കനത്ത മഴ; തൃശൂരിൽ റെയിൽവെ ട്രാക്കിൽ മരം വീണ് ഗതാഗത തടസം, എറണാകുളത്ത് കാര്‍ തലകീഴായി മറിഞ്ഞു

491
Advertisement

എറണാകുളം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വിവിധയിടങ്ങളിൽ അപകടവും വ്യാപക നാശവും. തൃശൂർ-ഗുരുവായൂർ റൂട്ടിൽ റെയിൽവേ ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തൃശൂര്‍ അമല പരിസരത്ത് ആണ് സംഭവം. റെയിൽവേ ട്രാക്കിൽ ഇലക്ട്രിക് ലൈനിലേക്ക് ആണ് മരം വീണത്. മരം നീക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. തൃശൂര്‍-ഗുരുവായൂര്‍ റെയില്‍വെ പാതയിലെ ട്രെയിൻ ഗതാഗതമാണ് തടസ്സപ്പെട്ടത്.

എറണാകുളത്ത് കാർ തല കീഴായ് മറിഞ്ഞു. കളമശ്ശേരി അപ്പോളോ ജംഗ് ഷന് സമീപത്തെ മേൽപ്പാലത്തിൽ ഇന്ന് പുലർച്ചെ 5:15 ഓടുകൂടിയാണ് അപകടമുണ്ടായത്. അപകടത്തിൽ വാഹനം ഓടിച്ചിരുന്ന കോട്ടയം സ്വദേശി ജയിംസിന് പരുക്കേറ്റു. ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന് മുന്നിൽ ഉണ്ടായിരുന്ന വാഹനം വെള്ളക്കെട്ട് കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു. പിന്നാലെ കാറിൽ വന്നിരുന്ന ജെയിംസ് കാർ പെട്ടെന്ന് വെട്ടിച്ചതോടെ കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിന്‍റെ സൈഡിൽ ഇടിച്ച് മറിയുകയായിരുന്നു.

മൂവാറ്റുപ്പുഴ വടക്കെകടവിൽ ഒരാളെ ഒഴുക്കിൽപെട്ട് കാണാതായി. വള്ളിക്കട സ്വദേശി ജോബിനെ (42)ആണ് ഇന്നലെ രാത്രി കാണാതായത്. ജോബിനെ കണ്ടെത്താൻ തെരച്ചിൽ ആരംഭിച്ചു. കണ്ണൂരിൽ മലയോരത്ത് കനത്ത മഴ തുടരുകയാണ്. കണ്ണൂരിലെ കുപ്പം പുഴ മണിക്കടവ്,ചപ്പാത്ത്, വയത്തൂർ എന്നീ പാലങ്ങൾ മുങ്ങി. മലയോര ഹൈവേയുടെ നിർമ്മാണത്തിനായി അങ്ങാടി കടവിൽ താൽക്കാലികമായി ഉണ്ടാക്കിയ പാലവും മുങ്ങി. കണ്ണൂരിലെ കുപ്പം പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. സമീപത്തെ കടകളിൽ വെള്ളം കയറി.

വയനാട് മുത്തങ്ങ മന്മഥമൂല റോഡിൽ വെള്ളം കയറി. കല്ലൂർപുഴ കരകവിഞ്ഞാണ് ഇവിടേക്ക് വെള്ളം കയറിയത്. മൻമഥമൂല, ആലത്തൂർ, അത്തിക്കുനി, കല്ലു മുക്ക് ഉന്നതി, ചിറമൂല, ചുണ്ടക്കുനി ഉന്നതി പ്രദേശങ്ങൾ ഒറ്റപ്പെട്ടു. മുട്ടിൽ പഞ്ചായത്ത് നാല് സെന്‍റ് കോളനിയിലെ ആളുകളെ പനംകണ്ടി സ്കൂളിലേക്ക് മാറ്റിപാര്‍പ്പിക്കുകയാണ്.

കോഴിക്കോട് ബാലുശേരി കോട്ട നടപ്പുഴയിൽ വെള്ളം കയറി തുടങ്ങി. കൊടിയത്തൂർ കാരാട്ട് പ്രദേശത്ത് റോഡിൽ വെള്ളക്കെട്ടുണ്ടായി. കനത്ത മഴയിൽ മണ്ണിടിഞ്ഞു. മലയോര ഹൈവേ നിർമ്മാണം നടക്കുന്ന ഏകരൂൽ – കക്കയം റോഡിൽ 26ാം മൈലിൽ മണ്ണിടിഞ്ഞു.

പരീക്ഷ മാറ്റിവെച്ചു

കനത്ത മഴയുടെ സാഹചര്യത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല തിങ്കളാഴ്ച (മെയ് 26) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

പാലക്കാട് കാണാതായ യുവാവിനെയായി തെരച്ചിൽ

പാലക്കാട് മണ്ണാ൪ക്കാട് കുമരംപുത്തൂ൪ കുരുത്തിച്ചാലിൽ കാണാതായ യുവാവിനായുള്ള തെരച്ചിൽ വീണ്ടും ആരംഭിച്ചു. അഗ്നിരക്ഷാ സേനയ്ക്കൊപ്പം പ്രത്യേക പരിശീലനം ലഭിച്ച മുങ്ങൽ വിദഗ്ധരും തിരച്ചിലിന്‍റെ ഭാഗമാകും. മണ്ണാ൪ക്കാട് പൊലിസിന്‍റെ മേൽനോട്ടത്തിൽ പാലക്കാട് നിന്നുൾപ്പെടെ കൂടുതൽ അഗ്നിരക്ഷാ സേനാംഗങ്ങളെ എത്തിച്ചാണ് തെരച്ചിൽ നടത്തുന്നത്. ഷൊർണ്ണൂർ കൈലിയാട് കൂരിയാട്ട് പറമ്പിൽ മുബിൻ മുരളിയെയാണ് ഒഴുക്കിൽ പെട്ട് കാണാതായത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ മുബിനും കൂട്ടുകാരും അടങ്ങുന്ന 15 അംഗ സംഘം പ്രദേശത്തെത്തിയത്. പുഴയിലേക്കിറങ്ങിയ മുബിൻ കാൽ വഴുതി വീഴുകയായിരുന്നു. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ പുഴയിൽ കുത്തൊഴുക്ക് ശക്തമാണ്. പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴയാണ്. സുരക്ഷാ സംവിധാനങ്ങളേതുമില്ലാത്ത കുരുത്തിച്ചാലിൽ ഇതിനോടകം 13 പേരുടെ ജീവനാണ് പൊലിഞ്ഞത്. അതേസമയം ജില്ലയിലെ പുഴകൾ, വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ച് കളക്ട൪ ഉത്തരവിറക്കി.

Advertisement