പമ്പ പൊലീസ് കൺട്രോൾ റൂമിനു മുന്നിലെ സിസിടിവി കല്ലെറിഞ്ഞ് തകർത്തു, 290000 രൂപയുടെ നഷ്ടം, 19കാരൻ അറസ്റ്റിൽ

Advertisement

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കേരള പൊലീസ് സ്ഥാപിച്ചിട്ടുള്ള പമ്പ പൊലീസ് കൺട്രോൾ റൂമിന് മുന്നിലെ സിസിടിവി ക്യാമറ കല്ലെറിഞ്ഞ് കേടുപാട് വരുത്തിയയാളെ അറസ്റ്റ് ചെയ്തു. ളാഹ പെരുനാട് വെട്ടിക്കോട്ടിൽ വീട്ടിൽ വിഷ്ണു (19)വാണ്‌ പമ്പ പൊലീസിന്റെ പിടിയിലായത്. പമ്പ ത്രിവേണിയിൽ 26ന് വൈകുന്നേരം അഞ്ചോടെ മരാമത്തു കോംപ്ലക്സിന് സമീപത്തെ പൊലീസ് കൺട്രോൾ റൂമിനു മുൻവശത്തെ ക്യാമറ മാറ്റി സ്ഥാപിക്കുന്നതിനിടെയാണ് അതിക്രമമുണ്ടായത്.

ജോലിക്കിടെ പാലക്കാട്‌ ഭഗവതി അസോസിയേറ്റ്സ് കമ്പനിയുടെ ടെക്‌നീഷ്യൻ സുജിത്തിനെ ചീത്ത വിളിച്ചുകൊണ്ട് പ്രതി ക്യാമറയുടെ മുന്നിലെ ഗ്ലാസിൽ കല്ലെടുത്തെറിയുകയായിരുന്നു. തുടർന്ന്, ക്യാമറ താഴെവീണു പൊട്ടി സെൻസറുകൾക്ക് ഉൾപ്പെടെ കെടുപാടുകൾ സംഭവിക്കുകയും ചെയ്തു. 290000 രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്.

ഭഗവതി അസോസിയേറ്റ്സിന്റെ സൂപ്പർവൈസർ വർക്കല സ്വദേശി ശരത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെയുള്ള വകുപ്പുകൾ ചേർത്ത് പമ്പ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്ഥിരമായി ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന ആളാണ് പ്രതിയെന്ന് അന്വേഷണത്തിൽ വ്യക്തമായി. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇയാൾ അതിക്രമം കാട്ടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.