഉപയോഗിക്കാവുന്നതാണ്.

വായു സഞ്ചാരം ഉണ്ടാകണം

മഴയെത്തിയാൽ പിന്നെ വാതിലുകളും ജനാലകളും എപ്പോഴും അടച്ചിടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഈ സമയത്ത് വീടിനുള്ളിൽ കൂടുതൽ വായു സഞ്ചാരം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് വീടിനുള്ളിൽ ഈർപ്പം തങ്ങി നിൽക്കുന്നത് ഒഴിവാക്കുന്നു.

ഇലക്ട്രിക് ഉപകരണങ്ങൾ

മഴക്കാലത്ത് വൈദ്യുതിയിൽ മാറ്റങ്ങൾ സംഭവിക്കുന്നത് സാധാരണമാണ്. ഈ സമയത്ത് വൈദ്യുതി ഉപകരണങ്ങൾ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഉപകരണങ്ങളുടെ സുരക്ഷക്ക് വേണ്ടി പവർ സർജ്ജ്, സ്റ്റെബിലൈസർ എന്നിവ സ്ഥാപിക്കുന്നത് നല്ലതായിരിക്കും. അതേസമയം ഇടിയും മിന്നലും ഉള്ള സമയങ്ങളിൽ വീട്ടുപകരണങ്ങൾ ഓഫ് ചെയ്തിടാൻ മറക്കരുത്.

Advertisement