
വാർത്താനോട്ടം
2025 മെയ് 17 ശനി
BREAKING NEWS
?തിരുവനന്തപുരത്ത് ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി അഡ്വ. ബെയ്ലിൻ ദാസ് ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും.
?തിരുവനന്തപുരം നഗരത്തിൽ നിന്ന് കാണാതായ 11 കാരൻ അർജുനെ എറണാകുളം തൃപ്പൂണത്തറയിൽ നിന്ന് കണ്ടെത്തി.
?കുട്ടി ഇപ്പോൾ തൃപ്പൂണിത്തറ പോലീസ് സ്റ്റേഷനിലാണ് കണ്ടെത്തിയത്.
പുത്തൻ കോട്ടയിൽ നിന്ന് ഇന്നലെ രാത്രിയാണ് 11കാരനെ കാണാതായത്.
?തപാൽ വോട്ടുകൾ തിരുത്തിയെന്ന വെളിപ്പെടുത്തലിൽ ജി.സുധാകരനെതിരെ കേസെടുത്ത പോലീസ് ഇന്ന് തുടർ നടപടികളിലേക്ക് കടക്കും.
?കൊച്ചി കളമശേരിയിൽ മിന്നലേറ്റ് കരിപ്പാശ്ശേരി സ്വദേശി ലൈലയ്ക്ക് ദാരുണാന്ത്യം. രാത്രി 11 മണിക്കായിരുന്നു സംഭവം.
?പാകിസ്ഥാനെതിരായ നിലപാട് കടുപ്പിച്ച് ഇന്ത്യ.
സർവ്വകക്ഷി എം പി സംഘം ഉടൻ വിദേശ രാജ്യങ്ങളിലേക്ക്
?കേരളീയം?
? മിന്നലേറ്റ് സംസ്ഥാനത്തും ഒരു മരണം. ഇന്നലെ രാത്രി 10.45ന് മിന്നലേറ്റ കളമശ്ശേരിയിലുള്ള ലൈല എന്ന സ്ത്രീയാണ് മരിച്ചത്. വീട്ടിലേക്ക് കയറുന്നതിനായി കാറില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് ഇവര്‍ക്ക് മിന്നലേറ്റത്.
? സംസ്ഥാന സര്‍ക്കാരിന് ഈ വര്‍ഷം കടമെടുക്കാവുന്ന തുകയില്‍നിന്ന് ഒറ്റയടിക്ക് 3300 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഡിസംബര്‍ വരെ കടമെടുക്കാവുന്ന തുക 29,529 കോടി രൂപയാണെന്ന് കേന്ദ്രം അറിയിച്ചു.
? സംസ്ഥാനത്തിന്റെ തനത് വരുമാനം ഒരു ട്രില്യണ്‍ രൂപയിലേയ്ക്കെത്തുകയാണെന്നും എന്നാല്‍ അത് സംസ്ഥാന സര്‍ക്കാര്‍ നികുതികള്‍ വര്‍ധിപ്പിച്ചുകൊണ്ടല്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
? റോഡുകള്‍ എന്നതിനപ്പുറം സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന, വികസനം വളര്‍ത്തുന്ന, കൂടുതല്‍ ഊര്‍ജ്ജസ്വലമായ ഭാവിയിലേക്ക് വഴിയൊരുക്കുന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ കാലത്ത് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.
? നെടുമ്പാശ്ശേരിയില്‍ ഐവിന്‍ ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ റിമാന്റ് റിപ്പോര്‍ട്ട് പുറത്ത്. ഐവിനെ കാറുകൊണ്ട് ഇടിച്ചത് കൊലപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടുകൂടെയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
? കേരളത്തില്‍ ഇത് വരെ 1959 റേഷന്‍ കടകളെ കെ-സ്റ്റോറുകളായി മാറ്റാന്‍ ഭക്ഷ്യവകുപ്പിന് സാധിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍.
? റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കൊല്ലം കിഴക്കേ കല്ലട പൊലീസ് കേസെടുത്തു. സിപിഎം കിഴക്കേ കല്ലട ലോക്കല്‍ സെക്രട്ടറി വേലായുധന്റെ പരാതിയിലാണ് കേസെടുത്തത്. കലാപ ആഹ്വാനത്തിനുള്ള വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
?പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ ബഹളം ഉണ്ടാക്കിയ കെ.യു ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ കേസെടുത്തതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസ്. കാട്ടാന വൈദ്യുതാഘാതം ഏറ്റു ചെരിഞ്ഞ കേസില്‍ അകാരണമായി തടഞ്ഞുവെച്ചു എന്ന തോട്ടം തൊഴിലാളിയുടെ പരാതിയിലാണ് കേസ്.
? ചാലക്കുടി കൂടപ്പുഴയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ കുട്ടികളടക്കം 12 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ ചാലക്കുടി മെഡിക്കല്‍ കോളേജിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലുമായി ചികിത്സയിലാണ്. ബൈക്കില്‍ സഞ്ചരിക്കുന്നവരെയും നായ ആക്രമിച്ചിട്ടുണ്ട്.
? കണ്ണൂര്‍ ചെറുപുഴ പുളിങ്ങോമില്‍ റബര്‍ ഷീറ്റുകള്‍ സൂക്ഷിക്കുന്ന ഗോഡൗണില്‍ തീപ്പിടിച്ചു. പുളിങ്ങോമിലെ അനീഷിന്റെ റബര്‍ ഗോഡൗണിനും പുകപ്പുരക്കുമാണ് തീപിടിച്ചത്. തീപ്പിടിത്തത്തെ തുടര്‍ന്ന് മൂവായിരം കിലോയോളം റബര്‍ ഷീറ്റുകളാണ് കത്തി നശിച്ചത്.
? എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസൊതുക്കാമെന്ന് വാഗ്ദാനം നല്‍കി കൊല്ലത്തെ കശുവണ്ടി വ്യവസായിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച രണ്ട് പേര്‍ എറണാകുളത്ത് വിജിലന്‍സ് പിടിയിലായി. രണ്ട് കോടി രൂപയാണ് വ്യാപാരിയില്‍ നിന്ന് പ്രതികള്‍ ആവശ്യപ്പെട്ടത്.
?? ദേശീയം ??
? ഒഡിഷയില്‍ മിന്നലേറ്റ് ആറ് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം 9 പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ ഒഡിഷയിലെ വിവിധ ജില്ലകളില്‍ അനുഭവപ്പെട്ട കനത്ത മഴയിലാണ് സംഭവം. നിരവധിപ്പേര്‍ക്ക് മിന്നലേറ്റ് പരിക്കേറ്റിട്ടുണ്ടെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് ചില ജില്ലകളില്‍ റെഡ് അലേര്‍ട്ട് നല്‍കിയിരുന്നു.
? ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താന്‍ തൊടുത്തുവിട്ട അറുന്നൂറിലധികം ഡ്രോണുകള്‍ ഇന്ത്യ തകര്‍ത്തതായി പ്രതിരോധവൃത്തങ്ങള്‍. പാക് പ്രകോപന സാധ്യതകളെ മുന്‍കൂട്ടിക്കണ്ട് വ്യോമപ്രതിരോധ രംഗത്ത് ഇന്ത്യ നടത്തിയ ദ്രുതനീക്കമാണ് ദൗത്യം വിജയകരമാക്കിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
? ഓപ്പറേഷന്‍ സിന്ദൂറിലെ വിദേശ പര്യടന സംഘത്തെ നയിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കേന്ദ്ര സര്‍ക്കാറിന്റെ ക്ഷണം തരൂര്‍ സ്വീകരിച്ചു. യുഎസ്, യുകെ എന്നിവിടങ്ങളില്‍ ആയിരിക്കും തരൂര്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ പര്യടനം നടക്കുക.
? ബ്രഹ്‌മോസ് മിസൈല്‍ ആക്രമണത്തില്‍ പാക് വ്യോമതാവളം തകര്‍ന്നെന്ന് സമ്മതിച്ച് പാക് മുന്‍ എയര്‍ മാര്‍ഷല്‍. ഭൊലാരി എയര്‍ ബേസിലെ ആക്രമണത്തില്‍ റഡാര്‍ സംവിധാനമടക്കമുള്ള എയര്‍ ക്രാഫ്റ്റ് തകര്‍ന്നുവെന്ന് പാക് മുന്‍ എയര്‍ മാര്‍ഷല്‍ മസൂദ് അക്തര്‍ പറഞ്ഞു.
? ഓപ്പറേഷന്‍ സിന്ദൂറിനെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ്. പാകിസ്താനെതിരായ ഇന്ത്യയുടെ സൈനിക നടപടിയില്‍ ഐക്യദാര്‍ഢ്യത്തിന് ആഹ്വാനം ചെയ്തിട്ടും പ്രധാനമന്ത്രിയും ബിജെപിയും കോണ്‍ഗ്രസിനെ തുടര്‍ച്ചയായി അപകീര്‍ത്തിപ്പെടുത്തുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ജയ് റാം രമേശ് ആരോപിച്ചു.
? പഹല്‍ഗാം ഭീകരവാദ ആക്രമണത്തിന് പിന്നാലെ അടച്ച അട്ടാരി വാഗ ബോര്‍ഡര്‍ 23 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുറന്നു. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അനുമതി പ്രകാരമാണ് നടപടി. ഇന്ത്യ പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ 150 ഓളം ചരക്കു ലോറികള്‍ ലാഹോറിനും വാഗയ്ക്കുമിടയില്‍ കുടുങ്ങിയിരുന്നു.
? ഇന്ത്യന്‍ ആര്‍മിയെ ഇകഴത്തുന്ന പ്രസ്താവനയുമായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി. രാജ്യത്തെ സൈന്യവും സൈനികരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാല്‍ക്കല്‍ വണങ്ങി നില്‍ക്കുന്നുവെന്നായിരുന്നു ബിജെപി നേതാവും മധ്യപ്രദേശ് ഉപമുഖ്യമന്ത്രിയുമായ ജഗ്ദീഷ് ദേവ്ഡയുടെ വാക്കുകള്‍. സൈന്യത്തെ ഇകഴ്ത്തിയുള്ള മോദി പ്രശംസക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരിക്കുകയാണ്.
? മംഗളൂരുവിന് സമീപം മുങ്ങിയ ചരക്ക് കപ്പലിലെ ആറ് ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്. മംഗളൂരുവിന് തെക്ക് പടിഞ്ഞാറ് ഏകദേശം 60-70 നോട്ടിക്കല്‍ മൈല്‍ അകലെ എം എസ് വി സലാമത്ത് എന്ന ചരക്ക് കപ്പലാണ് മുങ്ങിയത്. മെയ് 12 ന് മംഗളൂരു തുറമുഖത്ത് നിന്ന് ലക്ഷദ്വീപിലെ കാദ്മത്ത് ദ്വീപിലേക്കുള്ള യാത്രാമധ്യേ എം എസ് വി സലാമത്ത് മെയ് 14 ന് പുലര്‍ച്ചെ 05:30 ഓടെ മുങ്ങിയതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
? പാകിസ്ഥാന്‍ തടവിലായിരുന്ന സമയത്ത് നേരിട്ട ദുരിതങ്ങള്‍ തുറന്ന് പറഞ്ഞ് ബിഎസ്എഫ് ജവാന്‍ പൂര്‍ണം കുമാര്‍ ഷാ. 21 ദിവസത്തിനു ശേഷമാണ് ജവാനെ പാകിസ്ഥാന്‍ മോചിപ്പിച്ചത്. പൂര്‍ണം കുമാര്‍ ഷായ്ക്ക് ഉറക്കം നിഷേധിക്കുകയും അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാന്മാരുടെയും ഉദ്യോഗസ്ഥരുടെയും വിന്യാസത്തെക്കുറിച്ച് മിക്കവാറും എല്ലാ രാത്രിയും ചോദ്യം ചെയ്യുകയും ചെയ്തു.
?? അന്തർദേശീയം ??
?ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കൊടുമുടി കീഴടക്കി മടങ്ങവേ അപകടത്തില്‍പ്പെട്ട് ഇന്ത്യക്കാരനായ പര്‍വ്വതാരോഹകന് ദാരുണാന്ത്യം. പശ്ചിമ ബംഗാള്‍ സ്വദേശി സുബ്രത ഘോഷ് (45) ആണ് മരിച്ചത്. കൊടുമുടി കീഴടക്കിയ ആവേശത്തില്‍ സുബ്രത ഘോഷ് അപകട മേഖലയായ ഹിലാരി സ്റ്റെപ്പിന് സമീപത്ത് നിന്നും താഴെ ഇറങ്ങാത്തതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.
? ഇന്ത്യന്‍ വംശജനായ ഇംഗ്ലീഷ് എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 25 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. സല്‍മാന്‍ റുഷ്ദിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി ഹാദി മതാറിനാണ് 25 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ന്യൂയോര്‍ക്ക് കോടതി ആണ് ശിക്ഷ പ്രഖ്യാപിച്ചത്. 2022 ഓഗസ്റ്റ് 12നാണ് കേസിനാസ്പദമായ സംഭവം.
? അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെയും ഓപ്പറേഷന്‍ സിന്ദൂറിന്റെയും ഭാഗമായി ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ തകര്‍ന്ന ഭീകരവാദ സംഘടനകളെ സഹായിക്കാന്‍ പാകിസ്ഥാന്‍ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതായി റിപ്പോര്‍ട്ടുകള്‍. ഏറ്റുമുട്ടലില്‍ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി ‘പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ പാക്കേജ്’ എന്ന പേരില്‍ 532 മില്യണ്‍ പികെആര്‍ സര്‍ക്കാര്‍ അനുവദിച്ചതായാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.
? അവ്യക്തമായ സോഷ്യല്‍ മീഡിയ പോസ്റ്റിനെ തുടര്‍ന്ന് മുന്‍ എഫ്ബിഐ മേധാവി ജെയിംസ് കോമി യുഎസ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തില്‍. ഡോണള്‍ഡ് ട്രംപ് അനുകൂലികള്‍ പ്രസിഡന്റിനെതിരായ ഒളിഞ്ഞ ഭീഷണിയായി വ്യാഖ്യാനിച്ച അവ്യക്തമായ സോഷ്യല്‍ മീഡിയ പോസ്റ്റാണ് വലിയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുള്ളത്.
? ഇന്ത്യയെയും ചൈനയെയും തമ്മിലടിപ്പിക്കാന്‍ പാശ്ചാത്യരാജ്യങ്ങള്‍ ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി റഷ്യ. ചൈനീസ് വിരുദ്ധമായ ലോകക്രമം ഉണ്ടാക്കുന്നതിന്റെ ഭാഗമാണിതെന്നും റഷ്യയുടെ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്റോവ് പ്രതികരിച്ചു.
? മൂന്ന് ദിവസത്തെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം പൂര്‍ത്തിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുഎഇയില്‍ നിന്ന് മടങ്ങി. വ്യാഴാഴ്ചയാണ് ട്രംപ് യുഎഇയിലെത്തിയത്. യുഎസ് പ്രസിഡന്റിന്റെ ചരിത്രപരമായ സന്ദര്‍ശനത്തിനൊടുവില്‍ ട്രംപിന് രാജകീയമായ യാത്രയയപ്പാണ് നല്‍കിയത്.
? 425 മില്യണ്‍ ഡോളര്‍ വില വരുന്ന മാരക മയക്കുമരുന്നുമായി എത്തിയ കപ്പല്‍ പിടികൂടി ഇന്തോനേഷ്യ. ചാക്കുകളിലായി സൂക്ഷിച്ച 1.2 ടണ്‍ കൊക്കെയ്നും 705 കിലോഗ്രാം മെത്താംഫെറ്റാമൈന്‍ എന്നിവയാണ് സുമാത്രയ്ക്ക് സമീപമെത്തിയ കപ്പലില്‍ നിന്ന് ഇന്തോനേഷ്യന്‍ അധികൃതര്‍ പിടികൂടിയത്.
? കായികം ?
? 90 മീറ്റര്‍ എന്ന സ്വപ്ന ദൂരം പിന്നിട്ട് ചരിത്രം കുറിച്ചെങ്കിലും ദോഹ ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ നീരജ് ചോപ്ര രണ്ടാമത്. മൂന്നാം ശ്രമത്തില്‍ 90.23 മീറ്റര്‍ ദൂരം താണ്ടി റെക്കോര്‍ഡിട്ടാണ് നീരജ് ചരിത്ര നേട്ടം കുറിച്ചത്. എന്നാല്‍ ജര്‍മന്‍ താരം ജൂലിയന്‍ വെബ്ബര്‍ അവസാന ശ്രമത്തില്‍ 91.06 മീറ്റര്‍ ദൂരം താണ്ടിയതോടെ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
? ഇന്ത്യാ- പാക് സംഘര്‍ഷത്തിന് പിന്നാലെ നിര്‍ത്തി വെച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇന്ന് വീണ്ടും തുടങ്ങും. ഇന്ന് വൈകീട്ട് 7.30 ന് ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന മത്സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ആറാം സ്ഥാനത്തുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും.





