തിരുവനന്തപുരം . പഠിച്ച് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയിട്ടും ജോലിയെന്ന സ്വപ്നം നേടിയെടുക്കാനാവാതെ സമരം അവസാനിപ്പിച്ച് വനിത സിപിഒ റാങ്ക് ഹോള്‍ഡേഴ്സ്. സർക്കാർ കൈവിട്ടതോടെ 18 ദിവസം നീണ്ടുനിന്ന സമരം നിർത്തി കണ്ണീരോടെയാണ് ഉദ്യോഗാർത്ഥികള്‍ മടങ്ങുന്നത്. 967 പേർ ഉൾപ്പെട്ട ലിസ്റ്റിൽ നിന്ന് ഇതുവരെ 337 പേർക്കാണ് നിയമന ശുപാർശ കിട്ടിയത്.
ഊണും ഉറക്കവുമില്ലാതെ പഠിച്ചും കഷ്ടപ്പെട്ടും നേടിയെടുത്തതായിരുന്നു റാങ്ക് ലിസ്റ്റിലെ പേര്. പലകുടുംബ നായികമാരുടെയും അവസാന പ്രതീക്ഷ. ഇന്നല്ലെങ്കിൽ നാളെ ഒരു അഡ്വൈസ് മെമോ തങ്ങള്‍ക്കും കിട്ടുമെന്ന് കരുതി കാത്തിരുന്നത് വർഷങ്ങൾ. റാങ്ക് ലിസ്റ്റിൽ നിന്ന് മൂന്നിലൊന്ന് പേർക്ക് പോലും നിയമനം കിട്ടാതായതോടെ സെക്രട്ടറിയേറ്റിന് മുന്നിൽ പലവിധ സമരങ്ങള്‍.
മണ്ണിലിഴഞ്ഞും, കല്ലുപ്പിൽ നിന്നും, കൈവള്ളയിൽ കർപ്പൂരം കത്തിച്ചും സ്വയം കോമാളിയായുമൊക്കെ സർക്കാരിന്‍റെ കനിവിനായി കാത്തു. എല്ലാം കാക്കിയെന്ന സ്വപ്നത്തിനായി.
മുഖ്യമന്ത്രിയിലായിരുന്നു ഒടുവിലത്തെ പ്രതീക്ഷ. പ്രതീക്ഷിച്ച ഒഴിവുകളിൽ നിയമനം നടത്തിക്കഴിഞ്ഞെന്നാണ് സർക്കാർ വാദം.ആ പ്രതീക്ഷയും അവസാനിച്ചെങ്കിലും റാങ്ക് ലിസ്റ്റിൻറെ കാലാവധി അവസാനിക്കുന്ന ദിവസം വരെ പോരാടാൻ ആണ് ഉദ്യോഗാർത്ഥികൾ തീരുമാനിച്ചത്. ഒടുവിൽ എല്ലാം അവസാനിപ്പിച്ച് കലങ്ങിയ കണ്ണുകളും പിടയുന്ന മനസുമായി അവർ മടങ്ങുന്നു.പലർക്കും ഇനിയൊരു പരീക്ഷപോലും എഴുതാനാവില്ല. അങ്ങനെ ഇളകുന്നതല്ല സര്‍ക്കാര്‍ സംവിധാനമെന്ന് അധികൃതര്‍ക്ക് വാഴ്ത്തുപാടുന്നവര്‍ക്ക് വീമ്പിറക്കാം