മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ക്ക് തിരിച്ചടി; കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

14
Advertisement

മലയാളത്തിലെ ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. നിര്‍മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവരുടെ ഹരജിയാണ് കോടതി തള്ളിയത്.

സിനിമക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്ന് കാണിച്ച് അരൂര്‍ സ്വദേശി സിറാജ് നല്‍കിയ പരാതിയിന്‍ മേലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നാണ് പരാതി. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്താണ് നിര്‍മാതാക്കള്‍ പണം കൈപ്പറ്റിയത്. ചിത്രത്തിന്റെ നിര്‍മാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ചാണാണ് പണം വാങ്ങിയത്. ഏഴ് കോടി രൂപ മുടക്കിയിട്ടും ചിത്രം വന്‍ വിജയമായിട്ടും മുടക്ക് മുതലോ ലാഭവിഹിതമോ തന്നില്ലെന്നുമായിരുന്നു ആരോപണം.

ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങള്‍ ചുമത്തി എറണാകുളം മരട് പൊലീസാണ് കേസെടുത്തത്. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ബാങ്ക് രേഖകളും ശേഖരിച്ചിരുന്നു. തുടര്‍ന്നാണ് അന്വേഷണത്തില്‍ നിര്‍മാതാക്കള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 150 കോടി രൂപയിലധികം ചിത്രം കലക്ട് ചെയ്തിട്ടുണ്ട്. നികുതിയുള്‍പ്പെടെ 164.58 കോടി ഗ്രോസ് ആണ് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത്. ആഗോള തലത്തില്‍ 225 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.

Advertisement