പോപ്പിനെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ്: കർദിനാൾ കൂവക്കാടിന് പ്രധാന ചുമതല

Advertisement

വത്തിക്കാൻ സിറ്റി: പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് ഔപചാരികമായ തുടക്കം കുറിക്കുന്ന നടപടിക്രമങ്ങളിൽ കർദിനാൾ മാർ ജോർജ് കൂവക്കാടിനു പ്രധാന ചുമതല. കർദിനാൾ സംഘത്തിലെ ഒൻപത് ഇലക്ടറൽമാർക്കു ചുമതലകൾ ഏൽപിക്കുന്നതിനായി നറുക്കെടുക്കുക അദ്ദേഹമാകും.

വോട്ടുകൾ എണ്ണുന്ന മൂന്ന് കർദിനാൾമാർ, രോഗം കാരണം സന്നിഹിതരാകാൻ കഴിയാത്ത ഇലക്ടറൽമാരിൽനിന്നു ബാലറ്റ് ശേഖരിക്കുന്ന മൂന്ന് കർദിനാൾമാർ, വോട്ടെണ്ണലിന്റെ കൃത്യത പരിശോധിക്കുന്ന മൂന്ന് കർദിനാൾമാർ എന്നിവരെ അദ്ദേഹം തെരഞ്ഞെടുക്കും.

അതീവരഹസ്യമായി കോൺക്ലേവ് നടക്കുന്ന വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിന്റെ വാതിലുകൾ തുറക്കുന്നതും അടയ്ക്കുന്നതും മാർ കൂവക്കാടിന്റെ മേൽനോട്ടത്തിലാകും. വോട്ട് പരിശോധനയ്ക്കു ശേഷം ബാലറ്റുകൾ കത്തിക്കാനുള്ള മേൽനോട്ടവും അദ്ദേഹത്തിനാണെന്നാണു സൂചന.

പുതിയ മാർപാപ്പയുടെ തെര‍ഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നതിന് കർദിനാൾ കോളജിന്റെ സെക്രട്ടറിയെയും പേപ്പൽ ലിറ്റർജിക്കൽ സെലിബ്രേഷൻസിന്റെ മാസ്റ്ററെയും തെരഞ്ഞെടുത്ത് ഹാളിലേക്കു വിളിപ്പിക്കുന്നതും മാർ കൂവക്കാടിന്റെ മേൽനോട്ടത്തിലാകും.

2024 ഡിസംബർ ഏഴിന് വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയാണ് മാർ ജോർജ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനാരോഹണം നടത്തിയത്. വൈദികനായിരിക്കെ കർദിനാൾ പദവിയിലേക്കെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം. 2021 മുതൽ ഫ്രാൻസിസ് മാർപാപ്പയുടെ വിദേശയാത്രകളുടെ ചുമതല വഹിച്ചു. നിലവിൽ വത്തിക്കാനിൽ മതസൗഹാർദ ഡിക്കസ്റ്ററിയുടെ പ്രീഫെക്റ്റാണ്.