തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ നടത്തിയ പ്രതിരോധ നടപടിയായ ‘ഓപ്പറേഷൻ സിന്ദൂർ’ യഥാർഥത്തിൽ പാക്കിസ്ഥാനിൽ എങ്ങനെ ബാധിച്ചുവെന്നു വ്യക്തമാക്കിയത് ഉപഗ്രഹ ചിത്രങ്ങളാണ്. അതിനു സഹായിച്ച ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ പുറത്തുവിട്ട സ്പേസ്ടെക് കമ്പനികളിലൊന്ന് മലയാളിയുടേതാണ്. നെയ്യാറ്റിൻകര സ്വദേശി ക്രിസ് നായർ നേതൃത്വം നൽകുന്ന കവാ (Kawa) സ്പേസ് ആണ് ഇന്ത്യൻ ആക്രമണങ്ങളുടെ വ്യാപ്തി തെളിയിച്ച ഉപഗ്രഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്.
‘എന്താണു സംഭവിച്ചതെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന ഉയർന്ന റെസല്യൂഷനുള്ള ചിത്രങ്ങളാണു ഞങ്ങൾ ഉപഗ്രഹ ഡേറ്റയിൽനിന്നു തയാറാക്കി പുറത്തുവിട്ടത്. ഇന്ത്യയുടെ പ്രത്യാക്രമണം പാക്കിസ്ഥാനെ എങ്ങനെ ബാധിച്ചുവെന്ന സത്യം സാങ്കേതിക ജ്ഞാനം കുറവുള്ളവർക്കുകൂടി മനസ്സിലാകുംവിധം ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം.–’ ക്രിസ് നായർ പറഞ്ഞു.
ഇന്ത്യയിൽ സ്വകാര്യ മേഖലയിലെ ആദ്യ ഉപഗ്രഹങ്ങളിലൊന്നായ ‘ഐസാറ്റ്’ നിർമിച്ച എക്സീഡ് സ്പേസ് എന്ന കമ്പനിയുടെ ഭാഗമായിരുന്ന ക്രിസ് നായർ സ്വന്തമായി ആരംഭിച്ച സ്പേസ് ടെക് കമ്പനിയാണ് കവാ സ്പേസ്. 2019 മാർച്ചിൽ തുടങ്ങിയ കമ്പനിക്ക് തുടക്കം മുതൽ മികച്ച നിക്ഷേപങ്ങൾ ലഭിച്ചിരുന്നു.