തിരുവനന്തപുരം: സർക്കാരും സിപിഎമ്മും വീണ്ടും തുടർ ഭരണം ലക്ഷ്യമിട്ട് മുന്നോട്ട് പോകുന്നതിനിടെ മന്ത്രിസഭയിൽ പടലപ്പിണക്കങ്ങളും അതൃപ്തിയും. മുഖ്യമന്ത്രിയെ മുൻനിർത്തി കുടുംബാംഗങ്ങൾ ഉൾപ്പെട്ട ഒരു കോക്കസ് ഭരണത്തിൽ അനാവശ്യമായി ഇടപെടുന്നു എന്ന ആക്ഷേപം മുതിർന്ന സിപിഎം മന്ത്രിമാർക്ക് വരെ ഉണ്ട്. പൊലീസ് തലപ്പത്തെ അഴിച്ച് പണി ദിവസങ്ങൾക്കുള്ളിൽ പുനഃപരിശോധിക്കേണ്ടി വന്നത് മന്ത്രിസഭയിൽ വേണ്ടത്ര കൂടിയാലോചനകളില്ലാതെ തീരുമാനങ്ങൾ നടപ്പാക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.
പാർട്ടിക്കും സർക്കാരിനും എല്ലാം എല്ലാം പിണറായി . പാർട്ടി സമ്മേളനം കൂടി കഴിഞ്ഞതോടെ ഒമ്പത് വർഷത്തെ പതിവുകൾക്ക് അനിഷേധ്യതയുടെ അടിവരയും ആയി. മറുചോദ്യങ്ങൾക്ക് ഇടമില്ലെന്ന ശൈലി പക്ഷെ പതിയെ മാറി തുടങ്ങുന്നെന്നാണ് സമീപകാല സൂചന. ഏകാധിപത്യ ഇടപെടലുകൾക്ക് അപ്പുറം മുഖ്യമന്ത്രിയുടെ ഓഫീസും കുടുംബാംഗങ്ങളും വരെ ഇടപെട്ട് തീരുമാനമെടുക്കുന്നതിൽ മുതിർന്ന മന്ത്രിമാർക്ക് വരെ അതൃപ്തിയുണ്ട്. എക്സൈസ് കമ്മീഷണർ ആയിരുന്ന മഹിപാൽ യാദവിനെ മാറ്റി അവിടേക്ക് മുഖ്യമന്ത്രിയുടെയും പി ശശിയുടെയം വിശ്വസ്തനായ എം ആർ അജിത് കുമാറിനെ നിയമിച്ചത് മന്ത്രി എം ബി രാജേഷിനെ ചൊടിപ്പിച്ചതായാണ് വിവരം. മുതിർന്ന ഉദ്യോഗസ്ഥരുടെ പരാതി കൂടെ ആയപ്പോൾ ആ പട്ടികയിലെ പ്രധാന മാറ്റങ്ങളെല്ലാം പിൻവലിച്ച് പ്രശ്നം പരിഹരിച്ചു.
പാർട്ടിയിലെ സമകാലികർ തൊട്ട് താഴെ പ്രവർത്തിച്ചവരും എല്ലാം പലതരം പരിഗണനകൾ വച്ച് ഉയർന്ന ഘടകങ്ങളിലത്തിയിട്ടും സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് പരിഗണിക്കാത്തതിലെ അതൃപ്തിയും എംബി രാജേഷിനുണ്ട്. വ്യവസായ വകുപ്പ് കൂടെ ഭാഗഭാക്കായ ചില പദ്ധതികൾ ഏകപക്ഷീയമായി തീരുമാനിക്കുന്നതിൽ മന്ത്രി പി രാജീവിന് കടുത്ത എതിർപ്പുണ്ട്. പരസ്യമായ നിലപാടിനില്ലെങ്കിലും വകുപ്പിൽ മുഖ്യമന്ത്രിയുടെ ഓഫീസ് കൈ കടത്തുന്നതിലെ വിയോജിപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നേരത്തെ തന്നെ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. സാമ്പത്തികമായി കേരളത്തെ ഞെരുക്കുന്ന കേന്ദ്ര സമീപനത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പോയത് ധനമന്ത്രിയും വകുപ്പും അറിഞ്ഞത് മാധ്യമങ്ങൾ വഴിയാണ്. ധനകാര്യ വിഷയങ്ങളിൽ മന്ത്രിയെക്കാൾ പ്രാധാന്യം കാബിനറ്റ് പദവിയുള്ള ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിനു നൽകുന്ന മുഖ്യമന്ത്രിയുടെ സമീപനത്തിൽ അതുകൊണ്ട് തന്നെ പരാതിയൊഴിയുന്നില്ല.
വ്യക്തിപരമായ ചുറ്റുപാടുകൾ മുഖ്യമന്ത്രിയുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നതിൽ തുടങ്ങി പാർട്ടി അതിന് പിന്നൽ അണിനിരക്കേണ്ടി വരുന്നതിലേക്ക് വരെ കാര്യങ്ങളെത്തുമ്പോൾ അസംതൃപ്തരായ നേതാക്കൾ ഇക്കാര്യങ്ങളെല്ലാം പുതിയ ജനറൽ സെക്രട്ടറി എം എ ബേബിയേയും അറിയിച്ചതായാണ് വിവരം. രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന വർഷം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം പുതിയ അധികാര പ്രഖ്യാപനങ്ങളുടേത് കൂടിയാണ്. വരുന്ന തെരഞ്ഞെടുപ്പിലും മുന്നണിയെ പിണറായി തന്നെ നയിക്കുമെന്നത് തീർച്ചയാണ്. എന്നാൽ നേതൃനിരയിൽ അടുത്തയാൾ ആരെന്ന ചോദ്യത്തിന് പാർട്ടിക്ക് ഉത്തരം കണ്ടെത്തേണ്ടി വരും. പി രാജീവ്, കെ എൻ ബാലഗോപാൽ, എം ബി രാജേഷ് ത്രയം ഐക്യപ്പെടുന്നത്തിന്‍റെ രാഷ്ട്രീയ പ്രാധാന്യം അതാണ്.