വാർത്താ നോട്ടം
2025 ഏപ്രിൽ 25 വെള്ളി
BREAKING NEWSപഹൽഗാം കൂട്ടകൊലയിൽ പങ്കാളികളായ കാശ്മീരി സ്വദേശികളായ രണ്ട് ഭീകരരുടെ വീടുകൾ പ്രാദേശിക ഭരണകൂടം ഇടിച്ചു നിരത്തി
പഹൽഗ്രാം ഭീകരാക്രമണം രണ്ട് രേഖാചിത്രം കൂടി പുറത്ത് വിട്ടു.അഞ്ചിൽ നാല് പേരെ തിരിച്ചറിഞ്ഞു. 2 പേർ പാകിസ്ഥാനികൾ.
പഹൽഗ്രാം ആക്രമണത്തിന് നേതൃത്വം നൽകിയത് പാക് ഭീകരൻ ഹാഷിഷ് മൂസയെന്ന് സ്ഥിരീകരണം.
പഹൽഗാം കൂട്ടകൊല: എറണാകുളത്ത് ചങ്ങമ്പുഴ പാർക്കിൽ രാമചന്ദ്രന് ആദരാഞ്ജലി അർപ്പിച്ച് ഗവർണർ രാജേന്ദ്ര അർലേക്കറും മന്ത്രി പി രാജീവും
ബന്ദിപ്പൂരിൽ സൈന്യവുമായി ഏറ്റുമുട്ടൽ കുൽനാർ, ബാസിപ്പോര മേഖലകളിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ജമ്മുവിലേക്ക് കൂടുതൽ സേനയെ അയയ്ക്കും
ജമ്മു കാശ്മീരിൽ നിയന്ത്രണ രേഖയിൽ പാക് ആർമിയുടെ വെടിവെയ്പ്പ്.ശക്തമായി തിരിച്ചടിച്ചതായി ഇന്ത്യൻ സേന.
പഹൽഗാം അതിക്രമം
ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതലയോഗം കരസേന മേധാവിയും രാഹൂൽ ഗാന്ധിയും ഇന്ന് കാശ്മീരിൽ.
തമിഴ്നാട് തിരുവള്ളൂവർ തിരുവിലങ്ങാട് ട്രയിൻ അട്ടിമറി ശ്രമം
ചെന്നൈ- ആറക്കോണം റൂട്ടിലാണ് സംഭവം. ബോൾട്ടുകൾ അഴിച്ചുമാറ്റിയ നിലയിൽഎരുമക്കൊല്ലിയിലെ കാട്ടാന ആക്രമണം: മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെ എത്തിച്ച് കാട്ടാനകളെ തുരത്തും
തോൽപ്പെട്ടി ചെക്ക് പോസ്റ്റിന് സമീപം നിർത്തിയിട്ടിരുന്ന കാർ കാട്ടാന തകർത്തു
വടകര കോട്ട പളളിയിൽ ഹാഷിഷ് ഓയിലുമായി ചുണ്ടക്കൈ സ്വദേശി വാജിദാണ് പിടിയിലായത്.
കേരളീയം
വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. മേപ്പാടി എരുമക്കൊല്ലി പൂളക്കൊല്ലി സ്വദേശി അറുമുഖന്‍ ആണ് മരിച്ചത്. എരുമക്കൊല്ലിയില്‍ വെച്ചുണ്ടായ കാട്ടാനയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 8 മണിയോടെയാണ് ആക്രമണം ഉണ്ടായത്.
വയനാട് മേപ്പാടി എരുമകൊല്ലി പൂളക്കുന്ന് ഉന്നതിയിലെ അറുമുഖന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതില്‍ സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധിച്ചു.
എറണാകുളം അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ മുന്‍ ബാങ്ക് പ്രസിഡന്റ് പി ടി പോളിന്റെ ഭാര്യ എല്‍സി റിമാന്റില്‍. 89 കോടി രൂപയുടെ തട്ടിപ്പ് കേസിലാണ് ക്രൈം ബ്രാഞ്ച് എല്‍സിയെ അറസ്റ്റ് ചെയ്തത്. മരിച്ച പി ടി പോള്‍ ആയിരുന്നു കേസില്‍ ഒന്നാം പ്രതി.
കേരള സര്‍ക്കാര്‍ നടപ്പാക്കിയ കൊച്ചി വാട്ടര്‍ മെട്രോ 40 ലക്ഷം യാത്രക്കാരെ സ്വന്തമാക്കി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നു. കൊച്ചിയിലെത്തുന്ന വിവിഐപികളുടെ മുതല്‍ സാധാരണക്കാരുടെ വരെ ടൂറിസം ഡെസ്റ്റിനേഷനായി മാറിക്കഴിഞ്ഞ വാട്ടര്‍മെട്രോ സര്‍വ്വീസ് മൂന്നാം വര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.
അടുത്ത വര്‍ഷം മുതല്‍ സബ്ജക്ട് മിനിമം 5,6,7 ക്‌ളാസുകളിലും നടപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അതായത് യുപി ക്ലാസ് എഴുത്ത് പരീക്ഷകള്‍ക്ക് പാസാകാനും ഇനി മുതല്‍ മിനിമം മാര്‍ക്ക് തിട്ടപ്പെടുത്തുമെന്ന് സാരം.
മതാടിസ്ഥാനത്തില്‍ വിവരശേഖരണം നടത്താന്‍ നിര്‍ദേശം നല്‍കിയ ഉന്നത ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് മനോജ് പി കെ, ജൂനിയര്‍ സൂപ്രണ്ട് അപ്‌സര എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ലഹരി കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം. എസിപിമാരായ കെ ജയകുമാര്‍,അബ്ദുള്‍ സലാം, രാജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുക.
കോട്ടയത്ത് കളക്ടറേറ്റില്‍ ലഭിച്ച ഭീഷണി സന്ദേശം പുറത്ത്. തമിഴ്‌നാട് സ്വദേശികള്‍ക്കെതിരെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. 2 മണിക്ക് ബോംബ് സ്ഫോടനം ഉണ്ടാകുമെന്നായിരുന്നു ഭീഷണി.
സാമൂഹ്യ, ക്ഷേമ പെന്‍ഷനുകളുടെ കുടിശികയില്‍ ഒരു ഗഡുകൂടി അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മെയ് മാസത്തെ പെന്‍ഷനൊപ്പം ഒരു ഗഡു കുടിശിക കൂടി നല്‍കാന്‍ നിര്‍ദേശിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. അടുത്ത മാസം പകുതിക്കുശേഷം പെന്‍ഷന്‍ വിതരണം തുടങ്ങാനാണ് നിര്‍ദേശം.
സ്വന്തം മകളെ പീഡിപ്പിച്ച കേസില്‍ പിതാവിനെ 17 വര്‍ഷം കഠിന തടവിന് വിധിച്ച് കോടതി. ഇടുക്കി ജില്ലയിലെ പൂമാല സ്വദേശിയായ 41 കാരനെതിരെയുള്ള കേസിലാണ് വിധി വന്നത്. 17 വര്‍ഷത്തെ കഠിന തടവ് കൂടാതെ 1,50,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.
പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജി കൊലപാതക കേസ് പ്രതി മന്ത്രവാദിനി ജിന്നുമ്മയ്ക്കും കൂട്ടാളിക്കും ജാമ്യം. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കക്കയം ജലവൈദ്യുതപദ്ധതിയുടെ പെന്‍സ്റ്റോക്കില്‍ ലീക്കേജിനെ തുടര്‍ന്ന് വൈദ്യുതോത്പാദനം നിര്‍ത്തിവച്ചതോടെ മലബാറില്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിപ്പ്. ഇന്നും നാളെയും മലബാറിന്റെ ചിലഭാഗങ്ങളില്‍ അരമണിക്കൂര്‍ നേരത്തേക്കാകും വൈദ്യുതി നിയന്ത്രണം. നിയന്ത്രണം.
ദേശീയം
പഹല്‍ഗാം ഭീകരാക്രമണത്തിന്റ പശ്ചാത്തലത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ വ്യോമ, നാവിക സേനകള്‍. അറബിക്കടലില്‍ മിസൈല്‍ പരീക്ഷണം നടത്തിയാണ് ഇന്ത്യന്‍ നാവിക സേന ശക്തി തെളിയിച്ചത്. ഇന്ത്യന്‍ നാവിക സേനയുടെ ഗൈഡഡ് മിസൈല്‍ നശീകരണ കപ്പിലായ ഐഎന്‍എസ് സൂറത്തിലാണ് സര്‍ഫസ് ടു എയര്‍ മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്.
പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന നാഴികക്കല്ലാണ് പിന്നിട്ടതെന്ന് നാവികസേന പ്രതികരിച്ചു. ഇതിനിടെ, വ്യോമാഭ്യാസം നടത്തിയാണ് ഇന്ത്യന്‍ വ്യോമസേന മുന്നറിയിപ്പ് നല്‍കിയത്. ആക്രമണ്‍ എന്ന പേരില്‍ സെന്‍ട്രല്‍ സെക്ടറിലാണ് വ്യോമാഭ്യാസം നടത്തിയത്.
തിരിച്ചടി ഭയക്കുന്ന പാകിസ്താന്‍ ഇതിനുപിന്നാലെ നിയന്ത്രണരേഖയില്‍ സേനാ വിന്യാസം വര്‍ധിപ്പിക്കുകയും റാവല്‍പിണ്ടിയിലെ സേനാ കേന്ദ്രത്തിന്റെ സുരക്ഷ കൂട്ടുകയും ചെയ്തു.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് അട്ടാരി അതിര്‍ത്തിയിലെ ബീറ്റിങ് റിട്രീറ്റ് ചടങ്ങുകളില്‍ മാറ്റം വരുത്താന്‍ തീരുമാനം. അട്ടാരി, ഹുസൈനിവാല, സദ്കി എന്നിവിടങ്ങളില്‍ നടക്കുന്ന ചടങ്ങിലാണ് മാറ്റം വരുത്തുക. ചടങ്ങിനിടെ ഗേറ്റുകള്‍ അടച്ചിടാനും ഗാര്‍ഡ് കമാന്‍ഡര്‍മാര്‍ തമ്മിലുള്ള പ്രതീകാത്മക ഹസ്തദാനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും തീരുമാനമായിട്ടുണ്ട്.
അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ച് കടന്ന ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാന്‍. ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ പി കെ സിംഗ് ആണ് പാകിസ്ഥാന്റെ കസ്റ്റഡിയിലായത്. പഞ്ചാബ് അതിര്‍ത്തിയിലാണ് സംഭവം. ജവാന്റെ മോചനത്തിനായി ഇരുസേനകളും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചടതക്കമുള്ള കടുത്ത നടപടികളിലേക്ക് ഇന്ത്യ കടന്നതിന് പിന്നാലെ നടപടിയുമായി പാകിസ്ഥാന്‍. സിന്ധു നദീജല കരാര്‍ ലംഘിക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി.
ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനൊപ്പമാണ് അമിത് ഷാ രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയത്. കശ്മീരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് രാഷ്ട്രപതിയോട് വിശദീകരിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. പാകിസ്ഥാനികള്‍ക്ക് വിസ നല്‍കുന്നത് ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു. ഇതുവരെ നല്‍കിയ വിസകള്‍ ഞായറാഴ്ച റദ്ദാക്കും. മെഡിക്കല്‍ വിസകള്‍ ചൊവ്വാഴ്ചയോടെ റദ്ദാക്കും. പാകിസ്ഥാന്‍ പൗരന്‍മാര്‍ ഇന്ത്യ വിടണമെന്നും ഇന്ത്യന്‍ പൗരന്മാര്‍ പാകിസ്ഥാനില്‍ നിന്ന് മടങ്ങണമെന്നും നിര്‍ദ്ദേശം നല്‍കി.
ബൈസരണ്‍ താഴ്വര വിനോദസഞ്ചാരികള്‍ക്കായി തുറന്നുനല്‍കിയ കാര്യം പ്രാദേശിക അധികൃതര്‍ സുരക്ഷാ ഏജന്‍സികളെ ധരിപ്പിച്ചിരുന്നില്ലെന്ന് സൂചന. ജൂണില്‍ തുറക്കേണ്ട ബൈസരണ്‍ താഴ്വര ഏപ്രില്‍ 20ന് തുറന്നത് സുരക്ഷാ സേന അറിഞ്ഞില്ലെന്നും ഇത് സുരക്ഷാസേനയുടെ അറിവോടെയല്ലെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ യോഗത്തില്‍ വ്യക്തമാക്കിയെന്ന് സര്‍വകക്ഷിയോഗത്തിനുശേഷം ഹാരിസ് ബീരാന്‍ എംപി മാധ്യമങ്ങളോട് പറഞ്ഞു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം നടക്കുന്ന നാളെ ഇന്ത്യയിലും ഔദ്യോഗിക ദുഃഖാചരണം. ഇന്ത്യന്‍ സമയം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്‌കാര ചടങ്ങുകള്‍. വത്തിക്കാന്‍ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജര്‍ ബസലിക്കയിലാണ് ചടങ്ങുകള്‍ നടത്തുക.
തമിഴ്‌നാട് മന്ത്രി ദുരൈമുരുകന്‍ സ്വത്ത് സമ്പാദനക്കേസില്‍ വിചാരണ നേരിടണമെന്ന് മദ്രാസ് ഹൈക്കോടതി. ദുരൈമുരുകനേയും ഭാര്യയേയും വെറുതെ വിട്ട വെല്ലൂര്‍ കോടതിവിധിയാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയത്. സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് ദുരൈമുരുകന്‍ നേരിട്ടിരുന്നത്.
വിനോദ സഞ്ചാരികളെ ഭീകരരില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പഹല്‍ഗാമില്‍ വെടിയേറ്റ് മരിച്ച സയ്യിദ് ആദില്‍ ഹുസൈന്‍ ഷായുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ഭീകരരെ തടഞ്ഞ് തോക്ക് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് കുതിരക്കാരനായ സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ (30) കൊല്ലപ്പെട്ടത്.
ജമ്മു കശ്മീരിലെ പഹല്‍ഗാമിലും പുല്‍വാമയിലും നടന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയതിന് അസമിലെ എംഎല്‍എ അമിനുള്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്ത് പൊലീസ്.
കുടുംബത്തോട് സംസാരിക്കാന്‍ അനുവദിക്കണമെന്ന മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയുടെ അപേക്ഷ ദില്ലി പട്യാല ഹൗസ് കോടതി തള്ളി. നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുപോകാന്‍ സാധ്യതയുണ്ടെന്ന് റാണയുടെ ആവശ്യത്തെ എതിര്‍ത്ത എന്‍ഐഎ കോടതിയില്‍ വാദിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ സര്‍വ്വകക്ഷി യോഗം നടന്നു. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിളിച്ച യോഗത്തില്‍ പ്രധാനപ്പെട്ട എല്ലാ പാര്‍ട്ടി നേതാക്കളും പങ്കെടുത്തു. .
ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും. കോണ്‍ഗ്രസ് ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഭരണഘടന സംരക്ഷണ റാലി ഏപ്രില്‍ 27ലേക്ക് മാറ്റി.
അന്തർദേശീയം
ഫ്രാൻസിസ് മാര്‍പാപ്പയെ അവസാനമായി ഒരുനോക്ക് കാണാന്‍ ലോകമെമ്പാടും നിന്ന് ജനപ്രവാഹമാണ്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തി ഇന്നലേയും അന്ത്യാഞ്ജലി അര്‍പ്പിച്ചത് ആയിരങ്ങളാണ്.
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നാളെ നടക്കുന്ന സംസ്‌കാര ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ത്യയെ പ്രതിനിധീകരിക്കും. ഇന്ന് റോമിലെത്തുന്ന രാഷ്ട്രപതി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ മാര്‍പ്പാപ്പയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കും.
കായികം
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 11 റണ്‍സിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബെംഗളൂരു 70 റണ്‍സെടുത്ത വിരാട് കോലിയുടേയും 50 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലിന്റേയും മികവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തു.






