തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വച്ച് ഛർദി അനുഭവപ്പെട്ട വിദ്യാർത്ഥിനിയെ രാത്രി ഏഴ് മണിക്ക് വഴിയിൽ ഇറക്കിവിട്ടതായി പരാതി. കോലിയക്കോട് സ്വദേശിനിയായ നഴ്സിംഗ് വിദ്യാർത്ഥി നിഖിലയ്ക്കാണ് ദുരനുഭവം. വൈകുന്നേരം ആറരയോടെ വേൾഡ് മാർക്കറ്റിന് മുന്നിൽ നിന്നും കോലിയക്കോടേയ്ക്ക് ബസ് കയറിയതാണ് നിഖില. കഴക്കൂട്ടം കഴിഞ്ഞപ്പോഴാണ് നിഖിലയ്ക്ക് ഛർദ്ദി ആരംഭിച്ചത്. ബസ് വെട്ടുറോഡ് എത്തിയപ്പോഴേക്കും ബസ്സിനുള്ളിൽ ഛർദ്ദിക്കാൻ പറ്റില്ല എന്ന് കണ്ടക്ടർ പറഞ്ഞു.
തുടർന്ന് ബസ് നിർത്തി വിദ്യാർഥിനിയെ ഇറക്കിയ ശേഷം ബസ് വിട്ടു പോയി. വെഞ്ഞാറമൂട് ഡിപ്പോയിലെ ബസാണ് ഇത്തരത്തിൽ യുവതിയോട് പെരുമാറിയത്. കൈവശം പണമില്ലാത്തതിനെ തുടർന്ന് പെൺകുട്ടി വിവരം വീട്ടിൽ വിളിച്ചറിയിച്ചു. തുടർന്ന് സമീപത്തെ കടയിലേക്ക് ഗൂഗിൾ പേ ചെയ്ത് പണം പണം വാങ്ങിയാണ് പെൺകുട്ടി യാത്ര തുടർന്നത്. വെട്ടുറോഡ് നിന്നും പോത്തൻകോട് സ്വകാര്യ വാഹനത്തിൽ എത്തി അവിടെ നിന്നും ബസിൽ കോലിയക്കോടുള്ള വീട്ടിലെത്തിയപ്പോഴേക്കും രാത്രി എട്ടര കഴിഞ്ഞു. കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയതായി പെൺകുട്ടി അറിയിച്ചു.






































