തിരുവനന്തപുരം: പേരൂർക്കടയിലെ അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരിയായിരുന്ന വിനീതയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി.
കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗർ സ്വദേശി രാജേന്ദ്രനാണ് വധശിക്ഷ വിധിച്ചത്. രാജേന്ദ്രൻ കുറ്റക്കാരനെന്ന് ഏപ്രില്‍ 10ന് കോടതി കണ്ടെത്തിയിരുന്നു.
ഏഴാം അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി ജഡ്ജി പ്രസൂണ്‍ മോഹനാണ് കേസ് പരിഗണിച്ചത്. വധശിക്ഷയ്ക്ക് പുറമേ 8,10,500 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതില്‍ നാല് ലക്ഷം രൂപ മരിച്ച വിനീതയുടെ മക്കള്‍ക്ക് നല്‍കണം. പ്രതിക്ക് വധശിക്ഷ നല്‍കാനുള്ള എല്ലാ കാരണങ്ങളും ഉണ്ടായിരുന്നുവെന്ന് കോടതി വ്യക്തമാക്കി. റിപ്പോർട്ടുകള്‍ പരിശോധിച്ചതില്‍ നിന്ന് പ്രതി സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള ഒരു സാദ്ധ്യതയും ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രതിയുടെ കുറ്റകൃത്യം അപൂർവ്വങ്ങളില്‍ അപൂർവ്വമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ജില്ലാ കളക്ടർ, മനഃശാസ്ത്രജ്ഞൻ, തിരുവനന്തപുരത്തെയും തമിഴ്നാട്ടിലെയും ജയില്‍ സൂപ്രണ്ടുമാർ, കന്യാകുമാരി, തിരുവനന്തപുരം ജില്ലകളിലെ പ്രൊബേഷണറി ഓഫീസർമാർ, സിറ്റി പൊലീസ് കമ്മീഷണർ, റവന്യൂ ഡിപ്പാർട്ട്‌മെന്റ് എന്നിവർ അടക്കം റിപ്പോർട്ട് നല്‍കാൻ കോടതി നിർദ്ദേശിച്ചിരുന്നു.
പ്രതിക്കെതിരെ കൊലപാതകം, കവർച്ചയ്ക്കിടെ കൊലപ്പെടുത്തല്‍, അന്യായമായി കടന്നുകയറല്‍, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. പ്രതി സമാന രീതിയില്‍ തമിഴ്നാട്ടില്‍ മൂന്ന് കൊലപാതകങ്ങള്‍ ചെയ്ത് ശേഷം ജാമ്യത്തില്‍ കഴിയവേയാണ് വിനീതയെ കൊലപ്പെടുത്തിയത്.