തലസ്ഥാനത്തെ മൂന്ന് കുപ്രസിദ്ധ ഗുണ്ടകൾക്കെതിരെ നടപടി; കാപ്പ നിയമ പ്രകാരം നാടുകടത്തി

288
Advertisement

തിരുവനന്തപുരം: തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ നിയമ പ്രകാരം നാട് കടത്തി. തിരുവനതപുരം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലുമായി കൊലപാതക ശ്രമം, സ്ഫോടക വസ്തുക്കൾ, ആയുധം ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുള്ള കേസുകൾ, ഭവന ഭേദനം, പോക്‌സോ ആക്ട് , എസ്‌സി-എസ്ടി ആക്ട് തുടങ്ങിയ കേസുകളിലെ പ്രതികളെയാണ് നാടുകടത്തിയത്.

ആറ്റിപ്ര പളളിത്തുറ സ്വദേശി ജോജോ എന്ന ബിനോയ് ആൽബർട്ട് (33), ആറ്റിപ്ര കരിമണൽ കാളമുക്കൻപാറ സ്വദേശി ഷിജു (30) എന്ന മുടിയൻ ഷിജു, തിരുവല്ലം മേനിലം കീഴേ പാലറക്കുന്ന് വീട്ടിൽ ആട് സജി എന്ന അജി കുമാർ (38 ) നെ എന്നിവരെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്.

അജി കുമാർ മുപ്പതോളം കേസുകളിൽ പ്രതിയും പിടികിട്ടാപ്പുള്ളിയുമായിരുന്നു.മുടിയൻ ഷിജു എന്നുവിളിക്കുന്ന ഷിജു തിരുവനന്തപുരം ജില്ലയിലെ പ്രധാന ഗുണ്ടാ നേതാവായ എയർപോർട്ട് ഡാനിയുടെ സഹചാരിയാണ് , കൂടാതെ 2023 -ൽ യുവാവിനെ കൊണ്ട് കാലുപിടിപ്പിച്ച കേസിലെയും, കോട്ടയം എറണാകുളം ജില്ലകളിൽ എൻഡിപിഎസ് കേസുകളിലേയും പ്രതിയാണ്. ബിനോയ് ആൽബർട്ട് ബാലാരാമപുരം, വിഴിഞ്ഞം, തുമ്പ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ നാല് കൊലപാതക ശ്രമ കേസുകളിൽ പ്രതിയാണ് .

Advertisement