റേബീസ് വാക്സീന് ഗുണം നഷ്ടമാകുന്നോ?; പരിശോധിക്കണമെന്ന് ഡോക്ടർമാർ

Advertisement

തിരുവനന്തപുരം: പ്രതിരോധ കുത്തിവയ്പിനു ശേഷവും വൈറസ് ബാധിച്ചു മൂന്ന് കുട്ടികൾ മരിച്ചതിനു പിന്നാലെ റേബീസ് വാക്സീന്റെ ഗുണമേന്മ പരിശോധിക്കണമെന്നു ഡോക്ടർമാർ. ആരോഗ്യ ഡയറക്ടറേറ്റിന്റെ യോഗങ്ങളിലാണ് ഡോക്ടർമാർ ഈ ആവശ്യം ഉന്നയിച്ചത്. കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ (കെഎംഎസ്‌സിഎൽ) ഗോഡൗണിലും ആശുപത്രികളിലും പേവിഷ പ്രതിരോധ വാക്സീൻ ഉൾപ്പെടെയുള്ള മരുന്നുകൾ സൂക്ഷിക്കുന്നതിലും വിതരണം ചെയ്യുന്നതിലും വീഴ്ച സംഭവിക്കുന്നുണ്ടെന്നു മരുന്നു കമ്പനികൾ നേരത്തേ പരാതിപ്പെട്ടിരുന്നു. ഇതിനെ ശരിവയ്ക്കുന്നതാണ് ഡോക്ടർമാരുടെ ആവശ്യം.

ഹിമാചൽപ്രദേശിലെ കസൗളി റേബീസ് റിസർച് സെന്ററിൽ മൂന്ന് വർഷത്തിനുള്ളിൽ 13 തവണ വാക്സീനുകൾ പരിശോധിച്ചിട്ടുണ്ട്. ഒന്നിലും പ്രശ്നം കണ്ടെത്തിയില്ല. ആ സാഹചര്യത്തിലാണു സംഭരണത്തിലും വിതരണത്തിലും വീഴ്ച ഉണ്ടോയെന്നു പരിശോധിക്കണമെന്ന അഭിപ്രായം ഉയർന്നത്. റേബീസ് വാക്സീൻ ഉൾപ്പെടെ ശീതീകരിച്ചുമാത്രം സൂക്ഷിക്കേണ്ട മരുന്നുകളുണ്ട്. അവ ഗോഡൗണിൽ സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും മാനദണ്ഡപ്രകാരമല്ലെന്ന് കമ്പനികൾ പലതവണ കെഎംഎസ്‌സിഎലിനെ അറിയിച്ചിരുന്നു. പക്ഷേ, ക്വാളിറ്റി കൺട്രോൾ വിഭാഗം ഇതിനു പരിഹാരം കണ്ടിട്ടില്ല.

റേബീസ് വാക്സീനും ചില മരുന്നുകളും ഉൽപാദിപ്പിക്കുന്നതു മുതൽ രോഗികൾക്കു കുത്തിവയ്ക്കുന്നതുവരെ 2– 8 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ സൂക്ഷിക്കണം. താപനില കൂടുന്നതും കുറയുന്നതും ഫലം കുറയ്ക്കും. കമ്പനികൾ 24 മണിക്കൂറും ശീതീകരണിയുള്ള റീഫർ വാനുകളിലാണ് കോർപറേഷന്റെ ഗോഡൗണുകളിൽ വാക്സീനുകൾ എത്തിക്കുന്നത്. അതോടെ കമ്പനിയുടെ ഉത്തരവാദിത്തം തീരും. കോർപറേഷന് ഈ വാനുകൾ ഇല്ലാത്തതിനാൽ സാധാരണ വാഹനങ്ങളിലാണു വാക്സീൻ വിതരണം. ആശുപത്രികളിലെ ഫ്രിജുകളിൽ ഇവ സൂക്ഷിക്കും. താഴെത്തട്ടിലുള്ള ആശുപത്രികളിൽ ജനറേറ്ററില്ല. വൈദ്യുതി നിലച്ചാൽ ഏതാനും മണിക്കൂർ യുപിഎസിൽനിന്നു വൈദ്യുതി ലഭിക്കും. പിന്നാലെ ഫ്രിജ് ഓഫ് ആകും. ഈ ആശുപത്രികൾ രാത്രി എട്ടിന് അടയ്ക്കും. അതിനാൽ ജനറേറ്ററുള്ളതും രാത്രിയിൽ പ്രവർത്തിക്കുന്നതുമായ ആശുപത്രികളിൽ വാക്സീൻ സൂക്ഷിക്കണമെന്നാണു ഡോക്ടർമാരുടെ അഭിപ്രായം. മൃഗങ്ങളുടെ കടിയേറ്റാൽ 15 മിനിറ്റ് കഴുകിയാൽ നല്ല തോതിൽ വൈറസിനെ ഒഴിവാക്കാനാകുമെന്ന ബോധവൽക്കരണം ശക്തമാക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

നടപടിയെടുക്കാതെ തദ്ദേശ, മൃഗസംരക്ഷണ വകുപ്പുകൾ

തെരുവുനായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം വർധിച്ചിട്ടും നടപടിയെടുക്കാതെ തദ്ദേശ, മൃഗസംരക്ഷണ വകുപ്പുകൾ. തെരുവുനായ്ക്കളെ പിടികൂടാനും വന്ധ്യംകരണത്തിനുമായി 2022 ൽ ഇരുവകുപ്പുകളും തീവ്രയജ്ഞം നടപ്പാക്കിയിരുന്നു. തെരുവുനായ്ക്കളുടെ കടിയേറ്റ് കുട്ടി മരിച്ചതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ, ഇത്തവണ രണ്ടു വകുപ്പുകളും അനങ്ങിയിട്ടില്ല. എബിസി (അനിമൽ ബെർത്ത് കൺട്രോൾ) കേന്ദ്രങ്ങൾ വർധിപ്പിക്കുമെന്നും പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നുമാണ് സർക്കാർ നിലപാട്. ഇതിനു മുൻപ് തെരുവുനായ്ക്കളെ പിടികൂടി അഭയകേന്ദ്രങ്ങളിൽ പാർപ്പിക്കുന്നതു പ്രായോഗികമല്ലെന്നു കഴിഞ്ഞയാഴ്ച മന്ത്രി എം.ബി.രാജേഷ് പറഞ്ഞിരുന്നു. എബിസി കേന്ദ്രങ്ങൾ ഒരുക്കുന്നതിന് കേന്ദ്രത്തിന്റെ നിയമവ്യവസ്ഥകളാണു തടസ്സമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ജെ.ചിഞ്ചുറാണി ഇതെക്കുറിച്ചു പ്രതികരിച്ചിട്ടില്ല. കന്നുകാലി സെൻസസിന്റെ ഭാഗമായി ശേഖരിച്ച തെരുവുനായ്ക്കളുടെ എണ്ണവും പുറത്തുവിട്ടിട്ടില്ല. ഒടുവിൽ, 2019ൽ നടന്ന സെൻസസ് പ്രകാരം 2.89 ലക്ഷം തെരുവുനായ്ക്കൾ സംസ്ഥാനത്ത് ഉണ്ടെന്നാണു കണക്ക്.