കടമ്പനാട് സ്വദേശിയായ നാല് വയസ്സുകാരന്റെ മരണം: അ‍ഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

706
Advertisement

കോന്നി ആനത്താവളത്തില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകി വീണ് നാലു വയസ്സുകാരൻ മരിച്ച സംഭവത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെ അ‍ഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കോന്നി ഡിഎഫ്ഒ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവരെ സ്ഥലം മാറ്റും. സുരക്ഷ ഉറപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ വരുത്തിയ അനാസ്ഥയാണ് കുട്ടി മരിക്കാൻ കാരണമായതെന്നും വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി.

ഇക്കോ ടൂറിസം കേന്ദ്രമായ കോന്നി ആനക്കൂടിന്‍റെ ചുമതലയുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ അനിൽകുമാർ, സുരക്ഷ ചുമതലയുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സലീം, സതീഷ്, സജിനി , സുമയ്യ, ഷാജി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവർവേറ്റർ നടത്തിയ അന്വേഷണത്തിൽ ഗുരുതര വീഴ്ച കണ്ടെത്തിയിരുന്നു.

അടൂര്‍ കടമ്പനാട് അജി-ശാരി ദമ്പതികളുടെ ഏക മകന്‍ അഭിരാം ആണ് വെള്ളിയാഴ്ച മരിച്ചത്. കല്ലേരി അപ്പൂപ്പന്‍ക്കാവ് ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം മടക്കയാത്രയില്‍ രാവിലെ അമ്മയ്ക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമാണ് അഭിരാം ആനത്താവളത്തിലെത്തിയത്. ഇളകി നില്‍ക്കുകയായിരുന്ന തൂണ്‍ കുട്ടി പിടിച്ചതിന് പിന്നാലെ തലയിലേക്ക് വീഴുകയായിരുന്നു.

അഭിരാമിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന ആവശ്യത്തിൽ യൂത്ത് കോൺഗ്രസും ആനക്കൂട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.നാലു വയസുകാരൻ അഭിരാമിന്‍റെ സംസ്കാരം നാളെ ഉച്ചയ്ക്ക് കടമ്പനാട്ടെ വീട്ടുവളപ്പിൽ നടക്കും.

Advertisement