തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സമ്മതത്തോടെ സിൽവർലൈൻ പദ്ധതിക്ക് ഇ.ശ്രീധരൻ നൽകിയ ബദൽ നിർദേശം തൽക്കാലം പരിശോധിക്കുന്നില്ലെന്നു കേന്ദ്രസർക്കാർ. ശ്രീധരനു മറുപടി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും, സിൽവർലൈൻ ഡിപിആറിൽ നേരത്തേ നിർദേശിച്ച മാറ്റങ്ങൾ വരുത്തി പരിഷ്കരിച്ചു സമർപ്പിക്കാനും കേന്ദ്ര റെയിൽവേ മന്ത്രാലയം കെ റെയിലിനോടു നിർദേശിച്ചു. പരിഷ്കരിച്ച ഡിപിആർ കിട്ടുന്ന മുറയ്ക്ക് ഇ.ശ്രീധരന്റെ നിർദേശവും പരിശോധിക്കാമെന്നാണു നിലപാട്. ഇതോടെ, ഇ.ശ്രീധരന്റെ ഇടപെടലിൽ സിൽവർലൈൻ പദ്ധതിക്ക് അനുമതി നേടാമെന്ന സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ മങ്ങി.
പരമാവധി 200 കിലോമീറ്റർ വേഗത്തിൽ, സ്റ്റാൻഡേഡ് ഗേജിലുള്ള ‘സ്റ്റാൻഡ് എലോൺ പാത’യാണ് ഇ.ശ്രീധരന്റെ ബദൽ. ഇതു സംസ്ഥാന സർക്കാരിന്റെ സിൽവർലൈനുമായി യോജിക്കുന്നതാണ്. പാതയിൽ ഏറിയ പങ്കും തൂണുകളിലും തുരങ്കങ്ങളിലുമായിരിക്കണം, ഓരോ 30 കിലോമീറ്ററിലും സ്റ്റേഷൻ വേണം, പാത കണ്ണൂർ വരെ മതി എന്നിവ മാത്രമാണ് വ്യത്യസ്തമായി ശ്രീധരൻ അഭിപ്രായപ്പെട്ടത്.
എന്നാൽ പാത ബ്രോഡ് ഗേജാക്കണം, ഓരോ 50 കിലോമീറ്ററിലും നിലവിലെ റെയിൽപാതയുമായി ബന്ധിപ്പിക്കണം, ചരക്കു ട്രെയിനും ഓടിക്കാനാകണം, വേഗം 160 കിലോമീറ്റർ മതി തുടങ്ങിയവയായിരുന്നു ഡിപിആറിൽ ദക്ഷിണ റെയിൽവേ നിർദേശിച്ച മാറ്റങ്ങൾ.
ഇ.ശ്രീധരന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കാൻ ആവശ്യപ്പെട്ടു കോട്ടയം പെരുവ സ്വദേശി എം.ടി.തോമസ് സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിൽ, ഇക്കാര്യത്തിൽ ഒരു നടപടിയുമെടുത്തിട്ടില്ലെന്നു റെയിൽവേ മന്ത്രാലയം അറിയിച്ചു. ശ്രീധരൻ സമർപ്പിച്ച പദ്ധതി നിർദേശം കെ റെയിലിനും ദക്ഷിണ റെയിൽവേക്കും കൈമാറുക മാത്രമാണുണ്ടായത്.





































