റാപ്പർ വേടനെതിരെ അധിക്ഷേപ പ്രസംഗം;ആർ എസ് എസ് നേതാവ് എൻ ആർ മധുവിനെതിരെ കലാപാഹ്വാനത്തിന് കേസ്

60
Advertisement

കൊല്ലം: ക്ഷേത്ര ചടങ്ങിനിടെ റാപ്പർ വേടനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ആർഎസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യ പത്രാധിപർ എൻ.ആർ മധുവിനെ തിരെ കേസ്സെടുത്ത് കിഴക്കേക്കല്ലട പോലീസ്.
സി പി എം കിഴക്കേക്കല്ലട ലോക്കൽ കമ്മിറ്റി സെക്രട്ടറി വേലായുധൻ നായർ നൽകിയ പരാതിയിലാണ് കാലാപാഹ്വാനത്തിന് പോലീസ് കേസ്സെടുത്ത് .ഭാരതീയ ന്യായ സംഹിത 192 ആം വകുപ്പ് പ്രകാരമാണ് കേസ്.

വേടൻ്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നാണ് മധു പ്രസംഗിച്ചത്. വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിതെന്നും വേടന്റെ പിന്നിൽ രാജ്യത്തിൻ്റെ വിഘടനം സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആള് കൂടാൻ വേടൻ്റെ പാട്ട് വെക്കുന്നവർ നാളെ അമ്പല പറമ്പിൽ ക്യാബറെ ഡാൻസും വെക്കുമെന്നും മധു പറഞ്ഞു.
ആഹാരം തൃപ്തി തോന്നണമെങ്കിൽ ഇപ്പോൾ അറേബ്യൻ ഫുഡ് കഴിക്കണമെന്നായിരുന്നു പ്രസംഗത്തിൽ പറഞ്ഞ മറ്റൊരു കാര്യം. ഷവർമ്മ എന്നാൽ ശവ വർമ്മയാണ്. ഷവർമ്മ കഴിച്ച് മരിച്ചവരെല്ലാം വർമ്മമാരാണ്. ഷവർമ്മ കഴിച്ച് മരിച്ചവരിൽ ആയിഷയും, മുഹമ്മദും, തോമസും ഇല്ല. പക്ഷേ അതിൽ വർമ്മയുണ്ട്. അതുകൊണ്ടാണ് പേര് ഷവർമ്മയെന്നായത്. കരിഞ്ഞ മാംസത്തിൻ്റെ ഗന്ധമാണ് നമ്മുടെ തെരുവുകളിൽ. ശ്മശാനത്തിൽ കൂടി കടന്നു പോകുന്ന പ്രതീതിയാണെന്നും മധു പറഞ്ഞു.

ആർഎസ്എസ് നേതാവും കേസരിയുടെ മുഖ്യ പത്രാധിപരുമായ എൻ ആർ മധുവിന്റെ മതവിദ്വേഷ പരാമർശത്തിൽ റാപ്പർ വേടൻ്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
“അമ്പലങ്ങളിൽ ഇനിയും അവസരം ലഭിക്കുമെന്നും താൻ പോയി പാടുമെന്നും വേടൻ മാധ്യമങ്ങളോട്പറഞ്ഞു.

‘താനെടുക്കുന്ന പണി പലരെയും വ്യക്തിപരമായി ബാധിച്ചിട്ടുണ്ട്. പുള്ളിക്കാരന് അഭിപ്രായം പറയാമല്ലോ. ഇത് പുതിയ കാര്യമല്ല. ഞാൻ വിഘടനവാദിയാണെന്ന് മുമ്പും പലരും പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് അറിയില്ല. ജാതി ഭീകരത എന്നൊക്കെ പറയുന്നത് കോമഡിയല്ലേ. സർവ ജീവികൾക്കും സമത്വം കൽപിക്കുന്ന അംബേദ്കർ പൊളിറ്റിക്സിലാണ് ഞാൻ വിശ്വസിക്കുന്നത്. ബാക്കിയെല്ലാം ആളുകൾ തീരുമാനിക്കട്ടെ’- വേടൻ പറഞ്ഞു.”

Advertisement