തിരുവനന്തപുരം: ആശാ വർക്കർമാരുടെ സഹനസമരം ഇന്ന് നൂറാം നാളിലേക്ക്. സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നിൽ തുടരുന്ന സമരത്തിന് പുറമെ കേരളമാകെ സഞ്ചരിച്ചുള്ള രാപ്പകൽ സമരയാത്ര പതിനാറാംദിവസത്തിലേക്ക് കടന്നു. സർക്കാരിൻറെ പിടിവാശിക്കെതിരെ സ്ത്രീ തൊഴിലാളികൾ നടത്തുന്ന പോരാട്ടം കേരളത്തിലെ സമരചരിത്രത്തിൻറെ ഭാഗമാകുകയാണ്. സർക്കാർ ആഘോഷത്തോടെ അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ദിവസമാണ് ആശമാരുടെ അസാധാരണ സമരം നൂറ് നാൾ പിന്നിടുന്നത്.
സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം, അനിശ്ചിതകാല നിരാഹാരസമരം, മുടിമുറിക്കൽ സമരം, നിയമസഭാ മാർച്ച്, സാംസ്കാരിക നേതാക്കളുടെ സംഗമം, പ്രതിഷേധ പൊങ്കാല, സെക്രട്ടറിയേറ്റ് ഉപരോധം, ഒടുവിൽ കേരളമാകം നീണ്ടുനിൽക്കുന്ന രാപ്പകൽ സമരയാത്ര. സിഐടിയുവിൻറെ സമാന്തര സമരം, ഐഎൻടിയുസിയുടെ തൊഴിലാളി വിരുദ്ധ നിലപാട്, മഴയത്ത് വലിച്ചുകെട്ടിയ ടാർപോളിൻ ഷീറ്റ് വരെ വലിച്ചുമാറ്റിയുള്ള പൊലീസ് നടപടികൾ. ഒന്നിലും പതറാതെയാണ് ആശ സമരം മുന്നോട്ട് പോകുന്നത്.
സംസ്ഥാന സർക്കാർ നൽകുന്ന ഓണറേറിയം എഴായിരം രൂപയിൽനിന്ന് 21000 ആയി ഉയർത്തുക, വിരമിക്കൽ ആനുകൂല്യമായി അഞ്ചുലക്ഷം രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഫെബ്രുവരി പത്തിന് സമരം ആരംഭിച്ചത്. മന്ത്രിതലത്തിൽ നടത്തിയ ചർച്ചയെ തുടർന്ന് ആവശ്യങ്ങൾ പഠിക്കാൻ സമിതിയെ വച്ചെങ്കിലും നൂറ് രൂപയെങ്കിലും കൂട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഉറപ്പിച്ചു പറയുകയായിരുന്നു സമരക്കാർ.
ദിനംപ്രതി മുന്നൂറുരൂപ തികച്ചുകിട്ടാനില്ലാത്ത സ്ത്രീ തൊഴിലാളികളെ നൂറുദിവസമായി സമരമുഖത്ത് ഒന്നിച്ചുനിർത്തുന്ന നേതൃസാന്നിധ്യം എംഎ ബിന്ദു, എസ് മിനി എന്നിവരുടേതാണ്. പിന്നിൽ വികെ സദാനന്ദൻ എന്ന എസ്‌യുസിഐ നേതാവുണ്ട്. സർക്കാരിൻറെ അവഗണനകൾക്കിടയിലും പൊതുസമൂഹത്തിൻറെ പിന്തുണയേറ്റി, പോരാട്ടം കനപ്പിച്ചാണ് സമരം മുന്നോട്ട് പോകുന്നത്.