നിലവിളിച്ചിട്ടും നിര്‍ത്തിയില്ല, ബോണറ്റില്‍നിന്ന് വീഴ്ത്തി ഐവിനുമേല്‍ കാര്‍ കയറ്റി- റിമാൻഡ് റിപ്പോര്‍ട്ട്

1342
Advertisement

അങ്കമാലി: ഐവിൻ ജിജോയെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ റിമാൻഡ് റിപ്പോർട്ട് പുറത്ത്.
കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ഐവിനെ കാർ ഇടിപ്പിച്ചതെന്നും കാറിനടിയില്‍പ്പെട്ട ഐവിനെ 37 മീറ്റർ വലിച്ചിഴച്ചെന്നും റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു.

ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കാർ ഓവർടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തർക്കമുണ്ടാകുന്ന സമയത്ത് ഐവിൻ ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തുന്നുണ്ടായിരുന്നു. പ്രതികള്‍ കാറില്‍ കയറി രക്ഷപ്പെടാൻ ശ്രമിച്ചപ്പോള്‍ പോലീസ് എത്തിയശേഷം പോയാല്‍ മതി എന്ന് ഐവിൻ പറഞ്ഞതായാണ് വിവരം. ഇത് പ്രതികളെ പ്രകോപിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. മനപ്പൂർവ്വം ഐവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ഒന്നാം പ്രതി വിനയ് കുമാറും രണ്ടാം പ്രതി മോഹനനും കാറിടിപ്പിച്ചതെന്ന് റിപ്പോർട്ടില്‍ പറയുന്നു.

ബോണറ്റിനുമേല്‍ തങ്ങിനിന്ന ഐവിനെ ഒരു കിലോമീറ്ററോളം ദൂരം പ്രതികള്‍ വലിച്ചിഴച്ചു കൊണ്ടുപോയി. തുടർന്ന് മനപ്പൂർവ്വം ബ്രേക്ക് ചെയ്ത് ഐവിനെ ബോണറ്റില്‍നിന്ന് താഴേക്ക് വീഴ്ത്തുകയായിരുന്നു. ഇതിന് ശേഷം കാറിനടിയില്‍ പെട്ട ഐവിനെ 37 മീറ്ററോളം ദൂരം വലിച്ചിഴക്കുകയായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ട്. യുവാവ് നിലവിളിച്ചെങ്കിലും കാർ നിർത്തിയില്ലെന്നാണ് റിപ്പോർട്ട്.

പ്രതികളെ അങ്കമാലി കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊല്ലപ്പെട്ട ഐവിൻ ജിജോയുടെ മൃതദേഹം തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളിയില്‍ സംസ്കരിച്ചു. നെടുമ്പാശ്ശേരി കാസിനോ എയർ കാറ്ററേഴ്സ് ആൻഡ് ഫ്ലൈറ്റ് സർവീസസ് ഗ്രൂപ്പില്‍ ഷെഫ് ആയിരുന്നു കൊല്ലപ്പെട്ട ഐവിൻ. തുറവൂരിലെ വീട്ടില്‍നിന്ന് ജോലിക്ക് കാറില്‍ പുറപ്പെട്ടതായിരുന്നു ഐവിൻ.

വിമാനത്താവളത്തില്‍നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള തോബ്രാ ലിങ്ക് റോഡില്‍ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ റോഡിലൂടെ

നെടുമ്പാശ്ശേരി വിമാനത്താവളത്തിനു മുൻപിലെ എയർപോർട്ട്-മറ്റൂർ റോഡിലേക്ക് വരുകയായിരുന്നു ഐവിന്റെയും സിഐഎസ്‌എഫ് ഉദ്യോഗസ്ഥരുടെയും കാറുകള്‍. വീതികുറഞ്ഞ തോബ്രാ റോഡില്‍വെച്ച്‌ ഉദ്യോഗസ്ഥരുടെ കാറിനെ മറികടക്കാൻ ശ്രമിച്ച ഐവിന്റെയും സിഐഎസ്‌എഫ് ഉദ്യോഗസ്ഥരുടെയും കാറുകള്‍ തമ്മില്‍ ഉരസിയതായും പറയുന്നു. ഇതേച്ചൊല്ലിയായിരുന്നു വാക്കുതർക്കം

Advertisement