മാനന്തവാടി: ഞായറാഴ്ച തിരുനെല്ലിയിൽ കൊല്ലപ്പെട്ട യുവതിയുടെ ഒൻപതുവയസ്സുള്ള മകളെയും കൊലപാതകശേഷം കാണാതായ യുവാവിനെയും കണ്ടെത്തി. അപ്പപ്പാറ വാകേരിയിൽ കൊല്ലപ്പെട്ട പ്രവീണയുടെ മകൾ, കൊലപാതകത്തിനു ശേഷം കാണാതായ ദിലീഷ് എന്നിവരെയാണ് തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്. കൊലപാതകമുണ്ടായ സ്ഥലത്തിനു സമീപം വനമേഖലയിൽ നിന്നാണ് കുട്ടിയുമൊത്ത് യുവാവിനെ കണ്ടെത്തിയത്. കുട്ടിയെ തിരുനെല്ലി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കുട്ടിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റും.
എടയൂര്‍ക്കുന്ന് സ്വദേശി പ്രവീണയാണ് (34) ഞായറാഴ്ച ഇവർ വാടകയ്ക്കു താമസിച്ചുവന്ന വാകേരി അപ്പപ്പാറയിലെ വീട്ടിൽ വെട്ടേറ്റു മരിച്ചത്. ഇവർക്കൊപ്പം താമസിച്ചു വന്ന പിലാക്കാവ് ദിലീഷ് എന്ന യുവാവാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ഭർത്താവുമായി അകന്നുകഴിയുന്ന പ്രവീണ ദിലീഷിനൊപ്പം താമസിച്ചുവരികയായിരുന്നുവെന്നാണ് വിവരം. പ്രവീണയുടെ പതിനാലു വയസ്സുളള മൂത്ത മകളെ കഴുത്തിനും ചെവിക്കും പരുക്കേറ്റ് നിലയിൽ ഞായറാഴ്ച രാത്രി വയനാട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഈ കുട്ടിയുടെ മൊഴി ആശുപത്രിയിലെത്തി പൊലീസ് രേഖപ്പെടുത്തി. ഈ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി തിങ്കളാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഞായറാഴ്ച വൈകിട്ട് വീട്ടിലെത്തിയ ദിലീഷ് ഏഴുമണിയോടെ ആയുധം ഉപയോഗിച്ച് പ്രവീണയെ ആക്രമിച്ചതായാണ് വിവരം. വീട്ടിൽ നിന്നിറങ്ങി ഓടിയ മൂത്ത മകൾ പരിസരവാസികളെ അറിയിച്ചതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. ഇളയകുട്ടിക്കായി നാട്ടുകാർ പരിസരത്ത് രാത്രി തന്നെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
വന്യജീവി ശല്യമുള്ള എസ്റ്റേറ്റ് മേഖലയിലെ ഒറ്റപ്പെട്ട സ്ഥലത്തുളള വീട്ടിൽ നിന്നാണ് കുട്ടിയെ കാണാതായത് ഏറെ ആശങ്ക ഉയർത്തിയിരുന്നു. വന്യമൃഗങ്ങൾ ഏറെയുള്ള പ്രദേശത്ത് പ്രതികൂല കാലാവസ്ഥയും തെരച്ചിലിന് വെല്ലുവിളിയുയർത്തി. ഫയർഫോഴ്സും പൊലീസും വനംവകുപ്പും സംയുക്തമായാണ് തെരച്ചിലിൽ ഏർപ്പെട്ടത്. അന്വേഷണത്തിന്റെ ഭാഗമായി ഫൊറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. ഡിവൈഎസ്പി വി.കെ.വിശ്വനാഥൻ തിരുനെല്ലി ഇൻസ്പെക്ടർ ലാൽ സി ബേബി, എസ്ഐമാരായ എം.ഡി.ജേക്കബ്, അഗസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നൽകി.