ആളിപ്പടര്‍ന്ന് തീ, കൈവിട്ട് രക്ഷാപ്രവര്‍ത്തനം, പുകയില്‍ മുങ്ങി നഗരം, അഞ്ച് മണിക്കൂർ കഴിഞ്ഞിട്ടും തീ പൂർണ്ണമായി അണച്ചില്ല

41
Advertisement

കോഴിക്കോട്: മൊഫ്യൂസില്‍ ബസ് സ്റ്റാൻഡില്‍ ഉണ്ടായ തീപ്പിടിത്തം അഞ്ച്മണിക്കൂർ കഴിഞ്ഞിട്ടും അണയ്ക്കാനാകാതെ അഗ്നിരക്ഷാസേന.

ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് മൊഫ്യൂസില്‍ ബസ് സ്റ്റാൻഡിലെ വിവിധ വ്യാപാരസ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്ന കെട്ടിടസമുച്ചയത്തില്‍ തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിലെ കാലിക്കറ്റ് ടെക്സ്റ്റൈല്‍സ് എന്ന തുണിക്കടയിലാണ് ആദ്യം അഗ്നിബാധയുണ്ടായത്. വലിയ വ്യാപാര സ്ഥാപനമായതിനാല്‍ത്തന്നെ നിറയെ തുണിത്തരങ്ങളുണ്ടായിരുന്നുവെന്നാണ് സൂചന. ഇത് തീ അധികരിക്കുന്നതിനിടയാക്കിയെന്നാണ് വിലയിരുത്തല്‍. തീ കെടുത്താനായി അഗ്നിരക്ഷാസേനയുടെ രണ്ട് ഫയർ എഞ്ചിനുകളാണ് ആദ്യമെത്തിയത്. പിന്നീട് ഒരെണ്ണം കൂടി എത്തിച്ചേർന്നു. എന്നാല്‍ വാഹനങ്ങളില്‍ ശേഖരിച്ചിരുന്ന വെള്ളം കുറവായതിനാല്‍ ഫയർ എഞ്ചിനുകല്‍ വെള്ളം നിറയ്ക്കുന്നതിനായി മടങ്ങിപ്പോയി. ഇതോടെ തീ വൻതോതില്‍ പടർന്നു. നിലവില്‍ എട്ട് ഫയല്‍ എഞ്ചിൻ യൂണിറ്റുകള്‍ സ്ഥലത്തുണ്ടെന്നാണ് വിവരം.

തിരിച്ചെത്തിയ വാഹനങ്ങളില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വൻതോതില്‍ കറുത്ത പുകയുയരുന്നതിനാല്‍ അകത്ത് കയറി തീ അണയ്ക്കാനുള്ള ശ്രമം പ്രാവർത്തികമല്ല. കെട്ടിടത്തിന്റെ മധ്യഭാഗത്തുള്ള കെട്ടിടമായതിനാല്‍ കാലിക്കറ്റ് ടെക്സ്റ്റൈല്‍സില്‍ നിന്ന് സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളിലേക്ക് തീ പടർന്നു. നിലവില്‍ കെട്ടിടത്തിന്റെ മറുഭാഗത്തേക്ക് തീ എത്തിച്ചേർന്നിരിക്കുകയാണ്. കെട്ടിടത്തിലെ ഫാർമസ്യൂട്ടിക്കല്‍ വ്യാപാരസ്ഥാപനത്തിലേക്കും തീപടർന്നത് വലിയ വിനയായി. കെട്ടിടത്തിന്റെ മൂന്ന് നിലകളിലേക്കും തീ പടർന്നിരിക്കുകയാണ്. കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന പരസ്യബോർഡുകളും തീ ഗുരുതരമാക്കുന്നതിന് മുഖ്യപങ്കുവഹിച്ചു. തീ ഇപ്പോഴും നിയന്ത്രവിധേയമല്ല.
കരിപ്പൂർ വിമാനത്താവളത്തില്‍നിന്ന് ക്രാഷ് ടെൻഡർ സ്ഥലത്തെത്തി തീയണക്കാനുള്ള ദൗത്യത്തില്‍ പങ്കുചേർന്നു. നഗരത്തിലുള്ള ബീച്ച്‌, മീഞ്ചന്ത എന്നിവിടങ്ങള്‍ക്ക് പുറമെ മുക്കം, നരിക്കുനി, കൊയിലാണ്ടി, വടകര എന്നീ സ്ഥലങ്ങളില്‍ നിന്നും കൂടുതല്‍ യൂണിറ്റുകള്‍ എത്തിക്കാനുള്ള നടപടി ആരംഭിച്ചു. അടുത്തടുത്തായി ചെറിയ വ്യാപാരസ്ഥാപനങ്ങള്‍ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഈ കടകളെല്ലാം തന്നെ എയർകണ്ടീഷനുകള്‍ ഘടിപ്പിച്ചിട്ടുള്ളവയായതിനാല്‍ എല്ലാം അടച്ച നിലയിലാണുള്ളത്. ഇത് തീയണക്കാനുള്ള ശ്രമങ്ങള്‍ക്ക് ഭീഷണിയായി.

Advertisement