കഞ്ചാവുമായി പിടിയിലായ റാപ്പര്‍ വേടന്റെ മാലയിലുള്ളത് പുലിപ്പല്ലാണെന്ന് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ റാപ്പറിനെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് എടുക്കും. കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചാലും പുലി പല്ല് കേസില്‍ ഹിരണ്‍ ദാസ് അകത്താകും.
ഫ്ലാറ്റില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതിന് പിന്നാലെയാണ് പൊലീസ് പുലി പല്ലുള്ള മാല കണ്ടെത്തിയത്. ഇത് താന്‍ തായ്ലന്റില്‍ നിന്ന് വാങ്ങിയതെന്നാണ് വേടന്റെ മൊഴി. ഇതിന് പിന്നാലെ വിവരം പൊലീസ് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് വനം വകുപ്പിന്റെ വിജിലന്‍സ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ മാലയിലേത് യഥാര്‍ഥ പുലിപ്പല്ലാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിന്റെ അടിസ്ഥാനത്തില്‍ കോടനാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ അടക്കമുള്ള സംഘം തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്. തുടര്‍ന്ന് പൊലീസ് കണ്ടെടുത്ത പുലി പല്ല് തുടര്‍നടപടികള്‍ക്കായി വനം വകുപ്പിന് കൈമാറും.
ഇന്ന് രാവിലെ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ആറ് ഗ്രാം കഞ്ചാവാണ് പിടികൂടിയത് എന്നാണ് പ്രാഥമിക വിവരം.