ഷൈൻ കേസില്‍ പൊലീസിന് പുതിയ ‘ഭയം’; പരിശോധനാ ഫലം നെഗറ്റീവായാല്‍ തിരിച്ചടിയാകും, വലിയ വെല്ലുവിളി

Advertisement

കൊച്ചി: ലഹരിക്കേസില്‍ ഷൈൻ ടോം ചാക്കോയ്ക്ക് എതിരായ നടപടികള്‍ തിരിച്ചടിയാകുമെന്ന ആശങ്കയില്‍ പൊലീസ്. നടൻ ലഹരി ഉപയോഗിച്ചതിന്റെ തെളിവുകള്‍ കണ്ടെത്താൻ പൊലീസിന് ഇനിയും സാധിച്ചിട്ടില്ല.

ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുള്ള ഷൈനിന്റെ മുടി ഉള്‍പ്പടെയുള്ളവയുടെ പരിശോധനഫലം അനുകൂലമായില്ലെങ്കില്‍ പൊലീസിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാകും.

പരിശോധന ഫലം അനുകൂലമാണെങ്കില്‍ക്കൂടി ഏത് ലഹരി മരുന്നാണ്, എപ്പോഴാണ് ഉപയോഗിച്ചത് എന്നൊക്കെയുള്ള കണ്ടെത്തലുകള്‍ നടത്താൻ സാധിക്കില്ലെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. പൊലീസ് അന്വേഷണത്തിനും തുടർ നടപടികള്‍ക്കും ഇത് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. കേസില്‍ ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ രണ്ടാം ഘട്ട മൊഴിയെടുപ്പ് അടക്കമുള്ള കാര്യങ്ങളുമായി പൊലീസിന് മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ.

മയക്കുമരുന്ന് കേസില്‍ ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ ശക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞിരുന്നു. ഷൈൻ മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് വ്യക്തമായിട്ടുണ്ട്. അന്വേഷണവുമായി ഷൈൻ സഹകരിക്കുന്നുണ്ട്. സിനിമാ മേഖലയിലെ മറ്റുള്ളവർ ലഹരി ഉപയോഗിക്കുന്നുവെന്ന തരത്തില്‍ ഷൈൻ മൊഴി നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സിനിമയുടെ ലൊക്കേഷനില്‍ ഷൈൻ ടോം ചാക്കോ നടി വിൻസി അലോഷ്യസിനോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം നടപടിയെടുക്കാൻ കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സിന്റെ മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഇരുവരുടെയും മൊഴികള്‍ ഐ.സി.സി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഐസിസി യോഗത്തില്‍ ഇരുവരും നേരിട്ട് ഹാജരായി.

ലൊക്കേഷനുകളിലെ മയക്കുമരുന്ന് ഉപഭോഗം, നടിമാരോട് മോശം പെരുമാറ്റം തുടങ്ങിയ പരാതികളില്‍ കർശനനടപടി സ്വീകരിക്കണമെന്ന് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ നിർദ്ദേശമുയർന്നു. മോശമായി പെരുമാറുകയോ ഷൂട്ടിംഗിന് തടസം വരുത്തുകയോ മന:പൂർവം വൈകിപ്പിക്കുകയോ ചെയ്യുന്നവരെ മാറ്റിനിറുത്തണമെന്നും സംഘടനാ പ്രതിനിധികള്‍ നിർദ്ദേശിച്ചു.

പരാതികള്‍ നല്‍കുന്നതിന്റെ നടപടിക്രമങ്ങള്‍ ഉള്‍പ്പെടെ വിശദീകരിച്ച്‌ ലഘുലേഖ തയ്യാറാക്കി താരങ്ങള്‍, സാങ്കേതിക പ്രവർത്തകർ, മറ്റു ജീവനക്കാർ, സംഘടനകള്‍ എന്നിവർക്ക് വിതരണം ചെയ്യാനും തീരുമാനിച്ചു. മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ ജി.സുരേഷ്‌കുമാറിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. ഫെഫ്ക പ്രതിനിധികള്‍ എത്തിയില്ല.

Advertisement