2025 മെയ് 28 ബുധൻ
BREAKING NEWS
? സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
?വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്, കോഴിക്കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്.
? ഒഡീഷ തീരത്തോടു ചേര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടുകയും പടിഞ്ഞാറന്‍ കാറ്റ് കേരളത്തിനു മുകളില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയേറുകയും ചെയ്തതോടെ കേരളത്തിലെ അതിതീവ്ര മഴ 3 ദിവസം കൂടി തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
?ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
?കേരളീയം?
? ഉയര്‍ന്ന തിരമാല ജാഗ്രതയുമായി ബന്ധപ്പെട്ട് ഇന്ന് കേരള തീരത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 8.30 വരെ 3.5 മുതല്‍ 4.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
?സംസ്ഥാനത്ത് ഇന്നലെ മാസപ്പിറവി ദൃശ്യമായില്ല. കേരളത്തില്‍ ദുല്‍ഹിജ്ജ ഒന്ന് നാളെ ആയിരിക്കും. ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച ആയിരിക്കുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചു. അതേസമയം മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജൂണ്‍ 6-നായിരിക്കും ബലിപെരുന്നാള്‍.
? നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിവി അന്‍വറിനോട് മയപ്പെടേണ്ടെന്ന നിലപാടില്‍ യുഡിഎഫ്. യുഡിഎഫ് നേതൃയോഗത്തിലാണ് അഭിപ്രായം ഉയര്‍ന്നത്. അന്‍വറിന്റെ മത്സരിക്കുമെന്ന ഭീഷണി, വിലപേശല്‍ എന്ന വിലയിരുത്തലിലാണ് യുഡിഎഫ് ഉള്ളത്. യുഡിഎഫില്‍ നിന്ന് അനുകൂല നിലപാടില്ലാത്ത സാഹചര്യത്തില്‍ പിവി അന്‍വര്‍ അബ്ദുല്‍ വഹാബ് എംപിയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി.
? നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പിലെ സി പി എം സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. പ്രഖ്യാപനം വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷമാകുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
? പി വി അന്‍വര്‍ അടഞ്ഞ അധ്യായമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. അന്‍വര്‍ എല്‍ ഡി എഫില്‍ ഒരു കോളിളക്കവും സൃഷ്ടിച്ചിട്ടില്ലെന്നും ടി പി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
? നിലമ്പൂരില്‍ പി വി അന്‍വറിന്റെ ഭീഷണി തള്ളി യുഡിഎഫ്. നിലമ്പൂരില്‍ നിലപാട് വ്യക്തമാക്കേണ്ടത് അന്‍വറാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. യുഡിഎഫുമായി സഹകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് അന്‍വറാണ്.
? താന്‍ ഇപ്പോഴും യുഡിഎഫിന്റെ ഭാഗമല്ലെന്നും യുഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ച് ചോദിച്ചാല്‍ തന്റെ നിലപാട് പറയുമെന്നും പി.വി. അന്‍വര്‍. യുഡിഎഫ് ആകുന്ന ബസിനകത്തും കോണിപ്പടിയിലും പുറത്തും സഞ്ചരിക്കാന്‍ തയ്യാറാണ്. തീരുമാനം എടുക്കേണ്ടത് യുഡിഎഫ് നേതൃത്വമാണെന്നും പ്രതീക്ഷയുണ്ടെന്നും അന്‍വര്‍ പറഞ്ഞു.
? കൊല്ലം തീരത്ത് കണ്ടെയ്നറുകള്‍ അടിഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 41 കണ്ടെയ്നറുകളാണ് കൊല്ലം തീരത്ത് എത്തിയതെന്നും ഇവ പൂര്‍ണമായും മാറ്റാന്‍ അഞ്ച് ദിവസം എടുക്കുമെന്നും മന്ത്രി. ഭൂരിഭാഗം കണ്ടെയ്നറുകളും കാലിയാണ്.
? കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം എസ്. നസീബിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ഗവര്‍ണര്‍ റദ്ദാക്കി. കരാര്‍ നിയമന കാലാവധി കൂടി കണക്കിലെടുത്താണ് സിന്‍ഡിക്കേറ്റ് നസീബിന് അസോസിയേറ്റ് പ്രൊഫസര്‍ നിയമനം നല്‍കാന്‍ തീരുമാനിച്ചത്. നിയമനം നല്‍കിയത് സംബന്ധിച്ച് ഗവര്‍ണര്‍ യൂണിവേഴ്സിറ്റിക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് സിന്‍ഡിക്കേറ്റ് തള്ളികളഞ്ഞിരുന്നു.
? തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ കേസില്‍ പ്രതിയായ സുകാന്തിന്റെ മൊഴി പുറത്ത്. ദക്ഷിണേന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിലാണ് ഒളിവിലായിരുന്നപ്പോള്‍ കഴിഞ്ഞിരുന്നതെന്ന് പ്രതി സുകാന്ത് പൊലീസിന് മൊഴി നല്‍കി. ധര്‍മ്മസ്ഥല്‍, മാംഗ്ലൂര്‍, കൊല്ലൂര്‍, ഉഡുപ്പി, പോണ്ടിച്ചേരി എന്നിവടങ്ങളില്‍ കറങ്ങിനടന്നുവെന്നും ക്ഷേത്രങ്ങളില്‍ നിന്നും ഭക്ഷണം കഴിച്ചുവെന്നും സുകാന്തിന്റെ മൊഴിയിലുണ്ട്.
? വിപിന്‍ കുമാറിന്റെ പരാതിയില്‍ പൊലീസ് കേസ് എടുത്തതിന് പിന്നാലെ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. വിപിന്‍ കുമാറിനെ തന്റെ പേഴ്സണ്‍ മാനേജരായി ഇതുവരെ നിയമിച്ചിട്ടില്ലെന്നും ഒരിക്കലും ശാരീരകമായ ആക്രമണം നടന്നിട്ടില്ലെന്നും തികച്ചും അസത്യമായ ആരോപണങ്ങളാണ് തനിക്കെതിരെ വിപിന്‍ കുമാര്‍ ഉയര്‍ത്തിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
? മാനേജരെ മര്‍ദിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. എറണാകുളം ജില്ലാ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതിയാണെന്ന് ഉണ്ണി മുകുന്ദന്‍ ഹര്‍ജിയില്‍ പറയുന്നു.
? മലപ്പുറം വണ്ടൂര്‍ പുളിയാക്കോട് സ്വകാര്യ ബസിന് മുകളില്‍ മരം വീണ് അപകടം. ഇന്നലെ വൈകിട്ടാണ് അപകടം ഉണ്ടായത്. വഴിയരികിലെ ആല്‍മരമാണ് ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വീണത്. ബസിന്റെ ഒരു ഭാഗം ഏറെ കുറെ തകര്‍ന്ന നിലയിലാണ്. അപകടത്തില്‍ ഒരു യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.
? മാസപ്പടി കേസില്‍ എസ്എഫ്ഐഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി വീണ്ടും ദില്ലി ഹൈക്കോടതി മാറ്റി. ഹര്‍ജി ഈ മാസം 30ന് വീണ്ടും പരിഗണിക്കും.
? തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഫുള്‍ടൈം കാരാണ്മ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 70 വയസായി ഉയര്‍ത്തി. സര്‍ക്കാര്‍ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സുപ്രധാന നടപടി. വിരമിക്കല്‍ പ്രായം വര്‍ദ്ധിപ്പിക്കുകയെന്നത് ഫുള്‍ടൈം കാരാണ്മ ജീവനക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു.
?? ദേശീയം ??
? മംഗളൂരുവിന് അടുത്ത് ബണ്ട്വാളില്‍ ബൈക്കില്‍ എത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്നു. കൊലത്തമജലു സ്വദേശി അബ്ദുള്‍ റഹീം (42) ആണ് മരിച്ചത്. പ്രാദേശിക പള്ളിയുടെ സെക്രട്ടറിയും പിക്കപ്പ് ഡ്രൈവറും ആയിരുന്നു കൊല്ലപ്പെട്ട അബ്ദുള്‍ റഹീം. ഒരു മാസത്തിനിടയില്‍ മൂന്നാമത്തെ കൊലപാതകമാണ് മംഗളൂരുവില്‍ നടക്കുന്നത്.
? സ്വന്തം മാതൃഭാഷയെ മഹത്വപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ കമല്‍ഹാസന്‍ കന്നഡയെ അനാദരിച്ചുവെന്ന് കര്‍ണാടക ബിജെപി പ്രസിഡന്റ് ബി വൈ വിജയേന്ദ്ര. കന്നഡിഗരോട് നടന്‍ നിരുപാധികം മാപ്പ് പറയണമെന്നും ബി വൈ വിജയേന്ദ്ര. ‘തമിഴ് കന്നഡയ്ക്ക് ജന്മം നല്‍കി’ എന്ന നടന്‍ കമല്‍ഹാസന്റെ നിരീക്ഷണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
? ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥയായിരുന്ന അമന്‍ദീപ് കൗറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കൈവശം വച്ചതിന് ഏപ്രിലില്‍ ഇവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. അമന്‍ദീപ് കൗറിനെതിരെ അഴിമതി കേസും ഫയല്‍ ചെയ്തു.
? കൊവിഡ് -19 കേസുകളുടെ വര്‍ധനവിന്റെ പശ്ചാത്തലത്തില്‍, കര്‍ണാടക ആരോഗ്യ വകുപ്പ് സംസ്ഥാനത്തുടനീളം കൊവിഡ് -19 പരിശോധന നിര്‍ബന്ധമാക്കി പുതിയ മാര്‍?ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യയില്‍ പുതിയ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ, പൗരന്മാരോട് മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
?അടിയന്തരാവസ്ഥ
ക്കാലത്ത് ജയിലിലടക്കപ്പെട്ട രാഷ്ട്രീയ തടവുകാര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുകയും, അവരെ ആദരിക്കുകയും ചെയ്യുമെന്ന് ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത. 1984-ലെ സിഖ് വിരുദ്ധ കലാപത്തിലെ ഇരകളുടെ കുടുംബത്തിന് നിയമനക്കത്തുകള്‍ വിതരണം ചെയ്യുന്നതിനായി ദില്ലി സെക്രട്ടേറിയറ്റില്‍ നടന്ന പരിപാടിയിലാണ് ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ പുതിയ പ്രഖ്യാപനം.
??അന്തർദേശീയം??
? ഇന്ത്യന്‍ രൂപയെ ആഗോള തലത്തില്‍ കൂടുതല്‍ സ്വീകാര്യമാക്കുന്നതിനുള്ള വലിയൊരു ചുവടുവെപ്പുമായി റിസര്‍വ് ബാങ്ക് . വിദേശ രാജ്യങ്ങളിലെ വായ്പക്കാര്‍ക്ക് ഇന്ത്യന്‍ രൂപയില്‍ വായ്പ നല്‍കാന്‍ ബാങ്കുകളെ അനുവദിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ് റിസര്‍വ് ബാങ്ക്.
? നിയമലംഘകര്‍ക്ക് അവരുടെ സ്റ്റാറ്റസ് ക്രമീകരിക്കാനോ അല്ലെങ്കില്‍ കുടുംബങ്ങളെ അവരുടെ മാതൃരാജ്യങ്ങളിലേക്ക് തിരികെ അയക്കാനോ ഒരു മാസത്തെ സാവകാശം അനുവദിച്ച് കുവൈത്ത് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്. വിസ ലഭിക്കാനായി തുടക്കത്തില്‍ 800 കുവൈത്തി ദിനാര്‍ ശമ്പള വ്യവസ്ഥ പാലിക്കുകയും ഭാര്യക്കും കുട്ടികള്‍ക്കും കുടുംബ വിസ നേടുകയും ചെയ്ത ശേഷം കുറഞ്ഞ ശമ്പളത്തിലേക്ക് മാറിയ പ്രവാസികള്‍ക്കാണ് ഈ മുന്നറിയിപ്പ്.
? കൂട്ട നാടുകടത്തലുകള്‍ക്ക് ഇടയില്‍ ഇന്ത്യക്കാരടക്കം വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ് ഭരണകൂടം. ക്ലാസുകള്‍ ഒഴിവാക്കുകയോ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയോ ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് വിദേശ വിദ്യാര്‍ത്ഥികള്‍ക്കും വിസ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും ഭാവിയില്‍ യുഎസ് വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിഞ്ഞേക്കില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
? മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലുതും കരുത്തുറ്റതും ഭാരമേറിയതും ഭാരം വഹിക്കുന്നതുമായ സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്റെ ഒമ്പതാം പരീക്ഷണ വിക്ഷേപണം ഇന്ന്. മെയ് 28ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം രാവിലെ അഞ്ച് മണിക്ക് സൗത്ത് ടെക്‌സസിലെ ബോക്കാ ചിക്കയിലുള്ള സ്റ്റാര്‍ബേസില്‍ നിന്നാണ് സ്റ്റാര്‍ഷിപ്പ് വിക്ഷേപിക്കുക.
? ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്‌ക്കെതിരേ വീണ്ടും ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. സര്‍വകലാശാലയുമായുള്ള പത്ത് കോടി ഡോളറിന്റെ കരാറുകള്‍ റദ്ദാക്കാന്‍, സര്‍ക്കാര്‍ ഫെഡറല്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി. മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
?കായികം?
?ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 228 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. എട്ട് പന്തുകള്‍ ശേഷിക്കേ ഏഴ് വിക്കറ്റിനായിരുന്നു ബാംഗ്ലൂരുവിന്റെ വിജയം.
? ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്നൗ 61 പന്തില്‍ 118 റണ്‍സെടുത്ത റിഷഭ് പന്തിന്റേയും 37 പന്തില്‍ 67 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിന്റേയും മികവില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു.










