കോസ്റ്റ് ഗാര്‍ഡും നാവിക സേനയും നടത്തിയത് ജാഗ്രതയോടെയുള്ള ഇടപെടല്‍

709
Advertisement

കൊച്ചിയില്‍ കപ്പല്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ദ്രുതഗതിയില്‍ ജാഗ്രതയോടെയുള്ള ഇടപെടലാണ് കോസ്റ്റ് ഗാര്‍ഡും നാവിക സേനയും നടത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനെത്തണമെന്ന് അഭ്യര്‍ഥിച്ചുള്ള സന്ദേശം എത്തിയ ഉടന്‍ സംഭവ സ്ഥലത്തേക്ക് ഇരു സേനാ വിഭാഗവും കുതിച്ചെത്തി. കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ (70.376 കിലോമീറ്റര്‍)യാണ് അപകടം നടന്നത്. ഉടന്‍ പറന്നെത്തിയ കോസ്റ്റ്ഗാര്‍ഡിന്റെ ചെറു ഡോണിയര്‍ വിമാനങ്ങള്‍ നിരീക്ഷണപറക്കല്‍ നടത്തി.
ഇതിനിടെ ഒന്‍പത് ജീവനക്കാര്‍ കടലില്‍ ചാടിയതായി സ്ഥിരീകരിച്ച് അവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു. കോസ്റ്റ് ഗാര്‍ഡ്, നാവിക സേന കപ്പലുകള്‍, ബോട്ടുകള്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വൈകീട്ട് ആറരയോടെ 21 പേരുടെ ജീവന്‍ സുരക്ഷിതമാക്കി. ബാക്കിയുള്ള മൂന്നുപേര്‍ ഉള്‍പ്പെടെ എല്ലാവരും സുരക്ഷിതരാണെന്ന വിവരം ഏഴ് മണിയോടെ പുറത്തുവന്നു. കൊച്ചിയിലെത്തിയ ശേഷം തൂത്തുക്കുടിയിലേക്ക് പുറപ്പെടേണ്ടതായിരുന്നു കപ്പല്‍.
ഡോണിയര്‍ വിമാനത്തില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങളിലൂടെയാണ് അപകടത്തിന്റെ വ്യാപ്തി പുറംലോകമറിഞ്ഞത്. കണ്ടെയ്‌നറുകള്‍ കടലില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു. കപ്പലിന്റെ ഒരുഭാഗം കടലിലേക്ക് താഴ്ന്ന നിലയിലുമാണ് പുറത്തുവന്ന ദൃശ്യങ്ങളിലുണ്ടായിരുന്നത്. ജീവനക്കാരെ സുരക്ഷിതരാക്കിയതോടെ കപ്പല്‍ ഉയര്‍ത്തുകയെന്നതാണ് അടുത്ത പ്രധാന ദൗത്യം. സള്‍ഫര്‍ ഉള്‍പ്പെടുന്ന കണ്ടെയ്‌നറിലെ പദാര്‍ഥങ്ങള്‍ പൊതുജനങ്ങള്‍ക്കും കടലിനും അപകടം വരുത്താതിരിക്കാനുള്ള ജാഗ്രത അധികൃതര്‍ തുടരുകയാണ്.

Advertisement