‘പ്രമുഖ പാർട്ടിക്ക് സിറ്റിംഗ് സീറ്റിലേക്ക് ആളെ തെരയുന്നു’; നിലമ്പൂരിൽ സിപിഎമ്മിനെ പരിഹസിച്ച് യുഡിഎഫ് നേതാക്കൾ

305
Advertisement

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി പ്രഖ്യാപനം വെള്ളിയാഴ്ച വരെ നീളുന്നത് അവസരമാക്കി പരിഹാസ പോസ്റ്റുകളുമായി യുഡിഎഫ് നേതാക്കൾ. ബലിയാടിനെ തിരയുന്ന സിപിഎമ്മിന് എം സ്വരാജിനെ സ്ഥാനാർത്ഥിയാക്കാൻ ധൈര്യമുണ്ടോ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ വെല്ലുവിളിച്ചു. ആളെക്കിട്ടാതെ സിപിഎം അലയുന്നുവെന്നാണ് ട്രോൾ. പൈങ്കിളിയല്ലാതെ രാഷ്ട്രീയം പറയൂ എന്നാണ് സിപിഎമ്മിന്റെ മറുപടി.

യുഡിഎഫിന് നിലമ്പൂർ ഒരു ദിവസം കൊണ്ട് സ്ഥാനാർത്ഥിയായപ്പോൾ,സിറ്റിംഗ് സീറ്റിൽ സിപിഎമ്മിന് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ഒരാഴ്ച എടുക്കുകയാണ്. വെള്ളിയാഴ്ച ആളെയറിയാമെന്ന് സംസ്ഥാന സെക്രട്ടറി നേരത്തേ പറഞ്ഞു. തൃക്കാക്കരയും പുതുപ്പള്ളിയും പാലക്കാടും ചേലക്കരയും പോലെ നിലമ്പൂരിലും അതിവേഗം സ്ഥാനാർത്ഥിയെ അവതരിപ്പിച്ച യുഡിഎഫ്, ഇടതിനെ ട്രോളാൻ അവസരം കണ്ടു. പഴയ സാധനങ്ങൾ വിൽക്കാൻ വെക്കുന്ന ഒ എൽ എക്സ് (OLX) ആപ്പിൽ സിപിഎം ആളെ തിരയുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ അമ്പ്. ഒരു പടികൂടി കടന്ന് ആളെ തപ്പി അങ്ങാടിയിൽ നടക്കാതെ എം സ്വരാജിനെ മത്സരിപ്പിക്കാൻ ധൈര്യമുണ്ടോ എന്നാണ് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷന്റെ വെല്ലുവിളി. ബലിയാടിനെ തിരയുന്നെന്ന പരിഹാസം.

എതിർ പാളയത്തിലെ പടയ്ക്ക് കാത്തിരുന്നു വലയിട്ട പാലക്കാടൻ മോഡലിനെ ഉന്നമിട്ടാണ് രാഹുലിന്റെ വിമർശനം. മഴക്കാലം പി കെ അബ്ദുറബ്ബിന് ട്രോളാൻ സൗകര്യമായി. കാലാവസ്ഥ പ്രതികൂലമായതിനാൽ ഇടത് സ്ഥാനാർഥിക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നത്തേക്ക് നിർത്തിയെന്ന് അബ്ദുറബ്ബിന്റെ കുത്ത്. അതേസമയം, സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിലെ ആക്ഷേപത്തെ അവഗണിക്കുകയാണ് സിപിഎം. ജില്ലാ പഞ്ചായത്ത്‌ അംഗം ഷെറോണ റോയ് ഉൾപ്പെടെ മൂന്ന് പേരുകളാണ് സിപിഎം പരിഗണനയിലുള്ളത്. മുഖ്യമന്ത്രിയുടെ അഭിപ്രായം കൂടി അറിഞ്ഞാവും അന്തിമ തീരുമാനം. ബിജെപി ആരെ മത്സരിപ്പിക്കും എന്നതും അൻവറിന്റെ നിലപാടും പ്രതിഫലിക്കും.

Advertisement