കൊച്ചി:
ലഹരിക്കേസിൽ നാളെ നടൻ ഷൈൻ ടോം ചാക്കോ എറണാകുളം നോർത്ത് സ്റ്റേഷനിൽ ഹാജരാകുന്നത് ഒഴിവാക്കി. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നാളെ അന്വേഷണ സംഘം യോഗം ചേരും.ഷൈനെ എപ്പോൾ ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമെടുക്കും.മൊഴികൾ വിശദമായി പരിശോധിച്ച ശേഷം വിളിച്ചാൽ മതിയെന്ന് വിലയിരുത്തൽ.
അതിനിടെ ലഹരിക്കേസിൽ തനിക്കെതിരെ പോലീസ് എടുത്ത എഫ് ഐ ആർ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ കോടതിയെ സമീപിക്കാനൊരുങ്ങുന്നതായി പുതിയ വിവരം.
എഫ്‌ഐആർ റദ്ദാക്കാനുളള സാദ്ധ്യത തേടി നടൻ അഭിഭാഷകരെ സമീപിച്ചു. ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനുശേഷം നിയമനടപടികള്‍ തുടങ്ങിയേക്കുമെന്നാണ് വിവരം. ഫലം നടന് അനുകൂലമാണെങ്കില്‍ പൊലീസ് കളളക്കേസാണ് ചുമത്തിയതെന്ന വാദവുമായി ഹൈക്കോടതിയെ സമീപിക്കും.
വിവാദങ്ങള്‍ക്കിടയിലും ഷൈൻ ടോം ചാക്കോ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരാധകർക്ക് ഈസ്റ്റർ ആശംസകള്‍ നേർന്നതും ചർച്ചയായിരിക്കുകയാണ്. തന്റെ പുതിയ ചിത്രമായ എയ്‌ഞ്ചല്‍ നമ്പർ 16ന്റെ പോസ്റ്റർ പങ്കുവച്ചാണ് ഷൈൻ ഈസ്റ്റർ ആശംസകള്‍ നേർന്നിരിക്കുന്നത്. മലയാള സിനിമാ മേഖലയില്‍ രാസലഹരി ഉപയോഗം വ്യാപകമാണെന്നും ഷൈൻ ടോം ചാക്കോ ഇന്നലെ പൊലീസിനോട് പറഞ്ഞിരുന്നു. പല വലിയ നടൻമാരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് മൊഴി നല്‍കി. ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പഴികള്‍ കേള്‍ക്കുന്നത് താനും മറ്റൊരു നടനും മാത്രമാണെന്നും ഷൈൻ വ്യക്തമാക്കി.
കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനായി ഷൈനിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നടൻ നടത്തിയ ദുരൂഹമായ പണമിടപാടുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് നീക്കം. 2000 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയില്‍ വ്യക്‌തികള്‍ക്ക് കൈമാറിയ ഇടപാടുകളിലാണ് സംശയം. സമീപകാലത്ത് ഇത്തരത്തില്‍ നടന്ന 14 പണമിടപാടുകളെക്കുറിച്ച് വിശദമായ പരിശോധന നടത്തും. ഈ ഇടപാടുകള്‍ ലഹരിക്കു വേണ്ടിയുള്ള പണം കൈമാറ്റമായിരുന്നോവെന്നാണ് സംശയം. എന്നാല്‍ താൻ പലർക്കും കടം കൊടുത്ത പണമാണിതെന്നാണ് ഷൈൻ നല്‍കുന്ന വിശദീകരണം.