അഭിഭാഷകൻ ബെയ്‌ലിൻ ദാസ് കസ്റ്റഡിയിൽ; പിടികൂടിയത് കാറിൽ സഞ്ചരിക്കവേ

51
Advertisement

തിരുവനന്തപുരം: യുവവനിതാ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ പ്രതിയായ വഞ്ചിയൂർ കോടതിയിലെ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ പൊലീസ് പിടികൂടി. തിരുവനന്തപുരം സ്‌റ്റേഷൻ കടവിൽനിന്നാണു പ്രതിയെ തുമ്പ പൊലീസ് പിടികൂടിയത്. ബെയ്‌ലിൻ ദാസ് ഇന്ന് സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു.

പ്രതി കഴക്കൂട്ടം ഭാഗത്തേക്കു കാറിൽ പോകുന്നതായി വഞ്ചിയൂർ എസ്എച്ചഒയ്ക്കാണു വിവരം ലഭിച്ചത്. പൊലീസ് വ്യാപകമായി വലവിരിച്ചതിനെ തുടർന്ന് വാഹനങ്ങൾ മാറി ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. വാഹന നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഡാൻസാഫ് സംഘവും തുമ്പ പൊലീസും ചേർന്നു പ്രതിയെ പിടികൂടുകയായിരുന്നു. തുമ്പ സ്‌റ്റേഷനിൽനിന്ന് വഞ്ചിയൂർ സ്‌റ്റേഷനിലേക്ക് എത്തിച്ച ബെയ്‌ലിൻ ദാസിനെ ചോദ്യം ചെയ്തതിന് ശേഷം നാളെ കോടതിയിൽ ഹാജരാക്കും. ശ്യാമിലിയാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നും അപ്പോഴത്തെ ദേഷ്യത്തിൽ സംഭവിച്ചതാണെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ജാമ്യമില്ലാ കുറ്റം നിലനിൽക്കില്ലെന്നുമാണ് ബെയ്‌ലിൻ ദാസ് ജാമ്യഹർജിയിൽ പറയുന്നത്.

അതേസമയം പ്രതിയെ പിടികൂടിയതിൽ ആശ്വാസമുണ്ടെന്നും അനുഭവിച്ച മാനസിക സമ്മർദം പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്നും മർദനമേറ്റ ശ്യാമിലി പറഞ്ഞു. കേരളാ പൊലീസിന് ഉൾപ്പെടെ കൂടെനിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും ശ്യാമിലി പ്രതികരിച്ചു.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ജെ.വി.ശ്യാമിലി എന്ന തന്റെ ജൂനിയർ അഭിഭാഷകയെ ബെയ്‌ലിൻ ദാസ് മർദിച്ചത്. തുടർന്ന് ഒളിവിൽ പോയ ഇയാളെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തതെന്നാണു വിവരം. ബെയ്‌ലിൻ ദാസ് കാറിൽ സഞ്ചരിക്കുന്നതായാണ് പൊലീസിനു വിവരം ലഭിച്ചത്. തുടർന്ന് തുമ്പ പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

സംഭവദിവസം ബെയ്‌ലിൻ ദാസിനെ കസ്റ്റഡിയിൽ എടുക്കാനെത്തിയ പൊലീസിനെ ബാർ അസോസിയേഷൻ ഭാരവാഹികൾ തടഞ്ഞതായി മർദനമേറ്റ ശ്യാമിലി പ്രതികരിച്ചിരുന്നു. ആദ്യഘട്ടത്തിൽ പ്രതിക്ക് സംരക്ഷണവലയമൊരുക്കിയ പലരും സംഭവം വൻവിവാദമായതോടെ പതുക്കെ പിൻവാങ്ങുകയായിരുന്നു. ഇതിനിടെ ബെയ്‌ലിൻ ദാസിന്റെ രാഷ്ട്രീയത്തെ ചൊല്ലിയും ഇടതു, വലതു പാർട്ടികൾ തമ്മിൽ ആരോപണമുയർന്നു.

തദ്ദേശതെരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർഥിയായി മത്സരിച്ചതിനാൽ സിപിഎമ്മാണ് ബെയ്‌ലിൻ ദാസിനെ സംരക്ഷിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. എന്നാൽ ഇയാൾ കോൺഗ്രസിലേക്കു മടങ്ങിപ്പോയെന്നും യുഡിഎഫാണു സംരക്ഷിക്കുന്നതെന്ന് എതിർ ആരോപണവും ഉയർന്നു. ഇത്തരത്തിൽ രാഷ്ട്രീയമായും വിവാദം കത്തുന്നതിനിടെയാണ് ബെയ്‌ലിൻ ദാസ് പിടിയിലായിരിക്കുന്നത്.

Advertisement