കോഴിക്കോട്: ആളിപ്പടർന്ന തീ അണയ്ക്കാൻ ആറ് മണിക്കൂർ നീണ്ട ഭഗീരഥപ്രയ്നം. സമീപകാലത്ത് കോഴിക്കോട് കണ്ട വൻ തീപിടുത്തത്തിൽ നഗരം കറുത്ത പുക കൊണ്ട് മൂടി. 20 യൂണിറ്റ് ഫയർഫോഴ്സുകൾ ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.മലപ്പുറം കോഴിക്കോട് ജില്ലകളിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി. തീപിടുത്തത്തിൻ്റെ കാരണം ഫയർഫോഴ് അന്വേഷിച്ച് തുടങ്ങി.
ഇന്ന് വൈകിട്ട് 4.50 തോടെയാണ് മൊഫ്യൂസില്‍ ബസ് സ്റ്റാൻഡിലെ വിവിധ വ്യാപാരസ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്ന കെട്ടിടസമുച്ചയത്തില്‍ തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിലെ കാലിക്കറ്റ് ടെക്സ്റ്റൈല്‍സ് എന്ന തുണിക്കടയിലാണ് ആദ്യം അഗ്നിബാധയുണ്ടായത്. വലിയ വ്യാപാര സ്ഥാപനമായതിനാല്‍ത്തന്നെ നിറയെ തുണിത്തരങ്ങളുണ്ടായിരുന്നുവെന്നാണ് സൂചന. ഇത് തീ അധികരിക്കുന്നതിനിടയാക്കിയെന്നാണ് വിലയിരുത്തല്‍. പുറമേ തീ അണച്ചെങ്കിലും ഉള്ളിൽ ഇപ്പോഴും തീ കത്തി കൊണ്ടിരിക്കയാണ്.ഇത് നിയന്ത്രണ വിധേയമാണ്’
സംഭവത്തിൽ സർക്കാർ ആവശ്യമായ നടപടികൾ ഉറപ്പാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.