2025 മെയ് 14 ബുധൻ
BREAKING NEWS
കൊല്ലം അഞ്ചലിൽ 150 കിലോ കാട്ടുപന്നി ഇറച്ചി കടത്താൻ ശ്രമിച്ച പുനലൂർ ബാറിലെ അഭിഭാഷകൻ അറസ്റ്റിൽ
ശബളത്തിന് പിന്നാലെ പിഎസ് സി അംഗങ്ങളുടെ പെൻഷനും ഗണ്യമായി വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ
ശ്രീപത്മനാഭ ക്ഷേത്രത്തിലെ സ്വർണ്ണം കാണാതായ സംഭവം: അന്വേഷണം ഊർജിതമാക്കി പോലീസ്
സംവിധായകർ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കസ്, അഞ്ചാമനായി തിരച്ചിൽ ഊർജിതം
മലപ്പുറം എടരിക്കോട് നിയന്ത്രണം വിട്ട് ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

വഞ്ചിയൂർ കോടതി വളപ്പില്‍ ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച സീനിയര്‍ അഭിഭാഷകൻ ഒളിവിൽ തന്നെ , ബാർ അസ്സോസിയേഷനിൽ നിന്ന് പുറത്താക്കി, ജാമ്യമില്ലാ വകുപ്പിൽ കേസ്സെടുത്ത് പോലീസ്
പരിക്കേറ്റ ജൂനിയർ അഭിഭാഷക ഇന്ന് രാവിലെ മെഡിക്കൽ കോളജിൽ ചികിത്സ തേടും.
കേരളീയം
വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍. നാലു ലക്ഷം രൂപ ദുരന്ത പ്രതികരണനിധിയില്‍ നിന്നും ബാക്കി ആറ് ലക്ഷം രൂപ വനം വകുപ്പ് തനത് ഫണ്ടില്‍ നിന്നും ആയിരിക്കും ലഭ്യമാക്കുക. ആക്രമണം വനത്തില്‍ ആയാലും പുറത്തായാലും സഹായധനം ലഭിക്കും. പാമ്പ്, തേനീച്ച, കടന്നല്‍ എന്നിവയുടെ ആക്രമണത്തില്‍ മരിക്കുന്നവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപയാണ് സഹായധനമായി ലഭിക്കുക.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയതായി പുതിയ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ദില്ലിയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്നലെ 14 പേരെയാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ 166 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.
ബിഗ് ബോസ് താരം അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. സോഷ്യല്‍ മീഡിയ വഴി ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന പരാതിയിലാണ് അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്തത്. ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര നല്‍കിയ പരാതിയിലാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്.

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തെ ലോകത്തിലെ തൊഴിലവസരങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ കളമശ്ശേരി മണ്ഡലത്തിലെ പരാതികള്‍ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച പബ്ലിക് സ്‌ക്വയര്‍ – പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷവര്‍മ കഴിക്കുന്നതിനെതിരെ ആര്‍എസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യ പത്രാധിപര്‍ എന്‍.ആര്‍. മധു. കൊല്ലത്ത് നടന്ന പരിപാടിയിലാണ് ഷവര്‍മക്കെതിരെ ആര്‍എസ്എസ് നേതാവ് രംഗത്തെത്തിയത്. ആഹാരം തൃപ്തി തോന്നണമെങ്കില്‍ ഇപ്പോള്‍ അറേബ്യന്‍ ഫുഡ് കഴിക്കണമെന്നാണ് ചിന്താഗതിയെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട് കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ 150ലേറെ വിനോദ സഞ്ചാരികള്‍ കുടുങ്ങി. ഇന്നലെ വൈകീട്ട് നാലോടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. പെട്ടെന്ന് തന്നെ ഇവിടെയുണ്ടായിരുന്നവര്‍ പുഴയുടെ ഇരു കരകളിലേക്കും മാറിയതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. .

അസം സ്വദേശിയായ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെത്തിച്ച് പെണ്‍വാണിഭ കെണിയില്‍ കുടുക്കിയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. അസം സ്വദേശിയായ യുവാവിനെയും യുവതിയെയും ഒഡീഷയില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ഇതരസംസ്ഥാനക്കാരായ നിരവധി പേരെ ഇവര്‍ വലയിലാക്കിയെന്നാണ് സൂചന. ഫുര്‍ഖാന്‍ അലി, അഖ്ലീമ ഖാത്തും എന്നിവരാണ് പിടിയിലായത്.
തിരുവനന്തപുരത്ത് വിവാഹ തട്ടിപ്പ് വീരനെ അറസ്റ്റ് ചെയ്ത് പൊലീസ്. ആനാട് സ്വദേശി വിമല്‍ (37) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് – പുലിപ്പാറ സ്വദേശിനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. രണ്ട് പേരില്‍ നിന്നുമായി ആറരലക്ഷം രൂപയും 5 പവന്‍ സ്വര്‍ണ്ണവും വാങ്ങിയ ശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു.
എറണാകുളം ഫോര്‍ട്ടുകൊച്ചിയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളെ തിരുവനന്തപുരം തമ്പാനൂർ ബസ്സ്റ്റാൻഡിൽ നിന്ന് കണ്ടെത്തി

ഫോര്‍ട്ട് കൊച്ചി ചെറളായിക്കടവിലെ അഫ്രീദ്, ഹാഫിസ്, അതീന്‍ എന്നിവരെയാണ് ഇന്ന് പുലർച്ചെ കിട്ടിയത്.
കോഴിക്കോട് പൂനൂര്‍ കാന്തപുരത്ത് രണ്ട് കുട്ടികളെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അലങ്ങാപ്പൊയില്‍ അബ്ദുല്‍ റസാഖിന്റെ മകന്‍ മുഹമ്മദ് ഫര്‍സാന്‍(9), മുഹമ്മദ് സാലിയുടെ മകന്‍ മുഹമ്മദ് അബൂബക്കര്‍(8) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഭിന്നശേക്ഷിക്കാരി
യായ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണി ആക്കിയ കേസില്‍ 53 കാരന് ട്രിപ്പിള്‍ ജീവപര്യന്തം തടവും 535000 രൂപ പിഴയും. ഇടുക്കി കൊന്നത്തടി നെല്ലിക്കുന്നേല്‍ വീട്ടില്‍ കുമാര്‍ എന്ന് വിളിക്കുന്ന ലെനിന്‍ കുമാറിനെ ആണ് ഇടുക്കി അതിവേഗ കോടതി ജഡ്ജ് ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്.

ദേശീയം
പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ടിആര്‍എഫിന്റെ ചീഫ് ഓപ്പറേറ്റിങ് കമാന്‍ഡര്‍ ഷഹീദ് കൂട്ടെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ അതിര്‍ത്തി മേഖലയായ ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലിലാണ് സംഭവം. മറ്റ് രണ്ട് ഭീകരര്‍ കൂടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മൂന്ന് ഭീകരരില്‍ രണ്ട് പേരെയാണ് തിരിച്ചറിഞ്ഞത്.
ഇന്ത്യ – പാകിസ്ഥാന്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി പല അവകാശവാദങ്ങളും ഉന്നയിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ തള്ളി ഇന്ത്യ. വെടിനിര്‍ത്തലിന് പിന്നില്‍ ഒരു രാജ്യവും മധ്യസ്ഥം വഹിച്ചിട്ടില്ലെന്ന് പറഞ്ഞ വിദേശകാര്യ വക്താവ്, അമേരിക്കന്‍ പ്രസിഡന്റ് അവകാശപ്പെട്ട നിലയില്‍ വ്യാപാര ചര്‍ച്ചകളും നടന്നില്ലെന്ന് വ്യക്തമാക്കി.
കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ അനുവദിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍. കശ്മീരിലെ ഏക വിഷയം പാക് അധീന കശ്മീര്‍ ഇന്ത്യയ്ക്ക് കൈമാറുകയെന്നതാണെന്നും ഇന്ത്യയുടെ ശക്തി മനസ്സിലാക്കിയാണ് പാകിസ്ഥാന്‍ സൈനിക നീക്കം നിര്‍ത്തിയതെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ചു. ജുഡീഷ്യറിയില്‍ വിശ്വസിക്കാന്‍ ജനങ്ങളോട് ആജ്ഞാപിക്കാന്‍ കഴിയില്ലെന്ന് വിട വാങ്ങല്‍ പ്രസംഗത്തില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.
ജസ്റ്റിസ് ബി ആര്‍ ഗവായ് രാജ്യത്തിന്റെ അന്‍പത്തി രണ്ടാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേല്‍ക്കും. രാഷ്ട്രപതി ഭവനില്‍ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് പുതിയ ചീഫ് ജസ്റ്റിസിന് സത്യവാചകം ചൊല്ലിക്കൊടുക്കുക.
ജമ്മു കശ്മീരും പഞ്ചാബും രാജസ്ഥാനും ഗുജറാത്തുമടക്കമുള്ള അതിര്‍ത്തി മേഖലകള്‍ ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയും ശാന്തമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. എവിടെയും ഡ്രോണ്‍ സാന്നിധ്യം കണ്ടതായോ സൈന്യം തിരിച്ചടിച്ചതായോ റിപ്പോര്‍ട്ടില്ല. ഇതിനിടെ പഞ്ചാബിലെ അഞ്ച് അതിര്‍ത്തി ജില്ലകളിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. രാവിലെ മുതല്‍ ഉച്ച വരെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. എന്നാല്‍, ജമ്മുവില്‍ സ്‌കൂളുകള്‍ തുറക്കാന്‍ വൈകും.

പഹല്‍ഗാം ഭീകരാക്രമണത്തിനു പകരം ചോദിച്ച ഓപ്പറേഷന്‍ സിന്ദൂറില്‍ മുന്‍നിരയിലുണ്ടായിരുന്ന കേണല്‍ സോഫിയ ഖുറേഷിയെ മധ്യപ്രദേശ് ബിജെപി മന്ത്രി വിജയ് ഷാ ‘ഭീകരവാദികളുടെ സഹോദരി’ എന്നു വിശേഷിപ്പിച്ചതു വിവാദമായി. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ടു മോദിജി പാഠം പഠിപ്പിച്ചുവെന്നായിരുന്നു പ്രസ്താവന.
തമിഴ്‌നാടിന്റെ മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദനം 419.74 ബില്യണ്‍ ഡോളറിലെത്തി. 2025ലെ കണക്കുകളാണ് പുറത്ത് വന്നിട്ടുള്ളത്. ഏകദേശം 374 ബില്യണ്‍ ഡോളര്‍ കണക്കാക്കപ്പെടുന്ന പാകിസ്ഥാന്റെ മൊത്തം ദേശീയ ആഭ്യന്തര ഉത്പാദനത്തെ വരെ മറികടന്നാണ് ഈ കുതിപ്പ്. തമിഴ്‌നാടിന്റെ അതിവേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ചയും വ്യാവസായിക മുന്നേറ്റവുമാണ് ഈ നേട്ടം സൂചിപ്പിക്കുന്നത്.

പഞ്ചാബില്‍ വ്യാജമദ്യദുരന്തത്തില്‍ മരണം 21 ആയി. അമൃത്സറിലെ മജിത ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ഗ്രാമങ്ങളിലാണ് മദ്യദുരന്തമുണ്ടായത്. മരിച്ചവരില്‍ ഭൂരിഭാഗവും ഭംഗാലി, പതല്‍പുരി, മരാരി കലന്‍, തരൈവാല്‍ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ മൂന്നാമത്തെ ദുരന്തമാണ് സംസ്ഥാനത്തേത്.
ദില്ലിയില്‍ നിന്ന് ഭുവനേശ്വറിലേക്ക് പോയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എസി പാതിവഴിയില്‍ തകരാറിലായെന്ന് യാത്രക്കാരന്‍. ദുരിതം പങ്കുവച്ച് യാത്രക്കാരന്റെ കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി കമ്പനിയും രംഗത്തെത്തി. എസി കേടായെന്നും യാത്രക്കാര്‍ക്ക് അസഹനീയമായ ചൂടില്‍ ദുരിതം അനുഭവിക്കേണ്ടി വന്നുവെന്നും ചിത്രങ്ങള്‍ സഹിതം യാത്രക്കാരന്‍ വ്യക്തമാക്കി.
ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ക്ക്, കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലേക്ക്. മെയ് 16 മുതലാണ് കൂടിക്കാഴ്ചകള്‍ക്കായി ഗോയലും സംഘവും അമേരിക്കയിലെത്തുക. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്റെ ആദ്യഘട്ടചര്‍ച്ചകളാണ് സന്ദര്‍ശനത്തിന്റെ പ്രധാന അജണ്ട.

ഇന്ത്യയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനെ പുറത്താക്കിയതിന് പിന്നാലെ, ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനെ പാകിസ്ഥാനും പുറത്താക്കി. ദില്ലിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ നടപടിയെടുത്തിരുന്നു.
അബദ്ധത്തില്‍ അതിര്‍ത്തി കടന്നതിന് പാകിസ്ഥാന്‍ കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാവന്‍ പികെ സാഹുവിനെക്കുറിച്ച് ഇപ്പോള്‍ അപ്ഡേറ്റ് നല്‍കാനില്ലെന്നും ജവാന്റെ മോചനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാവില്ലെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍.

അന്തർദേശീയം
ഇന്ത്യ- പാകിസ്താന്‍ വെടിനിര്‍ത്തല്‍ ധാരണ തന്റെ മിടുക്കുമൂലമെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഉപയോഗിച്ചാണ് ഇരു രാജ്യങ്ങളേയും വെടിനിര്‍ത്തല്‍ ധാരണയിലേക്ക് എത്തിച്ചതെന്നും നാലു വര്‍ഷം നീളേണ്ട സംഘര്‍ഷമാണ് താന്‍ അവസാനിപ്പിച്ചെന്നുമായിരുന്നു ട്രംപിന്റെ അവകാശവാദം. ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായുള്ള സൗദി സന്ദര്‍ശനിടെയായിരുന്നു ട്രംപിന്റെ പരാമര്‍ശം.
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി നടത്തിയ ചര്‍ച്ചയില്‍ തന്ത്രപ്രധാന സാമ്പത്തിക സഹകരണ കരാറും പ്രതിരോധ കരാറുകളിലും ഒപ്പുവെച്ച് സൗദി അറേബ്യ. 142 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ കരാറാണ് സൗദിയും അമേരിക്കയും ഒപ്പുവച്ചത്. വിവിധ വികസന പദ്ധതികള്‍ക്കായി യുഎസില്‍ 60,000 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ സൗദി തീരുമാനിച്ചു.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്റെ വടക്കന്‍ മേഖലയില്‍ റേഡിയേഷന്‍ ചോര്‍ച്ചയുണ്ടായെന്ന് വ്യാജ പ്രചാരണം. പാകിസ്ഥാന്‍ കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റേതെന്ന് അവകാശപ്പെടുന്ന ഒരു രേഖയാണ് ഈ പ്രചാരണം നടത്താന്‍ ഉപയോഗിക്കുന്നത്. എന്നാല്‍, ഈ രേഖ വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ട്.
ബംഗ്ലാദേശില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിനെ നിരോധിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ.

സിറിയയ്ക്ക് മേലുള്ള ഉപരോധം പിന്‍വലിക്കുമെന്ന് ഗള്‍ഫ് സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ ഈ പ്രഖ്യാപനത്തെ സൗദി കിരീടാവകാശി ഉള്‍പ്പെടെയുള്ള സദസ് ഏഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് സ്വീകരിച്ചത്. സിറിയയിലെ പുതിയ സര്‍ക്കാര്‍ രാജ്യത്തെ നന്നായി നയിക്കുമെന്ന പ്രതീക്ഷ പങ്കുവച്ചാണ് ട്രംപ്, സിറിയക്കെതിരായ അമേരിക്കന്‍ ഉപരോധം പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചത്.
കായികം
ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ടൂര്‍ണമെന്റിന്റെ പേര് സൂചിപ്പിക്കുന്ന പോലെ U17 എന്ന മാതൃകയിലാണ് ലോഗോ തയാറാക്കിയത്. ലോകകപ്പിലെ ജേതാക്കള്‍ക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും പിന്നാലെ വിരമിക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി മുതിര്‍ന്ന താരം മുഹമ്മദ് ഷമി. മാധ്യമറിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ഷോട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് ഷമിയുടെ പ്രതികരണം. ഇത്തരം റിപ്പോര്‍ട്ടുകള്‍ തന്റെ ഭാവിയെ ഇല്ലാതാക്കുന്നതാണെന്നും ഇനിയെങ്കിലും തന്നെക്കുറിച്ച് നല്ലത് എഴുതാന്‍ ശ്രമിക്കുവെന്നും ഷമി കുറിച്ചു.