കഴുത്തിൽ ആഴത്തിലുള്ള കടിയേറ്റു; പൃഷ്ട ഭാഗത്തുനിന്ന് മാംസം കടിച്ചെടുത്തു; ഗഫൂറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

759
Advertisement

മലപ്പുറം: മലപ്പുറം കാളികാവിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗഫൂറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഗഫൂറിന്റെ കഴുത്തിൽ ആഴത്തിലുള്ള കടിയേറ്റു. ആഴത്തിലുള്ള മുറിവും രക്തം വാർന്നതും മരണകാരണമായി എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പൃഷ്ട ഭാഗത്തുനിന്ന് മാംസം കടിച്ചെടുത്തു. ശരീരമാസകലം പല്ലിന്റെയും നഖത്തിന്റെയും പാടുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മഞ്ചേരി മെഡിക്കൽ കോളേജിലാണ് ഗഫൂറിന്റെ പോസ്റ്റ്മോർട്ടം നടന്നത്.

അതേസമയം, നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം വനം വകുപ്പ് ആരംഭിച്ചു. ചീഫ് വെറ്ററിനറി സർജൻ ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ ആർആർടി സംഘമാണ് ദൗത്യം നയിക്കുന്നത്. ദൗത്യത്തിനായി മുത്തങ്ങയിൽ നിന്ന് കുങ്കിയാനയെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പരിസരത്ത് സ്ഥാപിച്ച 50 ക്യാമറകളിലൂടെ കടുവയുടെ സാന്നിധ്യമുള്ള സ്ഥലം കണ്ടെത്താനാണ് വനം വകുപ്പ് ശ്രമിക്കുന്നത്.

ഇതിനുശേഷമാകും മയക്കുവടി വയ്ക്കുന്നതടക്കമുള്ള നടപടികൾ ഉണ്ടാകുക. മൂന്ന് സംഘമായി തിരിഞ്ഞാണ് കടുവയ്ക്കായി നിലവിൽ തിരച്ചിൽ നടത്തുന്നത്. ഇന്നലെ രാവിലെയാണ് കാളികാവ് അടക്കാകുണ്ടിലെ റബർ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കടുവ ആക്രമിച്ച് കൊന്നത്.

Advertisement