തൃശൂര്‍ പൂരത്തിനിടെ ആനകളുടെ കണ്ണിലേക്ക് ലേസര്‍ ലൈറ്റുകള്‍ പ്രയോഗിച്ചതായി പാറമേക്കാവ് ദേവസ്വം. എഴുന്നള്ളിപ്പില്‍ ആനകളെ പങ്കെടുപ്പിക്കാതിരിക്കാന്‍ പരിശ്രമിച്ച സംഘടനകള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ലേസര്‍ ലൈറ്റുകളുടെ പ്രയോഗം ആനകള്‍ക്ക് അലോസരം ഉണ്ടാക്കി. പൂരപറമ്പില്‍ ഇതു നിരോധിച്ചിട്ടും എന്തിന് ഇത്തരം ലൈറ്റുകള്‍ ഉപയോഗിച്ചെന്ന് പാറമേക്കാവ് ദേവസ്വം ചോദിച്ചു. നവമാധ്യമങ്ങളുടെ റീല്‍സില്‍ ഇത്തരം ലൈറ്റുകള്‍ ഉപയോഗിക്കുന്നതായി കണ്ടെന്നും പരാതി നല്‍കുമെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് പറയുന്നു. ഡ്രോണുകള്‍ അനുവദിക്കാന്‍ പൊലീസ് നീക്കം നടത്തിയിരുന്നു.
ആനകള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുമെന്നതിനാല്‍ ഡ്രോണുകള്‍ നിരോധിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 72 മണിക്കൂര്‍ ഡ്രോണ്‍ നിരോധിത മേഖലയായി തൃശൂര്‍ നഗരത്തെ കലക്ടര്‍ പ്രഖ്യാപിച്ചിരുന്നു. ലേസര്‍ ലൈറ്റുകള്‍ ആനകളുടെ കണ്ണിലേക്ക് മനപൂര്‍വം അടിച്ചെന്ന സംശയമാണ് പാറമേക്കാവ് ദേവസ്വത്തിന്. ആന വിരണ്ടോടിയാല്‍ അത് ചൂണ്ടിക്കാട്ടി എഴുന്നള്ളിപ്പില്‍ ആനകളെ നിരോധിക്കാനുള്ള ശ്രമം ചില സംഘടനകളുടെ ഭാഗത്തു നിന്നുണ്ടെന്നും പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു.