സര്‍ക്കാര്‍ പരിപാടിയില്‍ വേദിയിലിരുന്നതിന് രാജീവ് ചന്ദ്രശേഖറിനെ വിമര്‍ശിച്ച സി.പി.എമ്മും ഒടുവില്‍ വെട്ടിലായി

757
Advertisement

സര്‍ക്കാര്‍ പരിപാടിയില്‍ വേദിയിലിരുന്നതിന് രാജീവ് ചന്ദ്രശേഖറിനെ വിമര്‍ശിച്ച സി.പി.എമ്മും ഒടുവില്‍ വെട്ടിലായി. കണ്ണൂരില്‍ സര്‍ക്കാരിന്റെ പരിപാടിയില്‍ സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് വേദിയിലിരുന്നതാണ് വിവാദത്തിനിടയാക്കിയത്. മുഴപ്പിലങ്ങാട്-ധര്‍മ്മടം ബീച്ച് ടൂറിസം പദ്ധതി ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിക്കും മന്ത്രി റിയാസിനുമൊപ്പം രാഗേഷ് വേദിയിലിരുന്നത്.
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തില്‍ സംസ്ഥാനത്തെ മന്ത്രിമാരെ സദസിലിരുത്തി ജനപ്രതിനിധി പോലുമല്ലാത്ത ബിജെപി സംസ്ഥാന അധ്യക്ഷനെ വേദിയില്‍ ഇരുത്തിയത് ചോദ്യം ചെയ്ത് ആദ്യം രംഗത്തുവന്നത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ്. ഇതേ റിയാസിനൊപ്പമാണ് ഇന്നലെ കെ കെ രാഗേഷ് വേദിയിലിരുന്നത്.
ഇന്നലെ മുഴപ്പിലങ്ങാട് നടന്ന സര്‍ക്കാര്‍ പരിപാടിയിലാണ് ജനപ്രതിനിധിയല്ലാത്ത സിപിഎം ജില്ലാ സെക്രട്ടറി മുന്‍നിരയില്‍ ഇരിപ്പുറപ്പിച്ചത്. പ്രോഗ്രാം നോട്ടീസില്‍ രാഗേഷിന്റെ പേരോ, മുന്‍ എംപി എന്ന നിലയില്‍ ക്ഷണമോ ഉണ്ടായിരുന്നില്ലെന്ന് ഡിടിപിസിയും വിശദീകരിച്ചതോടെ സിപിഎം തീര്‍ത്തും വെട്ടിലായി.

Advertisement