തിരുവനന്തപുരം: ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച് ശ്രദ്ധ നേടിയ ഇടുക്കി അടിമാലി സ്വദേശി മറിയക്കുട്ടി ബിജെപിയിൽ ചേർന്നതിൽ പരിഹാസവുമായി കെപിസിസി പ്രസിഡൻറ് അഡ്വ. സണ്ണി ജോസഫ്. വീടില്ലാത്ത ഒരാൾക്ക് പാർട്ടി ഒരു വീട് വെച്ച് നൽകി. ആ വീട്ടിലെ കിണറ്റിൽ ഒരു പൂച്ച വീണു. ആ പൂച്ചയെ എടുക്കാൻ വേറൊരു പാർട്ടി വന്നു. ഒടുവിൽ വീട്ടുടമ ആ പാർട്ടിയിൽ ചേർന്നപോലെയാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് സണ്ണി ജോസഫ് പരിഹസിച്ചു. വീടില്ലാത്ത എല്ലാവർക്കും വീട് വേണമെന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും സണ്ണി ജോസഫ് പറഞ്ഞു. മറിയക്കുട്ടിക്ക് കോൺഗ്രസ് വീട് വെച്ച് നൽകിയിരുന്നു.
എന്നാൽ കോൺഗ്രസുകാർ പോയി പള്ളിയിൽ പറഞ്ഞാ മതി അവരുടെ എതിർപ്പെന്നായിരുന്നു മറിയക്കുട്ടിയുടെ പ്രതികരണം. ഞാൻ എനിക്ക് ഇഷ്ടമുള്ളിടത്ത് പോകും, ഇവരുടെ കയ്യിലിരിപ്പ് കൊണ്ടാണ് കേരളത്തിൽ ഭരണം കൈവിട്ട് പോയതെന്നും മറിയക്കുട്ടി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മറിയക്കുട്ടി ബിജെപി അംഗത്വം സ്വീകരിച്ചത്. തൊടുപുഴയിൽ നടന്ന പരിപാടിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മറിയക്കുട്ടിയെ സ്വീകരിച്ചു. ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് മറിയക്കുട്ടി പരസ്യമായി ഭിക്ഷയെടുത്ത് പ്രതിഷേധിച്ചത് വലിയ വാർത്തയായിരുന്നു. ഇതിനെ പിന്തുണച്ച് കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. തുടർന്നാണ് കെപിസിസി ഇവർക്ക് വീട് നിർമിച്ചു നൽകിയത്.
ബിജെപിയിൽ പോയത് കോൺഗ്രസ് നേതാക്കളുടെ അവഗണന മൂലമെന്നാണ് മറിയക്കുട്ടി പറഞ്ഞത്. നാളിതുവരെയായും ഒരു കോൺഗ്രസുകാരനും തൻറെ കാര്യങ്ങൾ അന്വേഷിച്ചിട്ടില്ല. വീടുവച്ചു തന്നത് കൊണ്ട് മാത്രം ഉത്തരവാദിത്വമാകുന്നില്ല. വീടിൻറെ പണി മുടങ്ങിയപ്പോൾ ഓഫീസിൽ ചെന്നു, അന്ന് എന്നെ ഇറക്കി വിട്ടു. നേതാക്കൾ പൊതു ജനത്തെ കാണിക്കാൻ ഒരു ദിവസം വന്നു, പിന്നെ ആരും തിരിഞ്ഞ് നോക്കിയില്ലെന്നും മറിയക്കുട്ടി പറഞ്ഞു.
കെപിസിസി അല്ല, ജനപ്രതിനിധികളാണ് തനിക്ക് വീട് നിർമ്മിച്ച് നൽകിയതെന്നും പ്രാദേശിക കോൺഗ്രസ് നേതാക്കൾ പോലും അവഗണിക്കുന്നുവെന്നും മറിയക്കുട്ടി പ്രതികരിച്ചു. സുരേഷ് ഗോപി ഇപ്പോഴും തനിക്ക് സഹായം തരുന്നുണ്ട്. സിപിഎം പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഭീഷണി ഉണ്ടായപ്പോൾ പോലും കോൺഗ്രസ് തിരിഞ്ഞു നോക്കിയില്ലെന്നും ബിജെപിയിൽ ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും മറിയക്കുട്ടി ഇന്നലെ പറഞ്ഞിരുന്നു.