2025 മെയ് 09 വെള്ളി
BREAKING NEWS
ഇന്നലെ രാത്രി ഇന്ത്യൻ സൈന്യം പാക് മണ്ണിൽ നടത്തിയ പോരാട്ടങ്ങൾ രാവിലെ 9 ന് ദില്ലിയിൽ വിദേശകാര്യ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ വിശദീകരിക്കും.
ഇമ്രാൻ ഖാൻ്റെ മോചനം ആവശ്യപ്പെട്ട് പാകിസ്ഥാനിൽ പ്രതിഷേധം ശക്തം
ജമ്മുവില്‍ പാക്കിസ്ഥാന്റെ തുടര്‍ച്ചയായ ആക്രമണ ശ്രമങ്ങള്‍. അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നു.
സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ജമ്മു സന്ദർശിക്കുന്നു.

പാകിസ്ഥാന് ഇന്ത്യയുടെ കനത്ത പ്രഹരം. 50 ഓളം പാക്ക് ഡ്രോണുകള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം. പാക്കിസ്ഥാന്റെ മൂന്ന് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടു.
രണ്ട് പാക്കിസ്ഥാന്‍ പൈലറ്റുമാരെ ഇന്ത്യ പിടികൂടി. ജമ്മു, പഠാന്‍കോട്ട് ഉധംപുര്‍ സൈനികത്താവളങ്ങളില്‍ പാക്കിസ്ഥാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണശ്രമം നടത്തി
എന്നാല്‍ ആര്‍ക്കും ജീവഹാനിയുണ്ടായിട്ടില്ലെന്നും ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. കാശ്മീരിലും രാജസ്ഥാനിലും പഞ്ചാബിലുമായി ഒട്ടേറെ ഡ്രോണുകളും മിസൈലുകളും ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തു.
പാക്കിസ്ഥാന്‍ ആക്രമണങ്ങള്‍ക്ക് ഇന്ത്യയുടെ കനത്ത മറുപടി. ഇസ്ലാമാബാദ്, ലാഹോര്‍, കറാച്ചി, പെഷാവര്‍, സിയാല്‍കോട്ട് തുടങ്ങി 12 ഇടങ്ങളില്‍ ഇന്ത്യയുടെ കനത്ത ആക്രമണം.
ഇന്ത്യയുടെ ആക്രമണത്തെ തുടര്‍ന്ന് പാക്ക് പ്രധാ,നമന്ത്രി ഷഹബാസ് ഷെരീഫിനെ വസതിയില്‍നിന്ന് മാറ്റി. ഷഹബാസ് ഷെരീഫിന്റെ ഔദ്യോഗിക വസതിക്ക് അടുത്തായി നിരവധി സ്ഫോടനങ്ങള്‍ നടന്നതായാണു വിവരം.
കറാച്ചി തുറമുഖത്ത് ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് ആക്രമണം നടത്തിയെന്നും വിവരങ്ങളുണ്ട്.

കേരളീയം
42കാരിയായ വളാഞ്ചേരി സ്വദേശിനിക്ക് നിപ ബാധയെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. നിപ സംശയിച്ചതോടെ ചികിത്സ ആരംഭിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മോനോക്ലോണ ആന്റിബോഡി രോഗിക്ക് നല്‍കാന്‍ തീരുമാനിച്ചു. വളാഞ്ചേരി നഗരസഭ രണ്ടാം വാര്‍ഡില്‍ 3 കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കും. ഇത് ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎല്‍എയെ നിയമിച്ചു. നിലവിലെ അധ്യക്ഷനായിരുന്ന കെ സുധാകരന്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയിലെത്തി. അടൂര്‍ പ്രകാശ് ആണ് യുഡിഎഫ് കണ്‍വീനര്‍. പിസി വിഷ്ണുനാഥ്, എപി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവര്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരാണ്.
കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള പ്രത്യേകതയുടെ ഭാഗമായാണ് സണ്ണി വന്നതെന്ന് കരുതുന്നുവെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫിനെ തെരഞ്ഞെടുത്ത സാഹചര്യത്തിലാണ് സുധാകരന്റെ പ്രതികരണം.

നിലവിലെ കെപിസിസി പ്രസിഡന്റായ കെ. സുധാകരനെ മാറ്റുകയല്ല ഉയര്‍ത്തുകയാണ് പുതിയ തീരുമാനത്തിലൂടെ ചെയ്തതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നിയമനിര്‍മാണങ്ങള്‍ക്കും നയങ്ങള്‍ക്കുമെതിരെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ മെയ് 20ന് നടക്കുന്ന ദേശീയ പണിമുടക്കിന് മാധ്യമപ്രവര്‍ത്തകരുടെയും മാധ്യമ ജീവനക്കാരുടെയും പിന്തുണ. പണിമുടക്കിന് അനുഭാവം പ്രഖ്യാപിച്ച് കേരള പത്രപ്രവര്‍ത്തക യുണിയനും കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷനും സംയുക്തമായി മെയ് 17ന് തിരുവനന്തപുരത്ത് ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിക്കും.
പാലക്കാട് കളക്ടറേറ്റില്‍ വിജിലന്‍സ് പരിശോധന. കൈക്കൂലി വാങ്ങുന്നതിനിടെ മൂന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ പിടികൂടി. ഡിവിഷണല്‍ അക്കൗണ്ടന്റ് ഓഫീസര്‍ സാലുദ്ദീന്‍ ജെ, ജൂനിയര്‍ സൂപ്രണ്ട് സി രമണി, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ശശീദരന്‍ എന്നിവരില്‍ നിന്നാണ് കൈക്കൂലി പണം പിടികൂടിയത്.
കോഴിക്കോട് കക്കോടി പഞ്ചായത്ത് പ്രസിഡന്റിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ഫേസ് ബുക്കില്‍ യുദ്ധ വിരുദ്ധ പോസ്റ്റ് ഇട്ട ഷീബ കക്കോടിക്കെതിരെയാണ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. പാക് അനുകൂല പരാമര്‍ശമാണ് സിപിഎം നേതാവ് കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെന്നാണ് ആരോപണം. പോസ്റ്റ് വിവാദമായതോടെ പിന്‍വലിക്കുകയായിരുന്നു.

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാകും ഫല പ്രഖ്യാപനം നടത്തുക. ഇതോടൊപ്പം തന്നെ ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുന്നതാണ്.
കിളിമാനൂരില്‍ റാപ്പര്‍ വേടന്റെ പ്രോഗ്രാമിനായി എല്‍ഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു. ആറ്റിങ്ങല്‍ കോരാണി ഇടക്കോട് സ്വദേശി ലിജു ഗോപിനാഥ് (42) ആണ് മരിച്ചത്. വൈകുന്നേരം 5മണിയോടെയാണ് അപകടം നടന്നത്.
കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മദ്യപിച്ച് പ്രശ്നം ഉണ്ടാക്കിയതിന് നടന്‍ വിനായകനെതിരെ കേസെടുത്ത് പൊലീസ്. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചു. ജീവനക്കാരോട് മോശമായി പെരുമാറിയെന്ന വിവരത്തെ തുടര്‍ന്നാണ് അഞ്ചാലുംമൂട് പൊലീസ് വിനായകനെ കസ്റ്റഡിയിലെടുത്തത്.

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അച്ചീവര്‍ പുരസ്‌കാരം നേടി മൂന്ന് വയസുകാരന്‍. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീര്‍ക്കുന്നം പള്ളിപ്പറമ്പില്‍ സജീര്‍ ജമാല്‍ – മുഫിലത്ത് സജീര്‍ ദമ്പതികളുടെ മകന്‍ സിദാന്‍ അലിയാണ് ഈ അത്യപൂര്‍വം നേട്ടം കരസ്ഥമാക്കിയത്.കഴിഞ്ഞ ദിവസം സിദാന്‍ അലി പുരസ്‌കാരം ഏറ്റുവാങ്ങി.
ആന്റിബയോട്ടിക്കു
കളുടെ അമിത ഉപയോഗം തടയാനുള്ള കാര്‍സാപ്പിന്റെ (കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) ഭാഗമായി സംസ്ഥാനം ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ വില്‍ക്കാന്‍ പാടില്ല എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഏതാണ്ട് പൂര്‍ണമായി നടപ്പാക്കാന്‍ കഴിഞ്ഞു എന്നും മന്ത്രി വ്യക്തമാക്കി.
രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേളയ്ക്ക് മലപ്പുറത്ത് തുടക്കം. കോട്ടക്കുന്ന് മൈതാനത്ത് നടന്ന ഉദ്ഘാടന പരിപാടി കായിക, ന്യൂനപക്ഷ ക്ഷേമ, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.

ദേശീയം
രാജസ്ഥാനിലെ ബികാനീറില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ വന്‍ സ്ഫോടനത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. ബികാനീര്‍ നഗരത്തിലെ കോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള തിരക്കേറിയ മദന്‍ മാര്‍ക്കറ്റിലാണ് സംഭവം. ഒരു കടയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ രാഷ്ട്രപതി അനുമതി നല്‍കി. റെയില്‍വെ മന്ത്രിയായിരിക്കെ ‘ഭൂമിക്ക് പകരം ജോലി’ എന്ന പേരില്‍ നടപ്പാക്കിയ പദ്ധതിയുടെ പേരില്‍ ഉയര്‍ന്ന കള്ളപ്പണ ആരോപണത്തിലാണ് ലാലു പ്രസാദ് യാദവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുമതി നല്‍കിയതെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
പാകിസ്താനെതി
രേയും പാകിസ്താന്റെ അവകാശവാദങ്ങള്‍ക്കെതിരേയും ആഞ്ഞടിച്ച് വിദേശകാര്യ വക്താവ് വിക്രം മിസ്രി. പിറവികൊണ്ട നാള്‍ മുതല്‍ നുണ പറയാനാരംഭിച്ച രാജ്യമാണ് പാകിസ്താനെന്നും അതിനാല്‍ത്തന്നെ പാക് നുണകളില്‍ അത്ഭുതമില്ലെന്നും 75 കൊല്ലം കൊണ്ട് ഇന്ത്യയ്ക്ക് അത് ശീലമായിക്കഴിഞ്ഞിരിക്കുകയാണെന്നും വിക്രം മിസ്രി പറഞ്ഞു.

ഭീകരാക്രമണ സാധ്യതയെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്ന് ജമ്മു കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത. ജയ്ഷ്-ഇ-മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ എന്നീ ഭീകരസംഘടനകള്‍ സുരക്ഷാ സേനയ്ക്ക് നേരെ ചാവേറാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നാണ് ജമ്മു കശ്മീരിലും പഞ്ചാബിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ജമ്മു കശ്മീരില്‍ പാകിസ്താന്റെ ഡ്രോണ്‍ ആക്രമണശ്രമം തകര്‍ത്ത് ഇന്ത്യന്‍ സൈന്യം. അന്‍പതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായി വിവരം. ഇന്നലെ സന്ധ്യയോടെയാണ് ആക്രമണശ്രമം ഉണ്ടായത്. തുടരെത്തുടരെ സ്ഫോടനശബ്ദങ്ങള്‍ കേട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പരിഭ്രാന്തരായി. സ്ഫോടനശബ്ദങ്ങള്‍ക്ക് .മുന്നോടിയായി കുപ് വാരയില്‍ എയര്‍ സൈറനുകള്‍ മുഴങ്ങി. ജമ്മുവും കുപ് വാരയും ബ്ലാക് ഔട്ടിലേക്ക് നീങ്ങി.
അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ കനത്ത ഡ്രോണ്‍ ആക്രമണത്തിലും ആളപായമില്ലെന്ന് സര്‍ക്കാര്‍. ജമ്മുവിലും അതിര്‍ത്തി സംസ്ഥാനങ്ങളിലും തുടര്‍ച്ചയായി ഡ്രോണ്‍ ആക്രമണം നടത്തിയെങ്കിലും ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. മൂന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്.

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യയെ ആക്രമിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്നും തക്കതായ മറുപടി നല്‍കിയെന്നും സൈനിക ഉദ്യോഗസ്ഥരും വിദേശകാര്യമന്ത്രാല സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ പാകിസ്ഥാന്‍ നടത്താനിരുന്ന ആക്രമണത്തെ നിര്‍വീര്യമാക്കി.
ഇന്ത്യ- പാക് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യങ്ങള്‍ക്കിടയില്‍ പ്രതിസന്ധി നേരിട്ട് പാക്കിസ്ഥാന്‍ ഓഹരി വിപണി. ബെഞ്ച്മാര്‍ക്ക് സൂചിക 7.2% ഇടിഞ്ഞതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ ഓഹരി വിപണി ഒരു മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചു.
ഇന്ത്യയുമായി യുദ്ധം ചെയ്താല്‍ പാകിസ്ഥാന് പരമാവധി 3 ദിവസം പിടിച്ചു നില്‍ക്കാന്‍ കഴിയുന്ന ആയുധ ബലമേയുളളുവെന്ന് പ്രതിരോധ വിദഗ്ധര്‍ പറയുമ്പോള്‍ രാജ്യാന്തര സാമ്പത്തിക ഏജന്‍സികള്‍ പറയുന്നത് യുദ്ധത്തോടെ പാകിസ്ഥാന്‍ തകര്‍ന്ന് തരിപ്പണമാകുമെന്നാണ്.
റഷ്യന്‍ നിര്‍മ്മിത എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനമാണ് കഴിഞ്ഞ രാത്രിയില്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണ ശ്രമങ്ങളെയെല്ലാം തകര്‍ത്തതെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ ഉപയോഗിച്ച എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം ലോകത്തിലെ ഏറ്റവും മാരകമായ, ഉപരിതലത്തില്‍ നിന്ന് തൊടുക്കുന്ന, മിസൈലുകളെ പോലും പ്രതിരോധിക്കുന്ന ഒന്നാണ്.
പാകിസ്ഥാനിലെ റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെയും ഡ്രോണ്‍ ആക്രമണം ഉണ്ടായെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ ഇന്ന് വൈകുന്നേരം നടക്കാനിരുന്ന പെഷവാര്‍ സല്‍മിയും കറാച്ചി കിംഗ്‌സും തമ്മിലുള്ള പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) മത്സരം റദ്ദാക്കി. പിഎസ്എല്ലിലെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം കറാച്ചി, ദോഹ, ദുബായ് എന്നീ മൂന്ന് വേദികളിലേക്ക് മാറ്റാന്‍ പിസിബി ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു.

പഞ്ചാബിലെ ഫിറോസ്പൂര്‍ സെക്ടറില്‍ അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) ഒരു പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി. ഔദ്യോഗിക സൈനിക വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുട്ടിന്റെ മറവില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് അതിര്‍ത്തി സുരക്ഷാ വേലിയിലേക്ക് നീങ്ങുന്ന നുഴഞ്ഞുകയറ്റക്കാരന്‍ ബിഎസഎഫിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറില്‍ കാണ്ഡഹാര്‍ വിമാന റാഞ്ചലിലെ സൂത്രധാരന്‍ അബ്ദുല്‍ റൗഫ് അഷറും കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്റെ സഹോദരന്‍ ആണ് കൊല്ലപ്പെട്ട അബ്ദുല്‍ റൗഫ്. മസൂദ് അസറിന്റെ കുടുബംത്തിലെ10 പേരും അടുപ്പമുള്ള 4 പേരും കൊല്ലപ്പെട്ടതായി വിവരം ഇന്നലെ പുറത്ത് വന്നിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറിന് രണ്ടാം ഘട്ടമുണ്ടെന്ന് സൂചന നല്‍കി കേന്ദ്രം. ഇന്ത്യയുടെ പട്ടികയിലുള്ള 21 ഭീകര കേന്ദ്രങ്ങളില്‍ കഴിഞ്ഞ രാത്രി ആക്രമിച്ചത് 9 എണ്ണം മാത്രമാണ്. പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാന്‍ മടിക്കില്ലെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാധാരണക്കാരെ ആക്രമിച്ചാല്‍ തക്കതായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് മന്ത്രിസഭാ യോഗം സ്വാതന്ത്ര്യം നല്‍കി.
അന്തർദേശീയം
ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയന്‍. യുഎസില്‍നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രവോസ്തയെ പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുത്തു. ഇദ്ദേഹം ഇനി ലിയോ പതിനാലാമന്‍ മാര്‍പാപ്പ എന്ന് അറിയപ്പെടും. യുഎസില്‍നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് ഇദ്ദേഹം. പുതിയ മാര്‍പ്പാപ്പ സ്ഥാനവസ്ത്രങ്ങള്‍ അണിഞ്ഞ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ എത്തി വിശ്വാസികളെ അഭിസംബോധന ചെയ്തു.
ലാഹോറിലും കറാച്ചിയിലും പാകിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിലും ഡ്രോണ്‍ ആക്രമണങ്ങളുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പാകിസ്ഥാനില്‍ തിരക്കിട്ട നീക്കങ്ങള്‍. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അടിയന്തര യോഗം വിളിച്ചു. ലാഹോറിലും പാകിസ്ഥാനിലെ മറ്റിടങ്ങളിലും ഡ്രോണ്‍ ആക്രമണം ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ യുഎസ് പൗരന്മാരോട് ലാഹോര്‍ വിടാന്‍ പാകിസ്ഥാനിലെ യുഎസ് എംബസി നിര്‍ദേശം നല്‍കി.
പാക് സൈനിക മേധാവി അസീം മുനീറിനെ സ്ഥാനത്ത് നിന്ന് നീക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍. പാക് സൈനിക മേധാവി രാജ്യസുരക്ഷയെ വ്യക്തി താത്പര്യങ്ങള്‍ക്കായി ബലി കഴിച്ചു എന്നാണ് പാകിസ്ഥാന്‍ സര്‍ക്കാരിന്റെ വിലയിരുത്തല്‍.
പാകിസ്ഥാനില്‍ ഇന്ത്യന്‍ തിരിച്ചടിക്ക് പുറമെ ആഭ്യന്തര കലാപവും പൊട്ടിപ്പുറപ്പെട്ടെന്ന് വിവരം. അഞ്ചിടങ്ങളില്‍ പാക് സൈനികരെ ബലൂച് ആര്‍മി നേരിട്ടു. ക്വറ്റ പിടിച്ചെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി അറിയിച്ചതായി വിവരമുണ്ട്.
ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ പാര്‍ലമെന്റ് സമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് പാകിസ്ഥാന്‍ എംപി താഹിര്‍ ഇഖ്ബാല്‍. പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ ദൈവത്തിന് മാത്രമേ സാധിക്കൂവെന്നും ദൈവം രക്ഷിക്കട്ടേയെന്നും പറഞ്ഞുകൊണ്ടായിരുന്നു കരച്ചില്‍. ഇന്ത്യന്‍ നീക്കത്തില്‍ പതറിയിരിക്കുകയാണ് പാകിസ്ഥാന്‍.
കായികം
ഐപിഎല്ലിലെ
പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഉപേക്ഷിച്ചു. ജമ്മുവില്‍ ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് മത്സരം റദ്ദാക്കിയതെന്ന് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ പ്രതികരിച്ചു.
ഐപിഎല്‍ പതിനെട്ടാം സീസണ്‍ ഉപേക്ഷിക്കാന്‍ സാധ്യത. ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ ബിസിസിഐയെ പ്രേരിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ബിസിസിഐ ഇന്ന് ഔദ്യോഗിക തീരുമാനമെടുക്കും.
ഇന്ത്യാ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ബാക്കി മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റിയതായി പിസിബി അറിയിച്ചു. നേരത്തെ റാവല്‍പിണ്ടി, മുള്‍ട്ടാന്‍, ലാഹോര്‍ എന്നിവിടങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അവസാന എട്ട് മത്സരങ്ങളും ഇനി യുഎഇയില്‍ നടക്കും.