പ്ലസ് ടു; സേ പരീക്ഷയ്ക്ക് 27 വരെ അപേക്ഷിക്കാം

688
Advertisement

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പരീക്ഷയെഴുതിയ 77.81 ശതമാനം വിദ്യാര്‍ഥികള്‍ ഉപരി പഠനത്തിന് യോഗ്യത നേടിയപ്പോള്‍, വിഎച്ച്എസ്സിയില്‍ 70.06 വിദ്യാര്‍ഥികളും വിജയിച്ചു. ഫലം പ്രഖ്യാപിക്കുന്നതിനോടൊപ്പം സേ പരീക്ഷകളുടെ തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നതിനായുള്ള അവസാന തീയതി മെയ് 27 ആണ്. ഫൈനോടുകൂടി മെയ് 29 വരെയും പരീക്ഷയ്ക്ക് അപേക്ഷ നല്‍കാം. ജൂണ്‍ 23 മുതല്‍ 27 വരെ തീയതികളിലായാണ് പരീക്ഷ നടത്തുക. പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതിയും മെയ് 27 ആണ്.

പ്ലസ് ടുവില്‍ ഈ വര്‍ഷം എല്ലാ വിഭാഗങ്ങളിലുമായി ആകെ 4,34,547 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 2,20,224 പേര്‍ ആണ്‍കുട്ടികളും 2,14,323 പേര്‍ പെണ്‍കുട്ടികളുമാണ്. ഹയര്‍ സെക്കന്‍ഡറിയില്‍ എറണാകുളം ജില്ലയാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനം കൈവരിച്ചത് (83.09). ഏറ്റവും കുറവ് വിജയ ശതമാനം കാസര്‍കോടും രേഖപ്പെടുത്തി (71.09). എല്ലാ വിഷയങ്ങള്‍ക്കും 30,145 വിദ്യാര്‍ഥികളാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എ പ്ലസ് നേടിയത്.

Advertisement