തിരുവനന്തപുരം. അമ്പലമുക്ക് വിനീത കൊലക്കേസിലെ പ്രതി രാജേന്ദ്രന് വധശിക്ഷ വിധിച്ച് കോടതി. തൂക്കുകയറല്ലാതെ മറ്റൊരു ശിക്ഷയും വിധിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.പ്രതിയുടെ മാനസിക നിലയും മുൻകാല ക്രിമിനൽ പശ്ചാത്തലവും വിശദമായി പരിശോധിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.കൊടും ക്രൂരതയ്ക്ക് വധശിക്ഷ വിധിച്ച കോടതിയോട് നന്ദിയെന്നു
വിനീതയുടെ ബന്ധുക്കളും പ്രതികരിച്ചു.
കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണന്നുള്ള പ്രോസിക്യൂഷൻ വാദത്തെ തുടർന്ന് പ്രതിയുടെ മാനസിക നില പരിശോധന റിപ്പോർട്ട് അടക്കം 7 റിപ്പോർട്ടുകൾ കോടതി വിശദമായി പരിശോധിച്ചിരുന്നു.കൊടും കുറ്റവാളിയായ രാജേന്ദ്രന് മാനസിക പരിവർത്തന സാധ്യത ഇല്ലെന്നായിരുന്നു പോലീസ് അറിയിച്ചത്.പ്രതിയായ രാജേന്ദ്രൻ കൊടും കുറ്റവാളിയാണന്നും കവർച്ചക്കിടെ തമിഴ്നാട്ടിലും കേരളത്തിലും 4 ക്രൂരകൊലപാതകങ്ങൾ നടത്തിയെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
ജീവപര്യന്തം ശിക്ഷ നൽകിയൽ ശിക്ഷാ ഇളവ് നേടി പ്രതി സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന് ഉറപ്പ് പറയാനാകില്ലെന്നും
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ധീൻ കോടതിയെ അറിയിച്ചു.
ശിക്ഷ വിധിക്കും മുൻപ് എന്തെങ്കിലും പറയാനുണ്ടോ എന്ന് ആരാഞ്ഞ കോടതിയോട് തനിക്ക് 70 വയസുള്ള അമ്മയുണ്ടെന്നും അമ്മയുടെ സംരക്ഷണം തന്‍റെ ചുമതലയിലാണെന്നും പ്രതി പറഞ്ഞു. എന്നാൽ പ്രോസിക്യൂഷൻ വാദങ്ങൾ പൂർണമായും അംഗീകരിച്ചാണ് കോടതി പ്രതിക്ക് വധ ശിക്ഷ വിധിച്ചത്
പരമാവധി ശിക്ഷ നൽകിയ കോടതിയോട് നന്ദി അറിയിച്ചു വിനീതയുടെ ബന്ധുക്കൾ
2022 ഫെബ്രുവരി ആറിനായിരുന്നു തിരുവനന്തപുരം നഗരത്തെ നടുക്കിയ കൊലപാതകം നടന്നത്. അലങ്കാര ചെടി വിൽപ്പന സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന വിനീതയുടെ കഴുത്തിൽ കിടന്ന സ്വർണമാല മോഷ്ടിക്കാനാണ് തമിഴ്നാട് തോവാള സ്വദേശി രാജേന്ദ്രൻ കൊലപാതകം നടത്തിയത്.തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തി ജാമ്യത്തിൽ
കഴിയുമ്പോഴാണ് തിരുവനന്തപുരത്തും
കൊലപാതകം നടത്തിയത്.തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹനാണ് വധ ശിക്ഷ വിധിച്ചത്.