വിനോദസഞ്ചാരത്തിനെത്തിയ ഒൻപത് വയസുകാരൻ മരിച്ചു; ഭക്ഷ്യ വിഷബാധയെ തുടര്‍ന്നെന്ന് സംശയം

Advertisement

ഇടുക്കി:മൂന്നാറില്‍ വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തിലെ ഒൻപത് വയസുകാരൻ മരിച്ചു. അടൂർ, പുതുശ്ശേരി ഭാഗം കൊച്ചായത്ത് വീട്ടില്‍ വിജയന്റെ മകൻ വൈശാഖ് ആണ് മരിച്ചത്.

വൈശാഖ് തന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസമാണ് മൂന്നാറില്‍ വിനോദ സഞ്ചാരത്തിന് എത്തിയത്. ഹോംസ്റ്റേയില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം വെള്ളിയാഴ്ചയാണ് സംഘം മടങ്ങിയത്.

ഭക്ഷ്യവിഷബാധയേറ്റാണോ വൈശാഖിന്റെ മരണമെന്ന് കുടുംബം സംശയം പ്രകടിപ്പിച്ചു. മടക്കയാത്രക്കിടെ സംഘത്തിലെ ചിലർക്കെല്ലാം വയറിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. എന്നാല്‍ രാവിലെ മുതല്‍ ഛർദ്ദി അനുഭവപ്പെട്ട വൈശാഖ് രാത്രിയോടെ അവശനായിരുന്നു.

തുടർന്ന് മൂന്നാറില്‍ നിന്ന് വൈശാഖിനെ ആംബുലൻസില്‍ നേര്യമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും പള്‍സ് കുറവായിരുന്നു. അവിടെ നിന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടു.

ഇവർക്കൊപ്പമുണ്ടായിരുന്ന വൈശാഖിന്റെ സഹോദരനും മറ്റൊരു കുട്ടിയും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.