കൊച്ചിയിൽ പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. എറണാകുളം സെൻട്രൽ എസ്.ഐ രാജേന്ദ്രൻ പിള്ള , സിപിഒ വിജീഷ് എന്നിവർക്കാണ് മർദനമേറ്റത്. സംഭവത്തിൽ കളമശേരി സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്തു.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ എറണാകുളം എംജി റോഡ് മെട്രോ സ്റ്റേഷന് സമീപം ഭിക്ഷാടനം നടത്തുന്ന സ്ത്രീയെ മർദിക്കുന്നത് ശ്രദ്ധയിൽ പെട്ട പട്രോളിംങ് സംഘത്തിന് നേരെയാണ് പ്രതിയുടെ ആക്രമണം. പിന്നാലെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കവെ ബ്ലേഡ് ഉപയോഗിച്ച് സ്വയം മുറിവേൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ കയ്യിൽ കരുതിയ വടിയുപയോഗിച്ച് അടിച്ചു പരിക്കേൽപ്പിച്ചു. എറണാകുളം സെൻട്രൽ എസ്.ഐ രാജേന്ദ്രൻ പിള്ളയുടെ കൈക്കും സിപിഒ വിജീഷിന്റെ മുഖത്തുമാണ് സാരമായി പരിക്കേറ്റത്.
സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരുടെ സഹായത്തോടെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിന്നാലെ അറസ്റ്റും രേഖപ്പെടുത്തി.