തിരുവല്ലയിലെ ബിവറേജസ് ഗോഡൗൺ കത്തി നശിച്ചു, കോടികളുടെ നഷ്ടം; അന്വേഷണം പ്രഖ്യാപിച്ച് എക്സൈസ് മന്ത്രി

Advertisement

പത്തനംതിട്ട: തിരുവല്ലയിൽ വളഞ്ഞവട്ടം ബിവറേജസ് ഔട്ട്ലെറ്റിലും ഗോഡൗണിലും വൻ തീപിടുത്തം. തിരുവല്ല പുളിക്കീഴ് ബിവറേജസ് കോര്‍പ്പറേഷന്‍റെ ഔട്ട്ലെറ്റും ഗോഡൗണും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപടര്‍ന്നത്. രാത്രി എട്ടോടെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിൽ ഒന്നാകെ തീ ആളിപ്പടര്‍ന്നു. വലിയരീതിയിലുള്ള തീപിടുത്തമാണ് ഉണ്ടായത്. കെട്ടിടം പൂര്‍ണമായും കത്തിയമര്‍ന്ന് തീ മുകളിലേക്ക് ആളിപ്പടര്‍ന്നു. തീ പടരുന്നത് കണ്ട് ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
സംഭവത്തെതുടര്‍ന്ന് തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിലെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഗോഡൗണില്‍ മുഴുവൻ തീ പടര്‍ന്നതോടെ കുപ്പികളടക്കം പൊട്ടിത്തെറിച്ചു. വലിയ രീതിയിൽ പൊട്ടിത്തെറിയുണ്ടായതിനാൽ തീ അണയ്ക്കുന്നതിന് വെല്ലുവിളി നേരിട്ടു. ഗോഡൗണിന് സമീപത്ത് ജവാൻ മദ്യ നിര്‍മാണ യൂണിറ്റുമുണ്ട്.

ഔട്ട്ലെറ്റിന്‍റെ കെട്ടിടവും ഗോഡൗണും പൂർണമായും കത്തി നശിച്ചു. കെട്ടിടത്തിന്‍റെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്നും തീ പടർന്നത് ആവാമെന്നാണ് പ്രാഥമിക നിഗമനം. അലൂമിനിയം ഷീറ്റിന്‍റെ മേൽക്കൂരിയുള്ള കെട്ടിടം പൂർണമായും കത്തിയമര്‍ന്നു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
തീപിടുത്തത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്താൻ എക്സൈസ് വകുപ്പ് മന്ത്രി സി എം ഡി ക്ക് നിർദ്ദേശം നൽകി