തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാളാശംസകൾ നേർന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. പിറന്നാൾ ദിനത്തിൽ ക്ലിഫ് ഹൗസിലെത്തിയാണ് മുഖ്യമന്ത്രിക്ക് ആശംസ ഗവർണർ ആശംസ നേർന്നത് നേർന്നത്. രാവിലെ പത്തുമണിയോടെയാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ ക്ലിഫ് ഹൗസിലെത്തിയത്. ആശംസ നേർന്ന ഗവർണർ, മുഖ്യമന്ത്രിയെ പൊന്നാടയും അണിയിച്ചു. പതിനഞ്ച് മിനുട്ടോളം ക്ലിഫ് ഹൗസിൽ ചെലവഴിച്ച ശേഷമാണ് രാജേന്ദ്ര ആർലേക്കർ മടങ്ങിയത്.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ മുഖ്യമന്ത്രിക്ക് 80 -ാം പിറന്നാൾ ദിനത്തിൽ ആശംസയുമായി രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് മോദി പിണറായിക്ക് ജന്മദിനാശാംസകൾ നേർന്നത്. ‘കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ. അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ’- എന്നാണ് മോദി എക്സിൽ കുറിച്ചത്.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പിണറായി വിജയന് പിറന്നാളാശംസകൾ നേർന്നു. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, പ്രിയ സഖാ പിണറായി വിജയന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നുവെന്നാണ് സ്റ്റാലിൻ ഫേസ്ബുക്കിൽ കുറിച്ചത്. പുരോഗമനപരമായ ഭരണത്തോടുള്ള താങ്കളുടെ സമർപ്പണവും ഫെഡറലിസത്തോടും മതേതരത്വത്തിനോടുമുള്ള നമ്മുടെ പ്രതിബദ്ധതയും തമിഴ്‌നാടും കേരളവും തമ്മിലുള്ള ബന്ധത്തെ ശക്തമാക്കുന്നു. ഇരു സംസ്ഥാനങ്ങൾ ഒരുമിച്ച് നിൽക്കുകയും സാംസ്കാരിക ബന്ധങ്ങളും പൊതു താല്‍പര്യങ്ങളും ആഘോഷിക്കപ്പെടുകയും ചെയ്യട്ടെയെന്നും സ്റ്റാലിൻ കുറിച്ചു. പിണറായിക്ക് എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും സന്തോഷവും നേരുന്നുവെന്നും തമിഴ്നാട് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഔദ്യോഗിക രേഖകൾ പ്രകാരം 1945 മാർച്ച് 21നാണ് പിണറായി വിജയന്‍റെ പിറന്നാൾ. എന്നാൽ യഥാർത്ഥ ജന്മദിനം 1945 മെയ് 24 എന്ന് പിണറായി വിജയൻ തന്നെയായിരുന്നു അറിയിച്ചത്. 2016 ൽ ഒന്നാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിൻ്റെ തലേ ദിവസമായിരുന്നു പിറന്നാൾ ദിനത്തിലെ സസ്പെൻസ് മുഖ്യമന്ത്രി അവസാനിപ്പിച്ചത്.
മുഖ്യമന്ത്രിക്കസേരയിലേക്ക് ആദ്യമായി ഇരിക്കും മുമ്പായിരുന്നു പിറന്നാൾ ദിനം പിണറായി ആദ്യമായി വെളിപ്പെടുത്തിയത്. മധുരം വിളമ്പിത്തുടങ്ങിയ ഭരണം പത്താംവർഷത്തിലേക്ക് കടക്കുന്നു. 80 -ാം പിറന്നാളിലും പിണറായിക്ക് ആഘോഷങ്ങളൊന്നുമില്ല. അടുപ്പിച്ചടുപ്പിച്ചുള്ള സർക്കാറിൻറെ വാർഷികാഘോഷവും മുഖ്യമന്ത്രിയുടെ പിറന്നാളും അണികൾക്ക് നൽകുന്നത് ഇരട്ടിമധുരം. പാർട്ടിയും സർക്കാറുമെല്ലാം മുഖ്യമന്ത്രിയിലേക്ക് മാത്രമായി ചുരുങ്ങിപ്പോയ 9 വർഷമാണ് കടന്നുപോയത്. രാജ്യത്തെ ഒരേയൊരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയിലൂടെ മൂന്നാം ഇടത് സർക്കാരെന്ന പ്രതീക്ഷ കേരളത്തിൽ നടപ്പിലാകുമോയെന്ന് അടുത്ത പിറന്നാൾ ദിനത്തിൽ കണ്ടറിയാം.