വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക്; ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം

226
Advertisement

തിരുവനന്തപുരം:സർക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം.

ഇടത് സര്‍ക്കാറിന്റെ വികസന പരിണാമത്തിന്റെ കണ്ണാടിയാണ് മേള എന്ന് ഉദ്ഘാടകനായ മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ പരിചയപ്പെടുവാനും ഇതുവരെ നടപ്പാക്കിയ കേരള മോഡല്‍ വികസനം എന്തെന്ന് അടുത്തറിയാനും സഹായകമായ മേള മെയ് 23 ന് സമാപിക്കും.

തലസ്ഥാനത്തിന് കാഴ്ചകളുടെയും സേവനങ്ങളുടെയും പ്രഭാപൂരം ഒരുക്കിയാണ് കനകക്കുന്നില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് തിരിതെളിഞ്ഞത്. കേരള സര്‍ക്കാരിന്റെ ഒന്‍പതു വര്‍ഷത്തെ വികസന നേട്ടങ്ങളുടെ ആഘോഷമാണ് എന്റെ കേരളം പ്രദര്‍ശന വിപണനമേള എന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കേരളം കൈവരിച്ച അഭിമാന നേട്ടങ്ങള്‍ മേളയിലൂടെ ജനങ്ങള്‍ക്ക് മുന്നിലെത്തുമെന്നാണ് മന്ത്രി ജി ആര്‍ അനിലിന്‍റെ വാക്കുകള്‍.

രാവിലെ 10 മുതല്‍ രാത്രി ഒന്‍പത് വരെയാണ് മേള. ഭക്ഷ്യമേള, പുസ്തകമേള, സ്‌പോര്‍ട്‌സ് പ്രദര്‍ശനം, മിനി തിയറ്റര്‍ ഷോ, കാര്‍ഷിക പ്രദര്‍ശന-വിപണനമേള, സ്‌കൂള്‍ മാര്‍ക്കറ്റ് തുടങ്ങിയവയാണ് മേളയുടെ പ്രധാന ആകര്‍ഷണങ്ങള്‍. സ്റ്റാളുകളോടൊപ്പം പൊതുജനങ്ങള്‍ക്ക് വിവിധ വകുപ്പുകളുടെ സേവനങ്ങളും മേളയില്‍ ലഭ്യമാകും. വൈകുന്നേരങ്ങളില്‍ കലാസന്ധ്യയും കനകക്കുന്നില്‍ അരങ്ങേറും.

Advertisement