തിരുവനന്തപുരം. പരിപാടികളിൽ മുഖം കാണിക്കാൻ ഇടിച്ചു കയറുന്ന നേതാക്കളെ വിമർശിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം. ഏതു മഹത്തായ പരിപാടിയെയും ഇത്തരക്കാർ പരിഹാസ്യരാക്കുന്നു എന്ന് മുഖപ്രസംഗത്തിലൂടെയാണ് വിമർശനം. വീക്ഷണത്തിന്റെ വിമർശനം ശരി വെച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ. മുരളീധരനും രംഗത്തെത്തി.
കോഴിക്കോട് ഡി.സി.സി ഓഫീസിന്റെ ഉദ്ഘാടന സമയത്തെ ഉന്തും തള്ളുമാണ് മുഖപ്രസംഗത്തിന് കാരണമായത്. കോൺഗ്രസിനെ ഇടിച്ചുകയറിയും പിടിച്ചു തള്ളിയും അപകീർത്തിപ്പെടുത്തരുതെന്ന് പാർട്ടി മുഖപത്രത്തിൽ പറയുന്നു. വാർത്തയിൽ എങ്ങനെയും പേരും പടവും വരുത്തുക എന്ന നിർബന്ധ ബുദ്ധി വേണ്ട. സ്വന്തം പ്രവർത്തിയിലൂടെ പ്രസ്ഥാനത്തിൻ്റെ നിലയും വിലയും കളയരുതെന്നും നേതാക്കൾക്ക് വീക്ഷണം മുന്നറിയിപ്പ് നൽകി. ബൂത്തുതലം മുതൽ കെ.പി.സി.സി വരെയുള്ള ഭാരവാഹികളാണ് മാതൃക കാണിക്കേണ്ടത് എന്നും മുഖപ്രസംഗത്തിൽ പറയുന്നു. ചൂണ്ടിക്കാണിച്ച പ്രശ്നങ്ങൾ ശരിയെന്ന് സമ്മതിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, അച്ചടക്കത്തിനായുള്ള നടപടികൾ കെ.പി.സി.സി ആരംഭിച്ചു എന്നും അറിയിച്ചു.
ലേഖനത്തെ ന്യായീകരിച്ച് കെ. മുരളീധരനും രംഗത്തെത്തി.പാർട്ടിയിലെ ഉന്തും തള്ളും സംസ്കാരത്തെ യു.ഡി.എഫ് കൺവീനർ എം എം ഹസ്സൻ പരിഹസിച്ചു.ഇത്തരം നടപടികൾ ഒഴിവാക്കാൻ കെ.പി.സി.സി അച്ചടക്ക സമിതിയെ നിയോഗിക്കാൻ ഒരുങ്ങുകയാണ്.